News >> ജോര്‍ജിയയിലെ ബലിയര്‍പ്പണം കൂട്ടായ്മയുടെ ലാളിത്യം


Source: Vatican Radio

പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സിസ് തിബിലീസിലെ വിശ്രമകേന്ദ്രമായ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 5 കി. മി. അകലെയുള്ള സ്റ്റേ‍ഡിയത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. ജോര്‍ജിയയിലെ വിഖ്യാതവും വിസ്തൃതവുമായ കളിക്കളവും സാംസ്കാരിക സംഗമസ്ഥാനവുമാണ് 27,000-പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള പച്ചവിരിച്ച മിഷ്ക്കേത്ത സേറ്റിഡിയം. വേദിയിലേയ്ക്ക് 9.40-ന് ഒരു തുറന്ന ഇലക്ട്രിക് കാറില്‍ പാപ്പാ പ്രവേശിച്ചു. ക്രൈസ്തവര്‍ ജനസംഖ്യയുടെ പകുതിയാണെങ്കിലും അവര്‍ വിഭിന്ന ഓര്‍ത്തഡോക്സ് സമൂഹമാകയാലും കത്തോലിക്കര്‍ രണ്ടുലക്ഷത്തില്‍ താഴെയുമാകയാല്‍ ജോര്‍ജ്ജിയന്‍ ദേശീയ സ്റ്റേഡിയത്തിന്‍റെ നിറവ് കാണാനില്ലായിരുന്നു. എങ്കിലും ജോര്‍ജിയയുടെ വിവിധ പ്രവിശ്യകളില്‍നിന്നും എത്തിയ കത്തോലിക്കരും അല്ലാത്തവരുമായ ആബാലവൃന്ദം ജനങ്ങള്‍ ആവേശത്തോടെ പാപ്പായെ വരവേറ്റു.

സഭൈക്യപരമായി രൂപപ്പെടുത്തിയ 200 അംഗ ഗായകസംഘം ജോര്‍ജിയന്‍ ഗീതങ്ങള്‍ പാടി പാപ്പായെ എതിരേറ്റു. ബലിവേദിയോടു ചേര്‍ന്നുള്ള  ഇരിപ്പിടങ്ങളില്‍ പാത്രിയര്‍ക്കിസ് ഈലിയന്‍ ദ്വിതിയനും, പിന്നെ കാല്‍ഡിയന്‍, അസ്സീറിയന്‍, അര്‍മേനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ സന്നിഹിതരായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെ കൂദാശയില്‍നിന്നും ഇനിയും വിഘടിച്ചുനില്ക്കുന്നതാണ് ഇതര സഭകളെ കത്തോലിക്കാ സഭാകൂട്ടായ്മയില്‍നിന്നും അകറ്റിനിറുത്തുന്നത്.

ഒക്ടോബര്‍ 1, ശനി. ആഗോളസഭയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണത്തിനുള്ള ബലിയര്‍പ്പിക്കാന്‍ വെള്ളപൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സഹകര്‍മ്മികര്‍ക്കൊപ്പം ആഗതനായി. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്ക്, ജോര്‍ജിയന്‍ ഭാഷയില്‍ വചനപാരായണവും വിശ്വാസികളുടെ മറ്റു പ്രാര്‍ത്ഥനകളും ഗീതങ്ങളും ആലപിക്കപ്പെട്ടു. പാപ്പാ  ദിവ്യബലി ആരംഭിച്ചു. ‍ഞാന്‍ നദിപോലെ സമാധാനം നിങ്ങളിലേയ്ക്ക് ഒഴുക്കും.. (ഏശയ 66, 10-14), എന്ന ആദ്യവായനയെ തുടര്‍ന്ന് പ്രതിവചനസങ്കീര്‍ത്തനം ആലപിക്കപ്പെട്ടു. അല്ലെലൂയാ പ്രഘോഷണത്തെ തുടര്‍ന്ന്, സുവിശേഷം (മത്തായി 18, 1-5) പ്രഘോഷിക്കപ്പെട്ടു.

സ്വര്‍ഗ്ഗരാജ്യ ലബ്ധിക്ക് നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍...! പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.  അനുദിനജീവിതത്തിന്‍റെ ബദ്ധപ്പാടുകളില്‍ നാം തേടുന്ന സമാശ്വാസം ദൈവത്തില്‍നിന്നായിരിക്കണം. ഹൃദയത്തിലെ ദൈവിക സാന്നിദ്ധ്യമാണ് നമ്മുടെ യഥാര്‍ത്ഥമായ സമാശ്വാസം, വിശ്വാസം! ആകയാല്‍ ദൈവസന്നിധിയില്‍ വിനീതയാരിക്കാം.  നന്മയുള്ള ജീവിതമാണ് ദൈവത്തിലേയ്ക്കുള്ള ലളിതമായ വിശുദ്ധിയുടെ വഴികള്‍ കാണിച്ചുതരുന്നതെന്ന്, വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.  

വിശ്വസപ്രഘോഷണം, വിശ്വാസികളുടെ പ്രാര്‍ത്ഥന - ജോര്‍ജിയന്‍, ഇംഗ്ലിഷ്, അര്‍മേനിയന്‍, അറമായിക്, റഷ്യന്‍, പോലിഷ് എന്നീ ഭാഷകളില്‍ ചൊല്ലിയത്... അന്നാടിന്‍റെ ബഹുവംശീയതയും സംസ്ക്കാരക്കൂട്ടായ്മയും, ഒപ്പം സഭകളുടെ ഐക്യത്തിന്‍റെ പ്രതീകവുമായി.

കാഴ്ചവയ്പ്, ആമുഖഗീതി, സ്തോത്രയാഗപ്രാര്‍ത്ഥന, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം... എന്നിവയിലൂ‍ടെ ദിവ്യബലി തുടര്‍ന്നു. സമാപനാശീര്‍വ്വാദത്തിനു മുന്‍പ്... ജോര്‍ജിയയിലെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍, ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പസോത്തോ പാപ്പായ്ക്ക ദേശീയ സഭയുടെ നാമത്തില്‍ നന്ദിയര്‍പ്പിച്ചു.

ജനങ്ങളുടെ വിശ്വാസം ബലപ്പെടുത്താനും, കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതുമാണ് പാപ്പായുടെ ഈ സന്ദര്‍ശനം. ക്രിസ്തുവില്‍ സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമാണിത്. മനുഷ്യന്‍റെ സ്വാര്‍ത്ഥത വളര്‍ത്തുന്ന വൈവിധ്യങ്ങള്‍ക്കും ഭിന്നിപ്പിനുമി‌ടയില്‍ ജീവിക്കാനും, കൂട്ടായ്മ വളര്‍ത്താനും എത്തിയ ഈ പിതൃസാന്നിദ്ധ്യത്തിന് നന്ദി! അതുപോലെ ഇതര സഭാ പിതാക്കാന്മാരുടെ ഈ ബലിവേദിയിലെ സാന്നിദ്ധ്യം ക്രിസ്തുവില്‍ വളരുന്ന ഐക്യത്തിന്‍റെ പ്രതീകമാകട്ടെ,  ക്രിസ്തുവില്‍ നാം ഒന്നാണ്! എന്ന് ആശംസിച്ചുകൊണ്ട് വാക്കുകള്‍ ഉപസംഹരിച്ചു.

പാപ്പാ ഫ്രാ‍ന്‍സിസും ചുരുങ്ങിയ വാക്കുകളില്‍ നന്ദി പറഞ്ഞു. പ്രത്യേകിച്ച കാല്‍ഡിയന്‍ പാത്രിയര്‍കിസ് സാഖ, അര്‍മേനിയന്‍ പാത്രിയര്‍ക്കിസ് മനാസ്സിന്‍ എന്നിവര്‍ക്കും... ജോര്‍ജിയയുടെ വിവിധ പ്രവിശ്യകളി‍ല്‍നിന്നെത്തിയ ലത്തീന്‍, അര്‍മേനിയന്‍, കാല്‍ഡിയന്‍ അസ്സീറിയന്‍ എന്നീ വിശ്വാസസമൂഹത്തിന് പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. അപ്പസ്തോലികാശീര്‍വ്വാദം നല്കി.  സമാപനഗാനവും... പ്രദക്ഷിണവും നീങ്ങവെ പാപ്പാ ഫ്രാന്‍സിസ് ഇതര സഭാതലവാന്മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് വേദിവിട്ടിറങ്ങിയത്.