News >> കാഷ്മീരിൽ സമാധാനപ്രാർത്ഥനകൾ ഉയരുന്നു
Source: Sunday Shalom
ശ്രീനഗർ: കലാപകലുഷിതമായ അന്തരീക്ഷം നിലനില്ക്കുന്ന ജമ്മു-കാഷ്മീരിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റ് 4,000 പട്ടാളക്കാരെ കാഷ്മീരിലേക്ക് അയക്കാൻ തീരുമാനം എടുത്ത സമയത്ത് തുറന്ന് ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനായി കത്തോലിക്കാ സഭ നടത്തുന്ന ശ്രമങ്ങൾ വേറിട്ടതായി.
സമാധാനശ്രമങ്ങളുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകസമാധാനദിനമായ സെപ്റ്റംബർ 21-ന് സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു. ജമ്മു-ശ്രീനഗർ രൂപത, കാരിത്താസ് ഇന്ത്യ, ഹോളി ഫാമിലി ഇടവക, സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശ്രീനഗറിൽ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചത്. ഫ്രണ്ട്ഷിപ്പ് കാമ്പയിൻ എന്ന പേരിൽ 30-40 വിദ്യാ ർത്ഥികളെ ഉൾപ്പെടുത്തി പീസ് ക്ലബുകൾ രൂപീകരിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്.
ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാഷ്മീരിലെ ജനമനസുകളിൽ ഉണ്ടായ മുറിവുണക്കുന്നതിനും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പഴയ കാലത്തേക്ക് നാടിനെ തിരികെ കൊണ്ടുവരുന്നതിനുമായും പ്രാർത്ഥനകൾക്കും തുടക്കംകുറിച്ചു. ജനമനസുകളെ കീഴടക്കിയ ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ചിന്താഗതികളെ ആത്മീയ നിറവുകൊണ്ട് പരിഹരിക്കുന്നതിനായി രൂപതയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്കും ചർച്ചകൾക്കും രൂപം നൽകി. കഴിഞ്ഞ ജൂലൈ എട്ടിന് വിഘടനവാദി നേതാവ് ബുർഹാൻ വാനി പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതിനെത്തുടർന്നാണ് കാഷ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വിഘടനവാദി നേതാക്കളുടെ സമരാഹ്വാനത്തെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, ഗവൺമെന്റ് ഓഫീസുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിശ്ചലമായിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് ഇന്റർനെറ്റ്-മൊബൈൽ സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തി.ജമ്മു-കാഷ്മീരിൽ ഇപ്പോഴത്തെ സംഘർഷത്തിൽ 81 കൊല്ലപ്പെടുകയും ഏതാണ്ട് 10,000 പേർക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. കൊല്ലപ്പെടുകയും പരിക്കുപറ്റുകയും ചെയ്തവരിൽ അധികവും യുവജനങ്ങളാണ്. പട്ടാളത്തിന്റെ പെല്ലറ്റ് പ്രയോഗത്തിലൂടെ അനേകരുടെ കാഴ്ചശക്തി ഭാഗികമായോ പൂർണമായോ നഷ്ടപ്പെട്ടു.