News >> ആത്മീയ ശൂന്യതയെ പ്രാര്‍ത്ഥനകൊണ്ട് മറികടക്കാം
Source: Vatican Radioസെപ്തംബര്‍ 27-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ അനുസ്മരണ ദിനമായിരുന്നു.
1. ആത്മീയ ശൂന്യത ഇന്നല്ലെങ്കില് നാളെ എല്ലാവര്‍ക്കും അനുഭവപ്പെടാംജോബ് ജീവിതക്ലേശങ്ങളില്‍ അമര്‍ന്നുപോയി. എല്ലാം നഷ്ടപ്പെട്ടവനായി. തന്‍റേതായ വസ്തുവകകളും, എന്തിന് മക്കളെപ്പോലും അയാള്‍ക്ക് നഷ്ടമായി. നഷ്ടബോധം അയാളെ തളര്‍ത്തിയെങ്കിലും അയാള്‍ ദൈവത്തെ ശപിച്ചില്ല. ജീവിതത്തിന്‍റെ ശൂന്യത ജോബ് ദൈവത്തിന്‍റെ മുന്നില്‍ ഒരു കുഞ്ഞ് പിതാവിന്‍റെ മുന്നില്‍ എന്നപോലെ ഇടതോരാതെ പറയുന്നു. ദൈവത്തോടു പുലമ്പുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ജോബ് ദൈവദൂഷണം പറയുന്നില്ല. അത് വലുതോ ചെറുതോ ആകാം. ആത്മാവ് ഇരുട്ടില്‍ അമര്‍ന്നും, പ്രത്യാശ നഷ്ടപ്പെട്ടും സംശയാലുവായി മാറുന്നു. ജീവിക്കാനുള്ള ആഗ്രഹംപോലും നഷ്ടപ്പെടുന്നു. തുരംഗത്തിന്‍റെ അന്ത്യം കണ്ടെത്താന്‍ വിഷമിക്കുന്നനെപ്പോലെ ഹൃദയവ്യഥയില്‍ മുങ്ങി വ്യക്തി നിരാശപ്പെടുന്നു. ശൂന്യത ആത്മാവിനെ ഞെരുക്കുന്നു. പരാജയത്തിന്‍റെ നഷ്ടബോധത്തിലും നിരാശയിലും അമര്‍ന്ന് വ്യക്തി മരണഗര്‍ത്തില്‍ അമരുന്ന അനുഭവത്തിലേയ്ക്കു താഴുന്നു. ഇതിലും ഭേദം മരിക്കുകയാണ് - ജോബിന്‍റെ വിലാപം ഇതാണ്. ജീവിക്കുന്നതിലും ഭേദം മരിക്കുകയാണെന്ന് അയാള്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. മനുഷ്യഹൃദയങ്ങള്‍ വിഷാദത്തിന്‍റെ വേലിയേറ്റത്തില്‍പ്പെടുന്ന നിമിഷങ്ങളെ തിരിച്ചറിയേണ്ടതാണ്. നമ്മുടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണത്. ശക്തമായോ ലോലമായോ നാം എല്ലാവരും ഇങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നുപോകും. എന്നെ നിരാശയുടെ ഗര്‍ത്തത്തില്‍ അമര്‍ത്തുന്ന കുടുംബജീവിതത്തിന്‍റെയോ, രോഗങ്ങളുടെയും മനോവ്യഥയുടെയും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ നാം എന്തുചെയ്യും? ഉറക്കുമരുന്നിനെ ആശ്രയിക്കുമോ? മദ്യപിക്കുമോ? ഇതൊന്നും നമ്മെ സഹായിക്കുന്നില്ല. അവ പ്രതിവിധിയുമല്ല. നിരാശയുടെ നിമിഷങ്ങളെ പ്രകാശപുര്‍ണ്ണമാക്കാനുള്ള വെളിച്ചം പഴയനിയമത്തിലെ ജോബിന്‍റെ മാതൃക നമുക്കു തരുന്നു.
2. നഷ്ടബോധത്തില്‍ അമരുമ്പോള്‍ ദൈവത്തെ മുട്ടിപ്പായി വിളിച്ചപേക്ഷിക്കുക."കര്‍ത്താവ് എന്‍റെ നിലവിളിയുടെ സ്വരം കേട്ടു! എന്‍റെ നിലവിളിക്ക് അവിടുന്ന് ചെവിചായ്ച്ചു." സങ്കീര്‍ത്തകന്‍ (87) പ്രത്യുത്തരിക്കുന്നത് ഇപ്രകാരമാണ്. നാം വിളിക്കണം, രാവും പകലും നിരന്തരമായി ദൈവത്തെ വിളിച്ചപേക്ഷിക്കണം. അവിടുന്നു നമ്മുടെ രോദനം കേള്‍ക്കും.കര്‍ത്താവേ, എന്‍റെ ജീവിതം ദൗര്‍ഭാഗ്യങ്ങളുടെ കൂമ്പാരമാണേ! ഞാന്‍ നരക ഗര്‍ത്തത്തിലാണേ! കെല്പില്ലാതെ ഞാന്‍ വീഴുകയാണ്. ജീവിത പരാജയങ്ങളുടെ പടുകുഴിയിലേക്കു വീഴുകയാണ്. ഇങ്ങനെ ദൈവത്തെ ഇടതടവില്ലാതെ മുട്ടിവിളിക്കുന്ന രീതിയാണ് യഥാര്‍ത്ഥമായ പ്രാര്‍ത്ഥന. ശൂന്യതയുടെയും നിസ്സഹായതയുടെയും നിമിഷങ്ങളില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് ദൈവംതന്നെ വെളിവു തരും.
3. ശക്തി ക്ഷയിക്കുമ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയംതേടാം.പ്രതിസന്ധികളില്‍ എങ്ങനെ മുന്നേറണമെന്ന് ദൈവം നമ്മെ പഠിപ്പിക്കും. എന്നെ ഗര്‍ത്തത്തിലേയ്ക്ക് എറിഞ്ഞ കര്‍ത്താവ് എന്‍റെ പ്രാര്‍ത്ഥന ശ്രവിക്കും, കൈപിടിച്ചുയര്‍ത്തും, എന്നെ രക്ഷിക്കും. ജീവിതത്തിന്‍റെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലും നിരാശപ്പെടാതെ, നഷ്ടധൈര്യരാവാതെ ദൈവത്തിലേയ്ക്കു തിരിയാം. പുത്രസഹജമായ വാത്സല്യത്തോടും വിശ്വാസത്തോടുംകൂടെ ദൈവത്തിങ്കലേയ്ക്ക് തിരിയാം. ഇതു പ്രാര്‍ത്ഥനയാണ്.
4. നിശ്ശബ്ദതയും പ്രാര്‍ത്ഥനയും സാമീപ്യവുമാണ് സാന്ത്വനം.ജോബ് തന്‍റെ സുഹൃത്തുക്കളുടെ നിശ്ശബദതയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വേദനിക്കുന്ന മനുഷ്യനെ ചിലപ്പോള്‍ വാക്കുകള്‍ വേദനിപ്പിച്ചേക്കാം. അതിനാല്‍ സംസാരിക്കണമെന്നില്ല. എന്നാല്‍ സാമീപ്യം സാന്ത്വനമാണ്. വേദനിക്കുന്നവരുടെ മുന്നില്‍ വാക്കുകള്‍ക്ക് പ്രസക്തിയില്ല. നിശ്ശബ്ദതയും സാമീപവും പ്രാര്‍ത്ഥനയുമാണ് സമാശ്വാസം. പ്രത്യാശ അറ്റ് നാം ഇരുട്ടിലാഴുന്ന ആത്മീയശൂന്യതയെ തിരിച്ചറിയണം. വലിയ വാഗ്ദാനങ്ങള്‍ വേദനയുടെ അവസരത്തില്‍ അസ്ഥാനത്താണ്. അവ സഹായത്തെക്കാള്‍ ഉപദ്രവമായിരിക്കും.
സങ്കീര്‍ത്തകനെപ്പോലെ നമുക്കു പ്രാര്‍ത്ഥിക്കാം (സങ്കീ. 87). ദൈവമേ, എന്‍റെ പ്രാര്‍ത്ഥന അങ്ങേ മുന്നില്‍ എത്തുമാറാകട്ടെ! ആത്മീയ ശൂന്യത തിരിച്ചറിയാനും, വേദനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുവാനും, വേദനിക്കുന്നവര്‍ക്ക് നിശ്ശബ്ദമായ സാന്ത്വന സാമീപ്യമാകുവാനും വരം തരണമേ! ഈ പ്രാര്‍ത്ഥനയോടെയാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്.