News >> ദിവ്യബലിയിൽ എന്നും ഭരണാധികാരികൾക്കായി പ്രാർത്ഥിക്കാറുണ്ടെന്ന് പ്രധാനമന്ത്രിയോട് ബിഷപ് ചക്കാലക്കൽ
Source: Sunday Shalom
കോഴിക്കോട്: കത്തോലിക്കാ ദൈവാലയങ്ങളിലെ അനുദിന ദിവ്യബലിക്കിടയിൽ എല്ലാ ദിവസവും ഭരണാധികാരികൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രധാന മന്ത്രിയോട് സൂചിപ്പിച്ചു.
പ്രാർത്ഥനക്ക് വളരെ നന്ദിയുണ്ടെന്നും ദൈവാനുഗ്രഹം എല്ലാറ്റിനേക്കാളും വളരെ വിലപ്പെട്ടതാണെന്നും മോദി തിരിച്ചും പ്രതികരിച്ചു.
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാന മന്ത്രിയും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും പ്രതിനിധി സംഘവും തുറന്ന് സംസാരിച്ചത്.താമരശേരി രൂപത ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടം, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ചെയർമാൻ ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.അക്രമകാരികളായ തെരുവുനായ്ക്കൾ കാരണം കേരളത്തിലെ ജനംഅനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണെന്ന് ബിഷപ് സൂചിപ്പിച്ചു. അതൊടൊപ്പം റബ്ബർ വിലയിടിവ്, കസ്തൂരിരംഗൻ വിഷയം, വന്യജീവിശല്യം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. ഈ വിഷയങ്ങളിൽ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യം പരിശോധിച്ചുവരികയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി.
തീരദേശ സംരക്ഷണ നിയമം നടപ്പാക്കിയാൽ നിരവധി പാവപ്പെട്ട കുടുംബങ്ങൾ ഭവന നിർമ്മാണത്തിന് ബുദ്ധിമുട്ടുമെന്ന് പ്രതിനിധിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. അതു കേട്ടപ്പോൾ അദേഹത്തിന്റെ മുഖം ശാന്തമായി. ഞാനും കടൽത്തീരത്ത് വളർന്നവനാണ്, അവരുടെ ബുദ്ധിമുട്ട് മറ്റുളളവരെക്കാൾ എനിക്ക് കൃത്യമായി മനസിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണം ചെയ്യുമെന്നായിരുന്നു മോദിയുടെ ഉറപ്പ്.റബർ വിലയിടിവിനെപ്പറ്റി സന്ദർശകർ സൂചിപ്പിച്ചപ്പോൾ, റബ്ബർ വിലയിടിവിന് പരിഹാരമായി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി ഉയർത്തിയത്. ചർച്ചയ്ക്ക് മുമ്പായി ഡോ. വർഗീസ് ചക്കാലക്കൽ പ്രധാനമന്ത്രിയെ ഷാളണിയിച്ചു.