News >> കാനഡയിലെ സീറോ മലബാര്‍ സഭാ എക്സാര്‍ക്കേറ്റ് പ്രഖ്യാപനം ഇന്ന്

ടൊറേന്റോ: കാനഡയിലെ സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകവും ഇന്നു നടക്കും. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗ വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളിയിലാണു ശുശ്രൂഷകള്‍. 

പ്രാദേശിക സമയം രാവിലെ പത്തിനു തുടങ്ങുന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. എക്സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ് കല്ലുവേലിലിനെ എക്സാര്‍ക്ക് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വാണിയപ്പുരയ്ക്കലും വായിക്കും. ഫാ. ജോസ് ആലയ്ക്കക്കുന്നേലാണ് ആര്‍ച്ച്ഡീക്കന്‍. മാര്‍ ജോസ് കല്ലുവേലില്‍ മറുപടിപ്രസംഗം നടത്തും. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നു മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുക്കും. 

പാലക്കാട് രൂപതാംഗമായ മാര്‍ കല്ലുവേലില്‍ 2013 മുതല്‍ ടൊറേന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി അജപാലന ശുശ്രൂഷയിലാണ്. മിസിസാഗയിലാണ് പുതിയ എക്സാര്‍ക്കേറ്റിന്റെ ആസ്ഥാനം.
Source: Deepika