News >> ലത്തീൻ ആരാധാന ക്രമനവീകരണ നിർദേശം മാർഗരേഖയായി
Source: Sunday Shalom
ബംഗളൂരു: ലത്തീൻ ലിറ്റർജി ആഘോഷങ്ങൾ കൂടുതൽ അർത്ഥപൂർണമാക്കുന്നതിനുള്ള നിർദേശങ്ങൾ സിസിബിഐ പ്രസിദ്ധീകരിച്ചു. ബംഗളൂരൂവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയനസസിൽ നടന്ന സിസിബിഐ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സിസിബിഐ പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് പുതിയ നിർദേശങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചത്. ആരാധനക്രമത്തിനായുള്ള സിസിബിഐ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡൊമിനിക്ക് ജാല ആദ്യ കോപ്പി ഏറ്റുവാങ്ങി.
2015 ഫെബ്രുവരിയിൽ നടന്ന സിസിബിഐ 27-ാമത് പ്ലീനറി അസംബ്ലി ഇന്ത്യയിൽ പിന്തുടരുന്ന ആരാധനാക്രമത്തിന്റെ നവീകരണത്തിനായുള്ള നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ ലിറ്റർജി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ തയാറാക്കിയ നിർദേശങ്ങൾ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെ നാഷണൽ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് അംഗീകരിക്കുകയായിരുന്നു.
സഭയുടെ ശക്തിസ്രോതസ്സും എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രവും ലിറ്റർജിയാണ്. പുതിയ നിർദേശങ്ങൾ പ്രധാനപ്പെട്ടവയാണ്. ലിറ്റർജി ആഘോഷങ്ങൾക്ക് പുതിയ ഊർജ്ജം അവ പ്രദാനം ചെയ്യും. ദി ഡയറക്ടീവ്‌സ് ഫോർ സെലിബ്രേഷൻ ഓഫ് ലിറ്റർജി എന്ന പുതിയ നിർദേശങ്ങളടങ്ങിയ പുസ്തകം എല്ലാ സഭാസ്ഥാപനങ്ങളിലും ലിറ്റർജി ആഘോഷിക്കുന്ന എല്ലായിടത്തും ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന റഫറൻസ് പുസ്തകമാണ്. രൂപത തലത്തിലും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ഈ നിർദേശങ്ങൾ നടപ്പിൽ വരുത്തുവാൻ കമ്മീഷൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സിസിബിഐ ലിറ്റർജി കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡൊമിനിക്ക് ഗാല അറിയിച്ചു.