News >> ഇടതു സർക്കാർ മദ്യനയം വ്യക്തമാക്കണം
Source: Sunday Shalom
കൊച്ചി: നടപ്പു നിയമസഭാസമ്മേളനത്തിൽ ഇടതുസർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പ്രതിവാര അവലോകനയോഗം ആവശ്യപ്പെട്ടു. മദ്യവർജനം എന്ന ഒറ്റ വാക്കിലൊതുങ്ങുന്നതാണ് തങ്ങളുടെ മദ്യനയമെന്ന ഇടതുപക്ഷ സമീപനം, ഇക്കാര്യത്തിൽ സർക്കാരിനുള്ള അവ്യക്തതയോ ഇരട്ടത്താപ്പോ ആണ് വെളിപ്പെടുത്തുന്നത്. കൃത്യമായ പരിപാടികളിലൂടെയും നടപടിക്രമങ്ങളിലൂടെയും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളിലൂടെയും പ്രായോഗികമാക്കാൻ കഴിയുന്നതാകണം സർക്കാർ സ്വീകരിക്കുന്ന മദ്യനയം. അത് ജനങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സർക്കാരിനു കഴിയണം.
മദ്യ ഉപഭോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള ഫലപ്രദമായ നിയന്ത്രണം കൊണ്ടുവരുന്നതാവണം സർക്കാർ രൂപം നല്കുന്ന മദ്യനയം. മദ്യത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സർക്കാർ മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുന്നത് മദ്യവർജനം എന്ന ഇടതുനയത്തെ പരിഹാസ്യമാക്കും. പൊതുനിരത്തുകളിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്കു മുമ്പിൽ മനുഷ്യർ മൃഗസമാനം വെയിലത്തു നില്ക്കുന്ന പരിഹാസ്യമായ കാഴ്ചയും ഇല്ലാതാക്കാൻ നടപടിയുണ്ടാകണം. പത്തുശതമാനം ഔട്ട്‌ലെറ്റുകൾ പൂട്ടുന്നതിനുപരി ഇതിന് അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതാണ്.
വ്യക്തമായ നയം ഇല്ലാതെ ഉദ്യോഗസ്ഥമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനങ്ങളും നിലപാടുകളുമാകാമെന്ന നയം മദ്യലോബിയുടെ സമ്മർദങ്ങളെ അതിജീവിക്കുകയില്ല. നാടിനെ മദ്യവിപത്തിലേക്കും മയക്കുമരുന്നിന്റെ പിടിയിലേക്കും നയിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടാൻ കഴിയുന്ന വ്യക്തമായ നയമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്.
സാമ്പത്തികലാഭത്തിൽ മാത്രം കണ്ണുവച്ചുള്ള നയരൂപീകരണം ഇക്കാര്യത്തിൽ സർക്കാരിനുള്ള ആത്മാർത്ഥതയില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും. മുൻസർക്കാരിന്റെ മദ്യനയത്തിലെ നന്മകൾ ഉൾക്കൊള്ളാനും കൂടുതൽ ഫലപ്രദമായ മദ്യ-മയക്കുമരുന്ന് നിയന്ത്രണം ഏർപ്പെടുത്താനും കഴിയുന്നതാകണം പുതിയ സർക്കാർ രൂപം നല്കുന്ന മദ്യനയം. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ നിലവിലുള്ള നയപരിപാടികൾ തുടരാൻ സർക്കാർ ബാധ്യസ്ഥമാണ്.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചു എന്നത് മുൻസർക്കാരിന്റെ മദ്യനയത്തോടുള്ള സമൂഹത്തിന്റെ പ്രതികരണമായി ചിത്രീകരിക്കുന്നത് ശരിയായിരിക്കുകയില്ല. മദ്യനയത്തിന്റെ നന്മകളെ മൂടിക്കളയുന്ന ആരോപണകൊടുങ്കാറ്റുകളാണ് കോൺഗ്രസ് സർക്കാരിനെ നിലംപതിപ്പിച്ചത്. മദ്യനയം ഫലപ്രദമാകുന്നത് മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും നിയന്ത്രണവിധേയമാകുമ്പോഴാണ്. കേരളത്തിൽ വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗവും യുവജനങ്ങളിലേക്കും സ്ത്രീകളിലേക്കും കുട്ടികളിലേക്കും പോലും വ്യാപിക്കുന്ന വർധിച്ച മദ്യാസക്തിയുമാണ് കാര്യക്ഷമമായ മദ്യനയം അനിവാര്യമാക്കുന്നത്. ഇക്കാര്യത്തിൽ സമൂഹത്തെ അതിന്റെ വഴിക്കുവിടുക എന്ന സമീപനം ഉത്തരവാദിത്വമുള്ള ഭരണനേതൃത്വത്തിനു ചേർന്നതല്ല.