News >> ജാർഖണ്ഡിലെ ആദിവാസികൾ നിലനില്പിനായി സമരമുഖത്ത്

Source: Sunday Shalom


റാഞ്ചി: തലമുറകളായി തങ്ങൾ കൈവശംവച്ച് അനുഭവിച്ചിരുന്ന ഭൂമി ഖനി മാഫിയകൾക്ക് കൈമാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ജാർഖണ്ഡിലെ ആദിവാസികൾ പ്രതിഷേധ മാർച്ച് നടത്തി. ശബ്ദമില്ലാത്ത ആദിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കത്തോലിക്കസഭയും രംഗത്തുണ്ട്. നിലവിലെ നിയമമനുസരിച്ച് ആദിവാസികളുടെ ഭൂമി ആദിവാസികൾ അല്ലാത്തവർക്ക് വാങ്ങാൻ കഴിയില്ല.

ആ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഖനി മാഫിയകളെ സഹായിക്കാനുള്ളതാണ് പുതിയ ഭേദഗതി. ഖനനലക്ഷ്യത്തോടെ ആ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്ന മാഫിയകൾക്ക് ആദിവാസികളുടെ ഭൂമി വാങ്ങുന്നതിനുള്ള നിയമ തടസം ഈ ഭേദഗതിയിലൂടെ ഇല്ലാതാകുകയാണ്.

ആദിവാസികളുടെ ജീവിതം വനം,ഭൂമി എന്നിവങ്ങയ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലൂടെ അവരുടെ ഭൂമി കവർന്നെടുക്കുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്; റാഞ്ചി സഹായ മെത്രാൻ ടെലസ്‌ഫോർ ബിലുങ് പറഞ്ഞു. ആദിവാസികളുടെ നിലനില്പിനെ അപകടത്തിലാക്കുകയാണ് ഇതുവഴി; ആദിവാസി സമൂഹത്തിൽനിന്നും വരുന്ന ബിഷപ് ബിലുങ് ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധക്കാരുടെ എണ്ണത്തിലുള്ള വർധനവാണ് ഗവൺമെന്റിനെ സംഭ്രമിപ്പിക്കുന്നത്; ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഫാ. സേവ്യർ സോറന്റ് എസ്.ജെ പറയുന്നു. സഭയാണ് പുതിയ നിയമത്തിലൂടെ സംജാതമാകുന്ന ദുരന്തം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഭൂമി സംരക്ഷിക്കുന്നതിനായി പ്രതികരിക്കണമെന്ന ബോധ്യം അവരിൽ രൂപപ്പെട്ടത് അതുവഴിയാണ്. ഫാ. സോറന്റ് ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ പരമായി പിന്നോക്കാവസ്ഥയിലുള്ള ആദിവാസികളെ സഹായിക്കുന്നത് കത്തോലിക്കാ സഭയായതിനാൽ സഭയ്ക്ക് പ്രസ്താവനയുമായി സംസ്ഥാന മുഖ്യമന്ത്രി രഘുവാർ ദാസ് രംഗത്തിറങ്ങിയിരുന്നു. പതിവുപോലെ മതംമാറ്റമാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഖനികൾ വന്നാൽ അതുവഴി വികസനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ആദിവാസികൾ എന്നും പാവപ്പെട്ടവരായി നിലനില്ക്കണമെന്നും അവർക്ക് വൈദ്യുതിയും റോഡും ഉണ്ടാകരുതെന്നുമാണ് മിഷനറിമാർ ആഗ്രഹിക്കുന്നതെന്നും രഘുവർ ദാസ് ആരോപിച്ചിരുന്നു. ആദിവാസികളുടെ ഭൂമി സ്വന്തമാക്കാനുള്ള ഖനനമാഫിയ ശ്രമങ്ങളെ വികസനത്തിന്റെ മൂടുപടം ചാർത്തി അവർക്ക് അനുകൂലമായ നിയമനിർമാണങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവൺമെന്റ്. ആദിവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി 2000-ലാണ് ബീഹാർ സംസ്ഥാനം വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ 26 ശതമാനം ജനങ്ങളും ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്.