News >> കൊൽക്കത്തയിലെ വി.തെരേസക്ക് സർവകലാശാലകളുടെ ആദരവ്
Source: Sunday Shalom
ഗുവഹത്തി: കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന പേരിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ മദർ തെരേസക്ക് അസമിലെ സർവകലാശാലകളുടെ ആദരവ്. വിശുദ്ധ മദർ തെരേസയോടുള്ള ബഹുമാനസൂചകമായി അസമിലെ മൂന്ന് സർവകലാശാലകളിൽ പുതിയ പ്രൊജക്ടുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഗുവഹത്തി സർവകലാശാല, ഡിബ്രുഗർഘ് സർവകലാശാല, കോട്ടൺ കോളജ് സ്റ്റേറ്റ് സർവകലാശാല എന്നിങ്ങനെ സംസ്ഥാനത്തെ മുൻനിരയിലുള്ള സർവകലാശാലകളിലാണ് പാവങ്ങളുടെ അമ്മയ്ക്ക് ആദരവ് അർപ്പിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ പ്രൊജക്ടുകൾ നടപ്പിലാക്കുന്നത്.
മദറിന്റെ പ്രവർത്തനങ്ങൾക്കും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും പ്രസക്തി വർധിച്ചുവരുകയാണ്. മദറിനോടുള്ള ബഹുമാനസൂചകമായി ആ ആശയങ്ങൾക്ക് അനുരൂപമായ ചില പ്രൊജക്ടുകളാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ഗുവഹത്തി സർവകലാശാല വൈസ് ചാൻസലർ ഡോ. മൃദുൽ ഹസാരിക പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള ഒരു ജീവകാരുണ്യപ്രവർത്തക വിശുദ്ധരുടെ ഗണത്തിലേക്ക് എത്തിയത് ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. പാവങ്ങളിലേക്ക് എത്തുന്ന രീതിയിൽ പ്രൊജക്ടുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഡിബ്രുഗർഘ് സർവകലാശാല വൈസ് ചാൻസലർ ഡോ. അലക് കുമാർ ബുർഗോഹെയ്ൻ പറയുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരെ സഹായിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണെന്ന ബോധ്യം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ നിറയ്ക്കുന്ന വിധത്തിലുള്ള പാഠഭാഗങ്ങൾ ബിരുദാനന്തര വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും. മദറിന്റെ പ്രവർത്തനങ്ങളും സ്വീകരിച്ച രീതികളുമാണ് മാതൃകയായി സർവകലാശാല സ്വീകരിക്കുന്നത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും കോട്ടൺ കോളജ് സ്റ്റേറ്റ് സർവകലാശാല വൈസ് ചാൻസലറുമായ പ്രഫ. ദ്രുപ ജ്യോതി സൈക്കിയ പറഞ്ഞു.