News >> വിഭജനത്തിന്‍റെ പടവാളാകരുത് മാധ്യമങ്ങള്‍ : പാപ്പാ ഫ്രാന്‍സിസ്


Source: Vatican Radio

ഇറ്റലിയുടെ ദേശീയ മാധ്യമ കൗണ്‍സിലിലെ 500-ഓളം പ്രവര്‍ത്തകരെ സെപ്തംബര്‍ 22-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. കാരുണ്യത്തിന്‍റ ജൂബിലിവത്സരം പ്രമാണിച്ചാണ് ദേശീയ തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വത്തിക്കാനില്‍ സംഗമിച്ചത്.  പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...:

  1. മാധ്യമ ലോകത്തെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്‍റെ മുഖച്ഛായ സത്യസന്ധതയായിരിക്കണം. സത്യം അന്വേഷിച്ചു കണ്ടെത്തേണ്ടത് മാധ്യമ ലോകത്തിന്‍റെ ഉത്തരവാദിത്വമാണ്. സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണ്. അത് മാധ്യമ ലോകത്തിന്‍റെ വലിയ ധര്‍മ്മമവുമാണ്.  പത്രത്തിലോ, ടെലിവിഷനിലോ, ഇന്‍റെര്‍നെറ്റിലോ, ഏതു മാധ്യമത്തില്‍ പ്രവര്‍ത്തിച്ചാലും മാധ്യമ പ്രവര്‍ത്തകന്‍ വിശ്വാസിയല്ലെങ്കില്‍പോലും സത്യാന്വേഷികളായിരിക്കണം. ശ്രമകരമായ ഈ ഉത്തരവാദിത്ത്വം വെല്ലുവിളിയായി സ്വീകരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
        2. മനുഷ്യാന്തസ്സിനോട് ആദരവുള്ളവരുമായിരിക്കണം മാധ്യമപ്രവര്‍ത്തകര്‍. വാക്കുകള്‍ക്ക് കൊല്ലാനുള്ള ഭീതിദമായ കരുത്തുണ്ട്. അതിനാല്‍ മാധ്യമപ്രവര്‍ത്തം ഭീകരപ്രവര്‍ത്തനത്തിന്‍റെ രൂപമെടുക്കുന്ന അപകടം അതില്‍ പതിയിരിപ്പുണ്ട്. അനീതിയായും അസത്യമായും മാന്യതയില്ലാതെയും വാക്കുകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും വ്യക്തകളെയും പ്രസ്ഥാനങ്ങളെയും ഹനിക്കാന്‍ മാധ്യമങ്ങള്‍ക്ക് കരുത്തുണ്ട്. അതിനാല്‍ മാധ്യമ പ്രവര്‍ത്തനം നശീകരണത്തിന്‍റെ ആയുധമാക്കി മാറ്റരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

       3. ന്യായമായ വിമര്‍ശനവും തിന്മയുടെ തിരസ്കരണവും മാധ്യമ സ്വാഭാവമാണ്.  ഇതു ചെയ്യേണ്ടത് മാന്യതയോടും അപരനെ ആദരിച്ചുകൊണ്ടും, ജീവനും അന്തസ്സും മാനിച്ചുകൊണ്ടുമായിരിക്കണം. വിഭജനത്തിനുള്ള പടവാളോ, നശീകരണത്തിന്‍റെ തീനാളമോ ആവരുത് മാധ്യമങ്ങള്‍! മറിച്ച് അവ സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും ചാലകശക്തിയാകട്ടെ! സന്മനസ്സുള്ള മനുഷ്യര്‍ക്ക് പരിഹരിക്കാനാവാത്ത അതിക്രമങ്ങളും തിന്മയും ഇല്ലെന്ന സത്യം മാധ്യമപ്രവര്‍ത്തകര്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ്.