News >> അത്ഭുത രോഗശാന്തി: പുതിയ നിർദേശങ്ങളുമായ് വത്തിക്കാൻ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിൽ നിർണായകമായ അത്ഭുത രോഗസൗഖ്യങ്ങൾ സ്ഥിരീകരിക്കുന്നതുമായ് ബന്ധപ്പെട്ട് വത്തിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അത്ഭുത രോഗശാന്തികൾ പരിശോധിക്കുന്ന മെഡിക്കൽ സംഘത്തിൽ ഇനിമുതൽ ആറ് അംഗങ്ങൾ ഉണ്ടാകണം. സൗഖ്യം വൈദ്യശാസ്ത്രത്തിനതീതമായ ഒന്നാണെന്ന് ഈ സംഘത്തിലെ മൂന്നിൽ രണ്ട് ഭാഗം ഡോക്ടറുമാരും സമ്മതിച്ചാൽ മാത്രമേ സാക്ഷ്യം സാധുവാകൂ. ഇതിനു മുമ്പ് മെഡിക്കൽ സംഘാംഗങ്ങളുടെ നേരിയ ഭൂരിപക്ഷം മാത്രമേ അത്ഭുത സ്ഥിരീകരണത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ.
രോഗസൗഖ്യം നടന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽതർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ മെഡിക്കൽ സംഘം ഇനി മുതൽ മൂന്നു തവണയായിരിക്കും പരമാവധി പരിഗണിക്കുക. തർക്കങ്ങൾ നിലനിൽക്കുന്ന രോഗസൗഖ്യങ്ങളുടെ റിപ്പോർട്ടുകൾ ഏഴു പേരടങ്ങിയ മെഡിക്കൽ സംഘത്തിന്റെ മുന്നിലാണ് പരിശോധിക്കപ്പെടുക. പഴയ മെഡിക്കൽ സംഘത്തെ മാറ്റിയശേഷം പുതിയ മെഡിക്കൽ സംഘമായിരിക്കും ആ പ്രത്യേക കേസ് പരിഗണിക്കുക. വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നവരുടെ പോസറ്റുലേറ്റർ അറിയാതിരിക്കാൻ, മെഡിക്കൽ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
ചരിത്രപരവുമായി കൂടുതൽ കൃത്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് മെഡിക്കൽ സംഘത്തെ സംബന്ധിച്ച് വത്തിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതെന്ന്, മാധ്യമങ്ങൾക്ക് മുൻപാകെ പരിഷ്‌ക്കരണങ്ങൽ വിശദീകരിച്ച കോൺഗ്രിഗേഷൻ ഓഫ് സെയ്ന്റ്‌സിന്റെ സെക്രട്ടറി ആർച്ച്ബിഷപ്പ് മാർസിലോ ബർടോലൂകി വിശദീകരിച്ചു.