News >> നല്ല നാളേയ്ക്കായുളള്ള തുടക്കം

Source: Sunday Shalom


കൊളംബിയ: ഗവൺമെന്റും ഫാർക്ക് വിമതരും തമ്മിൽ ഒപ്പുവച്ച കരാർ ശുഭകരമായ ഭാവിയുടെ ആരംഭമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ. പുനരൈക്യം സാധ്യമാക്കുക എന്നത് എല്ലാവരുടെയും പ്രതിബദ്ധതയാണെന്നും ക്ലേശത്തിനിരയായവരിൽനിന്നാണത് ആരംഭിക്കേണ്ടതെന്നും കർദിനാൾ പരോളിൻ പറഞ്ഞു. സമാധാന കരാർ ഒപ്പുവച്ചതിനോടനുബന്ധിച്ച് കാർട്ടഗേനയിലർപ്പിച്ച ദിവ്യബലിയിലാണ് കർദിനാൾ ഇക്കാര്യം പറഞ്ഞത്. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പരോളിൻ പങ്കെടുത്തു.

വിവിധ ബോധ്യങ്ങൾ പുലർത്തുന്നവർക്കും പരസ്പരം കൊല്ലാതെ ഭാവിയിൽ സഹവർത്തിത്വം സാധ്യമാണെന്ന് കർദിനാൾ പറഞ്ഞു. ജനാധിപത്യ നിയമങ്ങൾ പാലിച്ചുകൊണ്ടും മനുഷ്യാന്തസ്സിനെയും രാജ്യത്തിന്റെ ക്രൈസ്തവപാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ടുമാണ് ഇത് സാധ്യമാകുന്നത്. നീണ്ടകാലത്തെ ചർച്ചയുടെ ഒടുവിലാണ് ഈ കരാർ സാധ്യമായത്. ഇനിയുള്ള കാലം മുഴുവൻ നീണ്ടുനിൽക്കേണ്ട ഒരു പ്രക്രിയയുടെ ആരംഭം മാത്രമാണിത്. കൊളംബിയൻ ജനതയുടെ മുഴുവൻ പിന്തുണ ഇതിനാവശ്യമാണ്. ആക്രണങ്ങളിൽ അപമാനിതരും പഅടിച്ചമർത്തപ്പെട്ടവരുമായവരുടെ വേദനയകറ്റാൻ കൊളംബിയക്ക് സാധിക്കണം. വിദ്വേഷത്തിന്റെ സംസ്‌കാരം അവസാനിപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതണം. നീതിപൂർവകവും ശക്തവുമായ സംവിധാനങ്ങളിലാണ് കൊളംബിയയുടെ ഭാവി. പീഡിതരായവരുടെ അന്തസ്സ് വീണ്ടെടുക്കുവാനുള്ള നടപടികളാണ് ഇതിനുള്ള ആദ്യ പടി; കർദിനാൾ വിശദീകരിച്ചു.

ഇതിനായി സമയപരിധിയില്ലാതെ ഈ ജനങ്ങളുടെ അടുക്കലേക്ക് കടന്ന് ചെല്ലുകയും അവരുടെ പ്രശ്‌നങ്ങൾ സ്വന്തം പ്രശ്‌നങ്ങളായി പരിഗണിക്കുകയും ചെയ്യണമെന്ന് കർദിനാൾ പരോളിൻ പറഞ്ഞു. കൊളംബിയ ഇന്നാഗ്രഹിക്കുന്ന പോലുള്ള യഥാർത്ഥ സമാധാനം സാധ്യമാകുന്നതിനായി സാധാരണ മാർഗങ്ങളോ കൂട്ടായ്മകളോ മതിയാവില്ല. വ്യക്തികളുടെ പുനരുദ്ധാരണം സാധ്യമാക്കുകയാണ് അതിനുള്ള മാർഗം. വാസ്തവത്തിൽ മനുഷ്യഹൃദയങ്ങളിലെ മുറിവാണ് എല്ലാ സംഘർഷങ്ങളുടെയും അടിസ്ഥാന കാരണം; കർദിനാൾ തുടർന്നു.

സമാധാനകരാറിന്റെ ഒപ്പുവയ്ക്കൽ മറ്റൊരു സംഭവമായി മാത്രം കാണരുത്. ദൈവത്തിന് മാത്രമാണ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശക്തി പ്രദാനം ചെയ്യുവാൻ സാധിക്കുന്നത്. കൊളംബിയയിലെ പ്രിയപ്പെട്ട ജനം സമാധാനത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടാണ് കർദിനാൾ പരോളിൻ പ്രസംഗം അവസാനിപ്പിച്ചത്.

യഥാർത്ഥ സമാധാനം പേപ്പറിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പരസ്പരമുള്ള കരുതലും ക്ഷമയുമാണ് അതിന്റെ അടിസ്ഥാനമെന്നും കർദിനാൾ ദാരിയോ കാസ്ട്രില്ലോൺ ഹൊയോസ് പറഞ്ഞു. ത്രിതൈ്വകദൈവത്തിന്റെ കൂട്ടായ്മ പ്രകടമാകുന്ന ഒപ്പിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. ക്ഷമയില്ലാത്ത സമാധാനത്തിൽ എനിക്ക് വിശ്വാസമില്ല. രാഷ്ട്രീയ നേട്ടത്തിനായി മാത്രം രൂപപ്പെടുത്തുന്ന സമാധാനത്തിലും എനിക്ക് വിശ്വമില്ല. അത് ക്രിസ്തുവിന്റെ സമാധാനമല്ല. ഉപരിപ്ലവമായ സമാധാനം യഥാർത്ഥത്തിലുള്ളതല്ല. ഒപ്പുവയ്ക്കുന്ന സമയത്ത് മറുപക്ഷത്തോട് ബഹുമാനം തോന്നുന്നില്ലെങ്കിൽ ആ ഒപ്പിന് യാതൊരു വിലയുമില്ല; കർദിനാൾ കാസ്ട്രില്ലോൺ പങ്കുവച്ചു.