News >> അതിക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് വത്തിക്കാന്‍റെ അംബാസഡര്‍മാര്‍


Source: Vatican Radio

കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ച് സെപ്തംബര്‍ 15-മുതല്‍ 17-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതികളുടെ സംഗമമാണ് പ്രത്യേക പ്രഖ്യാപനത്തിലൂടെ ലോകരാഷ്ട്രങ്ങളോട് സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന നടത്തിയത്. അഭ്യന്തരവും വംശീയവുമായ കലാപങ്ങളും അതിക്രമങ്ങളും നടക്കുന്ന രാഷ്ട്രങ്ങളോടാണ് വത്തിക്കാന്‍റെ 123 നയതന്ത്ര പ്രധിനിധികള്‍ ചേര്‍ന്ന് നീതിക്കും സമാധാനത്തിനുമായുള്ള അഭ്യര്‍ത്ഥന നടത്തിയത്.

കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവത്സരം ആഗോളസഭ ആചരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശുദ്ധസിംഹാസനത്തിന്‍റെ അംബാസി‍ഡര്‍മാര്‍ വത്തിക്കാനില്‍ മുന്നൂ ദിവസം സംഗമിച്ചത്. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന സമാപനസംഗമത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായമായിരുന്നു  രാഷ്ട്രത്തലവന്മാരോട്, വിശിഷ്യ അഭ്യാന്തരകലാപങ്ങളും അതിക്രമങ്ങളും പീഡനങ്ങളും നടമാടുന്ന രാഷ്ട്രത്തലവന്മാരോട് സമാധാനാഭ്യര്‍ത്ഥന നടത്താമെന്നത്. സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും, അതിക്രമങ്ങള്‍ നിര്‍ത്തലാക്കണമെന്നും ആയിരുന്നു  വിവിധ രാഷ്ട്രങ്ങളിലേയ്ക്കുള്ള വത്തിക്കന്‍റെ നയതന്ത്ര പ്രതിനിധികള്‍ ചേര്‍ന്നു നടത്തിയ പരിശുദ്ധ സിംഹാനസത്തിന്‍റെ പേരിലുള്ള രേഖാപരമായ അഭ്യര്‍ത്ഥന.

ന്യൂനപക്ഷമായ ക്രൈസ്തവര്‍, അവര്‍ ക്രൈസ്തവരായതുകൊണ്ടുമാത്രം വിവേചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ചില രാജ്യങ്ങളിലെ ഭീതിദമായ അവസ്ഥയും വത്തിക്കാന്‍റെ പ്രതിനിധികള്‍ സംയുക്ത പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിക്കുകയും, കാരുണ്യത്തിന്‍റെ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ നീതിക്കും സമാധാനത്തിനുമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.