News >> മെക്‌സിക്കോ: അതിക്രമങ്ങൾക്കുനേരെ ഭരണകർത്താക്കൾ കണ്ണുതുറക്കണം
Source: Sunday Shalom
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ െ്രകെസ്തവ പുരോഹിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കുനേരെ ഭരണകർത്താക്കൾ കണ്ണുതുറക്കണമെന്ന് മെക്‌സിക്കൻ ആർച്ച്ബിഷപ്പ് സേർജോ റിബേരാ. ഒരാഴ്ചയ്ക്കിടെ മെക്‌സിക്കോയിൽ മൂന്ന് വൈദികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈദികരുടെ കൊലപാതകം അജപാലന മേഖലയെ തളർത്താനുള്ള ശ്രമമാണെന്നും മെക്‌സിക്കോയിൽ വർദ്ധിച്ചു വരുന്ന മതപീഡനത്തിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ കത്തോലിക്ക വൈദികൻ ജോസ് അൽഫ്രഡോ ലോപസ് ഗൂലിയന്റെ മൃതശരീരം പടിഞ്ഞാറൻ മെക്‌സിക്കോയിലെ ലാസ് ഗുയാബസിലെ ഹൈവേയ്ക്ക് സമീപം ജീർണിച്ച നിലയിൽ ഇക്കഴിഞ്ഞ ദിവസം കണ്ടെത്തി. വെരാക്രൂസ് എന്ന മെക്‌സിക്കൻ സംസ്ഥാനത്ത് രണ്ടു കത്തോലിക്ക പുരോഹിതരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദിവസമാണ് ഫാ. ജോസ് അൽഫ്രഡോ ലോപസിനെ കാണാതായത്. മൊരീലിയ അതിരൂപതയുടെ കീഴിൽ സേവനം ചെയ്തിരുന്ന വൈദികനായിരുന്നു ഫാ. ലോപസ്.
പ്രസിഡന്റ് ഹെന്റീക്കോ പീനായുടെ നാലു വർഷ ഭരണത്തിൽ 15 വൈദികരും രണ്ടു അൽമായ നേതാക്കളും സഭയ്ക്ക് നഷ്ടമായിട്ടുണ്ട്. വൈദികരെ മയക്കുമരുന്ന മാഫിയ കൊലപ്പെടുത്തുന്നത് അജപാല ശുശ്രൂഷയെ തകർക്കാനും നാട്ടിൽ മയക്കുമരുന്നും മനുഷ്യക്കടത്തും സ്ഥിരപ്പെടുത്താനുമുള്ള നീക്കമാണ്. ജനങ്ങളെ, വിശിഷ്യാ യുവജനങ്ങളെ മാഫിയയുടെ കരങ്ങളിൽനിന്നും മോചിക്കാനുള്ള പരിശ്രമത്തെയാണ് പീഡനത്തിലൂടെയും കൊലപാതകത്തിലൂടെയും അധോലോകം ചെറുക്കുന്നതെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
2006മുതൽ മെക്‌സിക്കോയിൽ 36 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുന്ന രീതിയാണ് മിക്ക സംഭവങ്ങളിലും അക്രമികൾ ആവർത്തിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്നു വൈദികരുടെ കൊലപാതകത്തിലും തട്ടിക്കൊണ്ടു പോയർ മോചനദ്രവ്യമോ, മറ്റെന്തെങ്കിലും ആവശ്യമോ മുന്നോട്ടു വെച്ചിരുന്നില്ല. ക്രൈസ്തവ വിശ്വാസീസമൂഹത്തിന്റെ മനസിൽ വലിയ ആശങ്കയും ഭീതിയുമാണ് രാജ്യത്തെ പുതിയ സംഭവ വികാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.