News >> പാപ്പ ഏഷ്യയിലേക്ക്; ലക്ഷ്യം ജോർജിയയും അസർബൈജാനും
Source: Sunday Shalom
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ജോർജിയ- അസർബൈജാൻ അപ്പസ്‌തോലിക പര്യടനം സെപ്തംബർ 30ന് ആരംഭിക്കും. തെക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പാപ്പ നടത്തുന്ന മൂന്നു ദിവസത്തെ അജപാലന സന്ദർശനം പാപ്പയുടെ 16-ാമത് അപ്പസ്‌തോലികയാത്രയാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ദരിദ്രരായ, ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളാണ് ജോർജിയയും അസർബൈജാനും.
ജോർജിയിലാണ് ഫ്രാൻസിസ് പാപ്പആദ്യം എത്തുന്നത് . ജനസംഖ്യയുടെ എട്ട് ശതമാനം ക്രൈസ്തവരുള്ളതിൽ 0.8% മാത്രമാണ് കത്തോലിക്കർ. ഇവർ അർമേനിയൻ ബൈസന്റൈൻ പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളാണ്. റഷ്യൻ, ജോർജിയൻ ഓർത്തഡോക്‌സ് ക്രൈസ്തവരാണ് ജോർജിയയിൽ അധികവും. ജനസംഖ്യയുടെ അഞ്ച് ശതമാനംമാത്രം ക്രൈസ്തവരുള്ള രാജ്യമാണ് അസർബൈജാൻ. അതുപോലെ അസർബൈജാനിലെ ക്രൈസ്തവരും അധികവും ഓർത്തഡോക്‌സുകാരാണ് അവരിൽ കൂടുതലും. കത്തോലിക്കർ അധികവും അർമേനിയൻ സഭാംഗങ്ങളാണ്.
സെപ്തംബർ 30ന് രാവിലെ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന പാപ്പ അന്ന് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.00ന് ജോർജിയയുടെ തലസ്ഥാനമായ തിബിലീസിലെത്തും. ആദ്യ ദിനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ചെലവഴിക്കും. പിറ്റേന്ന് രാവിലെ 10.00ന് മെസ്‌കി സ്റ്റേഡിയത്തിൽ ജനങ്ങൾക്കൊപ്പം പാപ്പ സമൂഹബലിയർപ്പിക്കും. വൈദികരും സന്യസ്തരും മതാധ്യാപകരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദർശനം എന്നിവയും ജോർജിയയിലെ പരിപാടികളിൽ ഉൾപ്പെടുന്നു.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടം അസർബൈജാനിലാണ്. രണ്ടാം തിയതി രാവിലെ തലസ്ഥാന നഗരമായ ബാക്കുവിലെ ഹൈദർ ആലി രാജ്യാന്തര വിമാനത്താവളത്തിൽ പാപ്പ എത്തും. അമലോത്ഭവനാഥയുടെ നാമത്തിൽ ബാക്കുവിലുള്ള ദൈവാലയത്തിൽ രാവിലെ ജനങ്ങൾക്കൊപ്പം സമൂഹബലിയർപ്പിക്കും. ഇസ്ലാമിക സമൂഹവുമായുള്ള കൂടിക്കാഴ്ച, മറ്റു മതസമൂഹങ്ങളുമായുള്ള നേർക്കാഴ്ച, രാഷ്ട്രപ്രതിനിധികളുമായുള്ള സമ്മേളനം എന്നിവയാണ് മൂന്നാം ദിവസത്തെ പരിപാടിയിലെ ശ്രദ്ധേയമായ ഇനങ്ങൾ.
അന്ന് വൈകിട്ട് 7.00ന് അസർബൈജാനിലെ ബാക്കു രാജ്യാന്തര വിമാനത്താവളത്തിൽ നടത്തപ്പെടുന്ന ഔദ്യോഗിക യാത്രയയപ്പോടെ ഫ്രാൻസിസ് പാപ്പയുടെ ഏഷ്യയുടെ തെക്കു കിഴക്കൻ അതിർത്തിയിലേയ്ക്കുള്ള പ്രേഷിതയാത്ര അവസാനിക്കും.