News >> വിശ്വാസവും പ്രത്യാശയും പങ്കുവയ്ക്കുകയാണ് ക്യൂബ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം: പാപ്പാ


ജനങ്ങളിലും സമൂഹങ്ങളിലും വിശ്വാസവും പ്രത്യാശയും പങ്കുവയ്ക്കുകയാണ് ക്യൂബ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യമായി കരുതുന്നതെന്ന്  സെപ്റ്റംബര്‍ 17-ന് നല്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

വിശ്വാസവും പ്രത്യാശയും പങ്കുവച്ച്കൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നമുക്ക് പരസ്പരം ശക്തിപ്പെടുത്താമെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അനുദിന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് പരസ്പരം സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന ക്യൂബക്കാരുടെ മനോബലത്തെക്കുറിച്ച് പാപ്പാ ഓര്‍ക്കുന്നുവെന്നും, ദൈവത്തിലുള്ള അവരുടെ വിശ്വസ്തതയിലും മനശ്ശക്തിയിലും സന്തോഷിക്കുന്നുവെന്നും പാപ്പാ ഈ സന്ദേശത്തില്‍ പ്രസ്താവിച്ചു.

- ദൈവം ക്യൂബയെയും അതിലെ നിവാസികളെയും വളരെയധികം സ്നേഹിക്കുന്നു, ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്നു;

 - ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ല, നമ്മെ സമാശ്വസിപ്പിക്കുകയും ഒരു നവപ്രതീക്ഷയും പുതിയ അവസരങ്ങളും പുതുജീവിതവും പ്രദാനം ചെയ്യുന്നു, ദൂരെപ്പോകാതെ എപ്പോഴും കൂടെയുണ്ട് എന്നീ പ്രബോധനങ്ങള്‍ പാപ്പാ തന്‍റെ വീഡിയോ സന്ദേശത്തിലൂടെ ക്യൂബയിലെ ജനങ്ങളുമായി പങ്കുവച്ചു.

Source: Vatican Radio