News >> സഭയെ നിയന്തിക്കാൻ അണിയറനീക്കം; വത്തിക്കാൻ- ചൈനീസ് ചർച്ച ഉലയും

Source: Sunday Shalom


ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ചൈനീസ് ഭരണകൂടത്തിന്റെ അണിയറനീക്കം വത്തിക്കാനും ചൈനയുമായി നടത്തുന്ന ചർച്ചയ്ക്ക് വെല്ലുവിളിയാകുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിദേശത്തുനിന്ന് ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന കർശന നിർദേശം ബില്ല് മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇത് സത്യമാണെങ്കിൽ കത്തോലിക്കാസഭയെ തന്നെയാണ് ചൈനീസ് ഭരണകൂടം ലക്ഷ്യംവെക്കുന്നതെന്നും അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സുവിശേഷം പ്രഘോഷിക്കാൻ വിദേശത്തുനിന്ന് മിഷ്ണറിമാരെ ചൈനയിലേക്ക് കൊണ്ടുവരരുതെന്ന നിയമം രാജ്യത്ത് ഇപ്പോൾത്തന്നെയുണ്ട്.

രാജ്യത്തെ മതസ്വാതന്ത്ര്യവും മതങ്ങളുടെ പ്രവർത്തനവും നിയന്ത്രിക്കുകയാണ് പുതിയ നിയമ നിർമാണത്തിലൂടെ ചൈനീസ് സർക്കാർ ലക്ഷ്യംവെക്കുന്നത്. വിദേശത്തുനിന്നുള്ള ഒരു ശക്തികളെയും തങ്ങളുടെ രാജ്യത്തെ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അനുവദിക്കില്ലെന്ന് ബിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചൈനയിലേക്കുള്ള ബിഷപ്പുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിൽ ശക്തമായ ചർച്ച നടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

രാജ്യം അംഗീകരിക്കാത്ത പുരോഹിതർക്ക് മതപരമായ ചടങ്ങുകൾ നടത്തി നൽകാൻ ശക്തമായ വിലക്കുണ്ടാകുമെന്നും ബില്ലിൽ പറയുന്നുണ്ട്. ആരാധനാലയങ്ങൾ പണിയുന്നതിനുള്ള വിലക്ക് കൂടുതൽ കർശനമാക്കണമെന്ന വ്യവസ്ഥയും അപകടമാണ്. ആയിരക്കണക്കിനു ക്രൈസ്തവ ദൈവാലയങ്ങൾ പല കാരണങ്ങളും ഉന്നയിച്ച് തകർക്കുന്നത് ചൈനയിൽ പതിവാണിപ്പോൾ.പുതിയ ബിൽ വരുന്നതോടെ ഇത് കൂടുതൽ ശക്തമാകാനിടയുണ്ട്.

ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങളിലൂടെയുള്ള വിശ്വാസ പ്രചാരണത്തിനും വിലക്കുണ്ടാകും. മതങ്ങളെ നിയന്ത്രിക്കാനാണ് പുതിയ ബിൽ കൊണ്ടുവരുന്നതെങ്കിലും അത് കൂടുതൽ ദോഷം ചെയ്യുക ക്രൈസ്തവ സഭകൾക്കാണ്. ചൈനയുടെ വിപ്ലവ ആശയങ്ങളെയും സ്വാതന്ത്ര്യത്തെയും എല്ലാ മതങ്ങളും പിൻതുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ കണക്കിലെടുക്കുമ്പോൾ ഇപ്പോൾതന്നെ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുന്ന ക്രൈസ്തവരുടെ അവസ്ഥ ഭീകരമാകാനാണ് സാധ്യത.