News >> മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ്

എര്‍ബില്‍ (കുര്‍ദിസ്ഥാന്‍): ആഗോള പൌരസ്ത്യ സുറിയാനി സഭയുടെ 121-ാം പാത്രിയര്‍ക്കീസായി ഇറാക്ക്, റഷ്യ രാജ്യങ്ങളുടെ മെത്രാപ്പോലീത്തയായ മാര്‍ ഗീവര്‍ഗീസ് സ്ളീവ തെരഞ്ഞെടുക്കപ്പെട്ടു. മാറന്‍ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ എന്ന പേരു സ്വീകരിച്ച പുതിയ പാത്രിയര്‍ക്കീസ് ഈ മാസം 27നു സ്ഥാനമേല്ക്കും.

ഇറാക്കിലെ കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബിലിലെ മാര്‍ യോഹന്നാന്‍ മാംദാന കത്തീഡ്രലിലാണു അഭിഷേക ശുശ്രൂഷകള്‍ നടക്കുക. രാവിലെ എട്ടിനാരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ സഭയുടെ മേലധ്യക്ഷനും പാത്രിയര്‍ക്കീസിന്റെ ചുമതല വഹിക്കുന്നയാളുമായ മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. 

തുടര്‍ന്നു നടക്കുന്ന പൌരസ്വീകരണത്തില്‍ കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രി നച്ചീര്‍വന്‍ ബര്‍സാനി അനുമോദന പ്രസംഗം നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും പ്രതിനിധികളും സംബന്ധിക്കും.

ബുധനാഴ്ച ആരംഭിച്ച പരിശുദ്ധ സുനഹദോസിന്റെ മൂന്നാം ദിനമായ ഇന്നലെയാണു പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Source: Deepika