News >> ദൈവത്തിന് ക്ഷമിക്കാൻ കഴിയും പിന്നെ നിങ്ങൾക്കെന്താ പറ്റാത്തത്?

Source: Sunday Shalom


വത്തിക്കാൻ സിറ്റി: ദൈവം എന്നോട് ക്ഷമിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കാത്തത്? ഞാൻ ദൈവത്തെക്കാൾ വലിയവനാണോ? സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പൊതുദർശനത്തിനെത്തിയ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പയുടെ ചോദിച്ച ചോദ്യമാണിത്. ക്ഷമയെയും കാരുണ്യത്തെയും കുറിച്ചുള്ള പ്രബോധനത്തിൽ എപ്രകാരമാണ് പിതാവിനെപ്പോലെ നമുക്ക് കാരുണ്യമുള്ളവരാകുവാൻ സാധിക്കുക എന്നതിനെക്കുറിച്ച് പാപ്പ വചനത്തിന്റെ വെളിച്ചത്തിൽ വിചിന്തനം നടത്തി.

പിതാവിനെപ്പോലെ കരുണയുള്ളവരാവുക എന്നത് മനോഹരമായ ആപ്തവാക്യമല്ലെന്നും ജീവിതം മുഴുവൻ നീണ്ടുനിൽക്കേണ്ട പ്രതിബദ്ധതയാണെന്നും പാപ്പ പറഞ്ഞു. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്ന സുവിശേഷവചനവുമായി പാപ്പ ഇതിനെ തുലനം ചെയ്തു. മലയിലെ പ്രസംഗത്തിൽ പൂർണത സ്‌നേഹത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ദൈവം പഠിപ്പിക്കുന്നു. കരുണാർദ്രമായ സ്‌നേഹമാണ് പൂർണതയെന്ന് വിശുദ്ധ ലൂക്കാ സുവിശേഷകനും പഠിപ്പിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പൂർണനായിരിക്കുക എന്നാൽ കരുണയുള്ളവനായിരിക്കുക എന്നാണർത്ഥം. കരുണയില്ലാത്ത ഒരു മനുഷ്യന് പൂർണനാകുവാനൊ നല്ലവനായിരിക്കുവാനോ സാധിക്കുകയില്ല. നയുടെയും പൂർണതയുടെയും വേരുകൾ കാരുണ്യത്തിലാണ് അടങ്ങിയിരിക്കുന്നത്. ദൈവം പരിപൂർണനാണെന്നുള്ളതിൽ സംശയമില്ല. കേവല അർത്ഥത്തിൽ ഈ പരിപൂർണതയിലേക്ക് മനുഷ്യന് നടന്നടുക്കുവാൻ സാധ്യമല്ല. എന്നാൽ കരുണാർദ്രനായ പിതാവിനെ മനുഷ്യന് കൂടുതൽ മനസിലാക്കുവാൻ സാധിക്കും.

വാസ്തവത്തിൽ മനുഷ്യന് ദൈവത്തെപ്പോലെ സ്‌നേഹിക്കുവാനും കരുണ പ്രകടിപ്പിക്കുവാനും സാധ്യാണോ? ദൈവവും മനുഷ്യനും തമ്മിലുള്ള പ്രണയകഥയിലെ ഉച്ചകോടിയായിരുന്നു കാൽവരിയിലെ യേശുവിന്റെ കുരിശുമരണം. പരിധിയില്ലാത്ത ഈ സ്‌നേഹത്തിന്റെ മുമ്പിൽ നമ്മുടെ സ്‌നേഹം എപ്പോഴും കുറവുളളതായിരിക്കുമെന്ന് വ്യക്തമാണ്. പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവാനുള്ള യേശുവിന്റെ ക്ഷണം പിതാവിന്റെ കരുണയുടെ സാക്ഷ്യവും അടയാളവുമാകുവാനുള്ള വിളിയാണ്. കരുണയുടെ സാക്ഷിയാകാനാണ് ഒരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധിയുടെ പാതയിലുള്ള സഞ്ചാരത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്; പാപ്പ വിശദീകരിച്ചു.

ക്ഷമയും നൽകലുമാണ് കാരുണ്യത്തിന്റെ നെടുംതൂണുകളെന്ന് പാപ്പ തുടർന്നു. ദൈവം എന്നോട് ക്ഷമിച്ചതുകൊണ്ട് ഞാനും ക്ഷമിക്കണം. പാപം ചെയ്യുന്ന നമ്മുടെ സഹോദരനെ വിധിക്കുന്നതും പാപമാണ്. പാപത്തിന്റെ ഗൗരവം കുറച്ചു കാണുന്നതുകൊണ്ടല്ല മറിച്ച് വിധിക്കുമ്പോൾ ഞാനും പാപിയുമായുള്ള സാഹോദര്യബന്ധത്തിന് കോട്ടം തട്ടുന്നു. അങ്ങനെ ചെയ്യുമ്പോൾ ദൈവകാരുണ്യത്തെ നാം കളിയാക്കുകയാണ് ചെയ്യുന്നത്. അവനെ വിധിക്കാതെ മാനസാന്തരത്തിന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ട് വരുകയാണ് നാം ചെയ്യേണ്ടത്. കരുണാർദ്രമായ സ്‌നേഹം മാത്രമാണ് മുമ്പോട്ടുള്ള പാത. നാമെല്ലാവരും കുറച്ചുകൂടി കരുണയുള്ളവരായി മാറണം.. മറ്റുള്ളവരെ വിധിക്കാതെ, അവരെക്കുറിച്ച് മോശമായവ പറയാതെ, വിമർശനം കൊണ്ട് അവരെ കുത്തിനോവിപ്പിക്കാതെ, അസൂയയും കുശുമ്പും ഒഴിവാക്കിക്കൊണ്ട്; പാപ്പ ഉദ്‌ബോധിപ്പിച്ചു.