News >> പൗരസ്ത്യ-ലാറ്റിൻ വ്യത്യാസങ്ങൾ പരിഹരിച്ചു,ലാറ്റിൻ കാനൻ നിയമത്തിന് പരിഷ്‌കരണം
Source: Sunday Shalom
വത്തിക്കാൻ സിറ്റി: പൗരസ്ത്യ-ലാറ്റിൻ കാനൻ നിയമങ്ങളിലുണ്ടായിരുന്ന വ്യത്യാസങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി 11 ലാറ്റിൻ കാനൻ നിയമങ്ങൾ പരിഷ്‌കരിച്ചു. 15 വർഷം നീണ്ട ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് ലാറ്റൻ കാനൻ നിയമങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് ഇരു നിയമങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യത്യാസങ്ങൾ പരിഹരിക്കാൻ തീരുമാനമായതെന്ന് നിയമരേഖകൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ബിഷപ് ജുവാൻ ഇഗ്നേഷ്യോ അരീറ്റാ പറഞ്ഞു.
പൗരസ്ത്യസഭയിൽ വിവാഹം ആശിർവദിക്കാൻ വൈദികന് മാത്രമാണ് അധികാരമുള്ളത്. ലാറ്റിൻ റീത്തിൽ ഡീക്കൻമാർ്ക്കും വിവാഹമെന്ന കൂദാശ പരികർമ്മം ചെയ്യുവാനുള്ള അധികാരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഒരു ലാറ്റിൻ റീത്തിലുള്ള വ്യക്തിയും പൗരസ്ത്യസഭയിലുള്ള വ്യക്തിയും തമ്മിലുള്ള വിവാഹം പുതിയ നിയമപ്രകാരം വൈദികർക്ക് മാത്രമെ പരികർമ്മം ചെയ്യുവാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ. ഇത്തരത്തിലുള്ള സാഹചര്യങ്ങളെക്കുറിച്ച് മുമ്പ് ലാറ്റിൻ സഭയുടെ നിയമത്തിൽ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നില്ല. ലാറ്റിൻ സഭയുടെ കാനൻ നിയമത്തിൽ ഇപ്പോൾ നടത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും തന്നെ ഇത്തരത്തിൽ മുമ്പ് വിഭാവനം ചെയ്യാത്ത പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ളതാണെന്ന് ബിഷപ് അരീറ്റാ പറഞ്ഞു. 1990ൽ പുറത്തിറക്കിയ പൗരസ്ത്യ കാനൻ നിയമങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചിരുന്നുവെന്നും പൗരസ്ത്യ കത്തോലിക്കർ ലാറ്റിൻ സഭയുടെ കീഴിലുള്ള പ്രദേശങ്ങളിലേക്ക് കൂടുതലായി കുടിയേറിപ്പാർക്കുന്ന ഈ കാലഘട്ടത്തിൽ ലാറ്റിൻ റീത്തിലുള്ള അജപാലകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകേണ്ടത് ആവശ്യമാണെന്നും ബിഷപ് അരീറ്റാ വ്യക്തമാക്കി.
പൗരസ്ത്യസഭകളുടെ കാനൻ നിയമത്തിൽ പിന്തുടരുന്ന എക്യുമെനിക്കലായ ചില നിയമങ്ങളും പുതിയ പരിഷ്‌കാരങ്ങളോടെ ലാറ്റിൻ സഭയുടെ കാനൻ നിയമത്തിന്റെ ഭാഗമാകും. ഓർത്തഡോക്‌സ് വൈദികരുടെ അഭാവത്തിൽ ഓർത്തഡോക്‌സ് മാതാപിതാക്കളുടെ കുട്ടിക്ക് കത്തോലിക്ക വൈദികർക്ക് മാമ്മോദീസ നൽകാമെന്നും ഈ സാഹചര്യത്തിൽ അത് കത്തോലിക്ക ഇടവകയുടെ മാമ്മോദീസാ രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഓർത്തഡോക്‌സ് ഇടവകയുടെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനായി സാക്ഷ്യപത്രം നൽകണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. കത്തോലിക്ക സഭയുമായി പൂർണമായ ഐക്യം പുലർത്താത്ത സഭയിലെ വൈദികർക്ക് ലാറ്റിൻ ബിഷപ്പുമാരുടെ അനുവാദത്തോടെ പൗരസ്ത്യസഭകളിലുള്ളവരുടെ വിവാഹം ആശിർവദിക്കാനുള്ള അനുവാദവും പുതിയ നിയമപ്രകാരമുണ്ടായിരിക്കും. ഒരേ വിശ്വാസം പുലർത്തുന്ന സഭകളാണെങ്കിലും ലാറ്റിൻ സഭയും പൗരസ്ത്യസഭകളും വ്യത്യസ്തങ്ങളായ നിയമപാരമ്പര്യങ്ങളാണ് പിന്തുടരുന്നതെന്ന് ഒസർവത്തേരൊ റൊമാനോയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിഷപ് അരീറ്റാ വ്യക്തമാക്കി.