News >> സ്വാശ്രയപ്രവേശനം: മെറിറ്റ്-മാനേജ്‌മെന്റ് വിഭജനം അശാസ്ത്രീയം
Source: Sunday Shalom
കൊച്ചി: സ്വാശ്രയ പ്രവേശനത്തിൽ നിലവിലുള്ള മെറിറ്റ്-മാനേജ്‌മെന്റ് വിഭജനം യുക്തിരഹിതമാണെന്നും, നൂറുശതമാനം സീറ്റിലും മെറിറ്റുമാത്രം മാനദണ്ഡമാക്കുകയും മുഴുവൻ സീറ്റിലും ഒരുപോലെ ഫീസ് നിർണയിക്കുകയും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് (ഫീസിളവ്) നല്കാനുള്ള സംവിധാനം സർക്കാരും സ്വാശ്രയമാനേജുമെന്റുകളും സംയുക്തമായി ഒരുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സ്വാശ്രയരംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പിഒസിയിൽ ചേർന്ന യോഗം വിലയിരുത്തി.
അമ്പതുശതമാനം മെറിറ്റ്‌സീറ്റും അമ്പതുശതമാനം മാനേജുമെന്റ് സീറ്റുമെന്ന ക്രോസ് സബ്‌സിഡി സംവിധാനം നിയമവിരുദ്ധവും അഴിമതിക്ക് വഴിതെളിക്കുന്നതുമാണ്. അമ്പതുശതമാനം മാനേജ്‌മെന്റ്‌സീറ്റിൽ മാനേജുമെന്റിന്റെ യുക്തിയനുസരിച്ച് മെറിറ്റില്ലാത്തവർക്കും പ്രവേശനം നല്കാമെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇതിടയാക്കും.
അമ്പതുശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ കോളേജിലേതിനു തുല്യമായ ഫീസ് മാത്രം ഈടാക്കണമെന്ന് കരാറുണ്ടാക്കിയതിൽ സർക്കാർ അഭിമാനംകൊള്ളുമ്പോൾ, മാനേജ്‌മെന്റ് സീറ്റിൽ ഫീസിനൊപ്പം തലവരിപ്പണവുമാകുന്നതിൽ കുഴപ്പമില്ലെന്ന ധാരണയും ഇതുണ്ടാക്കുന്നു. ഇത് അഴിമതിക്കുള്ള അന്തരീക്ഷം സൃഷ്ടിക്കും.
മെറിറ്റ് സീറ്റെന്ന് സർക്കാർ വിളിക്കുന്ന അമ്പതുശതമാനം സീറ്റിൽ ഫീസിളവ് നല്കിയാൽ അത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കു തന്നെയാണ് ലഭിക്കുന്നതെന്ന് നാളിതുവരെയുള്ള അനുഭവത്തിന്റെയോ കണക്കുകളുടെയോ വെളിച്ചത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ടോ? അമ്പതുശതമാനം മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളാണ് എംബിബിഎസ് അവസാനവർഷ പരീക്ഷയിൽ മുന്തിയ വിജയം നേടുന്നതെന്നതിന് സർക്കാരിന്റെ പക്കൽ എന്തു തെളിവാണുള്ളത്? നേരേമറിച്ചുള്ള അനുഭവങ്ങൾ നിരവധിയാണ്.
നൂറുശതമാനം മെഡിക്കൽ സീറ്റുകളിലും മെറിറ്റുമാത്രം മാനദണ്ഡമാക്കുകയും എസ്.സി/എസ്.റ്റി, കമ്മ്യൂണിറ്റി മെറിറ്റ്, എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളിൽ പൊതുപ്രവേശന പരീക്ഷയിൽ നിന്ന് ഇന്റർ സേ മെറിറ്റ് അടിസ്ഥാനത്തിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം പ്രവേശനം നല്കുകയും ചെയ്യുക എന്നതാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാർഗം.
അഖിലേന്ത്യാതലത്തിൽ നിശ്ചയിക്കുന്ന മെറിറ്റാണ് പ്രവേശന മാനദണ്ഡമെങ്കിൽ, അഖിലേന്ത്യാതലത്തിൽ വിദഗ്ധസമിതികൾ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളാകണം ഫീസ് നിർണയത്തിന്റെ മാനദണ്ഡം. സംസ്ഥാനത്ത് ഇക്കാര്യം പഠിച്ച് നിർദേശം സമർപ്പിക്കുന്നതിനായി ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിക്കാവുന്നതാണ്. ജെയിംസ് കമ്മിറ്റിക്ക് ഈ നിർദേശങ്ങൾ വിലയിരുത്താവുന്നതുമാണ്. ഇങ്ങനെയുള്ള യുക്തിസഹമായ യാതൊരു മാനദണ്ഡവും പാലിക്കാതെ ഓരോ സർക്കാരും പാർട്ടിയും സ്വാശ്രയസ്ഥാപനങ്ങളുടെമേൽ സമ്മർദതന്ത്രങ്ങളിലൂടെയുണ്ടാക്കുന്ന ധാരണകളും കരാറുകളും അഴിമതിയും സ്വാർത്ഥതയും കെടുകാര്യസ്ഥതയും മാത്രമേ ഊട്ടിയുറപ്പിക്കുകയുള്ളൂ. പ്രശ്‌ന പരിഹാരത്തിന് വിദ്യാർഥികളുടെയും സമൂഹത്തിന്റെയും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം.