News >> മദ്യമല്ല, പ്രാർത്ഥനയാണ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം:മാർപാപ്പ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: മദ്യമോ മറ്റ് ലഹരിവസ്തുക്കളൊ കൊണ്ടല്ല, പ്രാർത്ഥനകൊണ്ടാണ് ആത്മീയവും ഭൗതികവുമായ മന്ദതയുടെ കാലഘട്ടത്തെ അതിജീവിക്കേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജന്മദിനത്തിൽ കാസ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിമധ്യേയുള്ള പ്രസംഗത്തിലാണ് ക്ലേശങ്ങളുടെ കാലഘട്ടത്തെ അതിജീവിക്കാനുള്ള മാർഗമായി പാപ്പ പ്രാർത്ഥന നിർദേശിച്ചത്.

മരണമായിരുന്നു ഇതിലും ഭേദം എന്ന ജോബിന്റെ വിലാപം പലപ്പോഴും നമ്മുടെയും വിലാപമായി മാറാറുണ്ടെന്ന് പാപ്പ പങ്കുവച്ചു. ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതായിരുന്നു നല്ലത്. രോഗങ്ങളും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും നമ്മെ ഇതുപോലെ തളർത്താറുണ്ട്. ആത്മീയമായ മരവിപ്പ് പലപ്പോഴും നമ്മുടെ ആത്മാവിനെ തകർക്കുന്നു. ആത്മാവ് കഠിന ദുഃഖത്തിലായിരിക്കുമ്പോൾ ശ്വാസമെടുക്കാൻ പോലും നാം ക്ലേശിക്കാറുണ്ട്. ശക്തരായവർ ഉൾപ്പെടെ എല്ലാവർക്കും സംഭവിക്കാറുള്ള കാര്യമാണിത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? ഒന്നൊ, രണ്ടോ ഗ്ലാസ് മദ്യമൊ മറ്റ് ലഹരി വസ്തുക്കളൊ ഉപയോഗിച്ചാൽ ഇതിന് പരിഹാരമാവില്ല. പ്രാർത്ഥിക്കണം. പ്രാർത്ഥനയാണ് പരിഹാരമാർഗം; പാപ്പ വിശദീകരിച്ചു.

ശക്തിയോടെ പ്രാർത്ഥനയുപയോഗിച്ച് ദൈവസന്നിധിയിൽ നിലവിളിക്കുക. ഭയാനകമായ ഇത്തരം സാഹചര്യങ്ങളിൽ പ്രാർത്ഥിക്കാൻ കർത്താവ് തന്നെയാണ് നമ്മെ പഠിപ്പിച്ചത്. സങ്കീർത്തകനെപ്പോലെ, കർത്താവെ, ഞാൻ ഞാൻ ആഴമുള്ള കുഴിയിൽ പതിച്ചിരിക്കുന്നു. നിന്റെ കോപം എന്റെമേലുണ്ട്. എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമെ എന്ന് പ്രാർത്ഥിക്കേണ്ട സമയമാണിത്. ഏറ്റവും അന്ധകാരം നിറഞ്ഞതും പ്രതീക്ഷയറ്റതുമായ സമയത്ത് ഇപ്രകാരം പ്രാർത്ഥിക്കണം; പാപ്പ ഉദ്‌ബോധിപ്പിച്ചു.

ആത്മീയമായ മരവിപ്പ് എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണെന്ന് പാപ്പ തുടർന്നു. ഈ അവസ്ഥ തിരിച്ചറിയുക എന്നതാണ് ആദ്യ പടി. ഇത്തരം അവസ്ഥയിലൂടെ കടന്നപോകുന്നവരെ നിശബ്ദമായാണ് സഹായിക്കേണ്ടത്. പക്ഷെ ഇത് ധാരാളം സ്‌നേഹവും പരിലാളനയും നൽകുന്ന നിശബ്ദതയായിരിക്കണം. അവരുടെ മുമ്പിൽ ഒരു പ്രസംഗം നടത്തിയൽ അത് ഗുണം ചെയ്‌തേക്കില്ലെന്ന് മാത്രമല്ല ദോഷമുണ്ടാക്കുകയും ചെയ്‌തേക്കാം; പാപ്പ വിശദീകരിച്ചു.

ആത്മീയമായ വിരക്തി തിരിച്ചറിയാനുള്ള കൃപയും ദുഃഖത്തിന്റെയും ആത്മീയ മരവിപ്പിന്റെയും അവസ്ഥയിലൂടെ കടന്നുപോകുന്നവരോട് ചേർന്ന് നിൽക്കാനുള്ള അനുഗ്രഹവും യാചിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.