News >> ഫാ.ജിയോ കടവിൽ കത്തോലിക്കാ കോൺഗ്രസ് കേന്ദ്രഡയറക്ടർ
Source: Sunday Shalom
കൊച്ചി: സീറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ കേന്ദ്ര ഡയറക്ടറായി റവ.ഫാ ജിയോ കടവിലിന് (തൃശൂർ അതിരൂപത) മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു.തൃശൂർ അതിരൂപതാ കൂരിയ വൈസ് ചാൻസിലർ, പി.ആർ.ഒ, കെ.സി.വൈ.എം. ഡയറക്ടർ എന്നീ സ്ഥാനങ്ങൾ ഇപ്പോൾ വഹിക്കുന്നുണ്ട്. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം, ജോസുകുട്ടി മാടപ്പള്ളി, സാജു അലക്‌സ്, സൈബി അക്കര, സ്റ്റീഫൻ ജോർജ്, അഡ്വ.ടോണി ജോസഫ്, ഡേവിസ് തുളവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ മാലിന്യനിർമ്മാർജ്ജന ദിനങ്ങളായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു. അതിരൂപതാ, രൂപതകളുടെ നേതൃത്വത്തിൽ അന്നേ ദിവസങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
കത്തോലിക്കാ സഭയുടെ വലിയ ദൗത്യം സമൂഹത്തിൽ പ്രതിഫലിപ്പിക്കുവാൻ കത്തോലിക്കാ കോൺഗ്രസിന് സാധ്യമാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് നിയുക്ത ഡയറക്ടർ ഫാ.ജിയോ കടവിൽ പറഞ്ഞു. ക്രൈസ്തവരുടെയും പ്രത്യേകിച്ച് പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യം വെച്ച് ജനകീയ പ്രശ്‌നങ്ങളിൽ ആഴത്തിൽ ഇടപെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.