News >> വിവാഹജീവിതത്തില്‍ നമ്മുടെ ഭൂത-ഭാവി കാലങ്ങള്‍ സംഗമിക്കുന്നു: മാര്‍പ്പാപ്പാ


നമ്മുടെ ഗതകാലവും ഭാവിയും വിവാഹജീവിതത്തില്‍ സംഗമിക്കുന്നുവെന്നും  അതില്‍ സ്മരണയും പ്രതീക്ഷയും അടങ്ങിയിരിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ.

     ക്യുബയില്‍ ചൊവ്വാഴ്ച സമാപിച്ച തന്‍റെ ഇടയസന്ദര്‍ശനത്തില്‍ അവസാനത്തെ പരിപാടിയായിരുന്ന കുടുംബങ്ങളുമായുള്ള കൂടിക്കാഴ്‍ചാവേളയിലാണ് പാപ്പാ ഇതു പറഞ്ഞത്. ചൊവ്വാഴ്ച്ച(22/09/15) സന്ധ്യാഗൊ ദെ കൂബ കത്തീദ്രലില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

     കാനായിലെ കല്ല്യാണവേളയില്‍ യേശു വെള്ളം വീഞ്ഞാക്കുന്ന അത്ഭുതസംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

     യേശു തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത് വാസ്തവത്തില്‍ ഒരു വിവാഹവേളയിലാണ്.  ഒരു ഗാര്‍ഹിക സമൂഹത്തിനകത്ത്, ഒരു കുടുംബത്തിനകത്ത് ആണ് അവിടന്ന് പരസ്യജീവിതത്തിന് തുടക്കം കുറിക്കുന്നത്. കുടുംബത്തിലായിരിക്കാന്‍ അവിടന്നിഷ്ടപ്പെടുന്നു, പാപ്പാ പറഞ്ഞു.

     ദിവസത്തെ പലവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം അവസാനം അത്താഴ വേളയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുചേരുന്നതിനെക്കുറിച്ച്, പാപ്പാ താന്‍ മുമ്പ് രൂപതാദ്ധ്യക്ഷനായിരുന്ന അവസരത്തില്‍ പലകുടുംബങ്ങളും തന്നോടു പങ്കു വച്ചിട്ടുള്ളകാര്യങ്ങളുടെ വെളിച്ചത്തില്‍ അനുസ്മരിച്ചു. കുടുംബജീവിതത്തിലെ ഈ സവിശേഷ നിമിഷങ്ങള്‍, ഇത്തരം കുടുംബനിമിഷങ്ങള്‍, ഇന്നിന്‍റെ സംസ്ക്കാരത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു.

     കുടുംബത്തിന്‍റെയും ഭവനത്തിന്‍റെ ഊഷ്മളതയുടെയും അഭാവത്തില്‍ ജീവിതം ശൂന്യമായിത്തീരുന്നുവെന്നും  ബുദ്ധിമുട്ടുകളില്‍ താങ്ങിനിറുത്തുകയും അനുദിനജീവിത ത്തിന് പോഷണമേകുകയും ഐശ്വര്യത്തിനായുള്ള പരിശ്രമത്തിന് പ്രചോദനമേകുകയും ചെയ്യുന്ന തന്തുക്കള്‍ അങ്ങനെ ക്ഷയിച്ചുപോകുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

     നരകുലത്തിന്‍റെ വിദ്യാലയമായണ് കുടുംബമെന്നും, അപരന്‍റെ ആവശ്യങ്ങളിലും ജീവിതത്തിലും ഔത്സുക്യം പുലര്‍ത്താന്‍ പഠിപ്പിക്കുന്ന വിദ്യാലയമാണതെന്നും പാപ്പാ പറഞ്ഞു.

                കുടുംബത്തില്‍ നാം നന്നായി ജീവിക്കുമ്പോ‍ള്‍ സ്വാര്‍ത്ഥതകള്‍ കുറയുന്നുവെന്നു പറഞ്ഞ പാപ്പാ, "കുറയുന്നു"  എന്നു പറയു ന്നതിനു കാരണം നമുക്കെല്ലാവര്‍ക്കും  കുറച്ചൊക്കെ സ്വാര്‍ത്ഥത ഉള്ളതുകൊണ്ടാണെന്നു വിശദീകരിച്ചു. കുടുംബത്തിനടുത്തതായ ഒരു ജീവിതം നയിക്കാതെ വരുമ്പോള്‍ ജന്മംകൊള്ളുന്നത്, 'ഞാന്‍', 'എനിക്ക്', 'എന്നോടു കൂടെ', 'എനിക്കുവേണ്ടി' എന്നു പറയുന്ന, അവനവനില്‍ മാത്രം കേന്ദീകൃതമായ, വ്യക്തിത്വങ്ങളായിരിക്കുമെന്നും ഐക്യദാര്‍ഢ്യം, സാഹോദര്യം, പൊതുവായ പ്രവര്‍ത്തനം, സ്നേഹം, സഹോദരങ്ങള്‍തമ്മിലുള്ള ചര്‍ച്ചകള്‍ എന്നിവ അവിടെ ഒഴിവാ ക്കപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

     കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ അവസാനം  പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു. കുട്ടികളും യുവതീയുവാക്കളും  ഒരു ജനതയുടെ ശക്തിയാണെന്ന് പാപ്പാ പറഞ്ഞു. മുത്തശ്ശീ മുത്തച്ഛന്മാരെ പരിചരിക്കുന്ന, കുട്ടികളെയും യുവതയെയും പരിപാലിക്കുന്ന, ഒരു ജനതയ്ക്ക് വിജയം സുനിശ്ചിതം എന്നും  പാപ്പാ കൂട്ടിച്ചേര്‍ത്തു.

Source: Vatican Radio