News >> ക്രിസ്തുവിന്‍റെ തുന്നലില്ലാത്ത മേലങ്കിയും അവിഭക്തമാകേണ്ട സഭകളുടെ കൂട്ടായ്മയും
Source: Vatican Radioജോര്‍ജിയ സന്ദര്‍ശനത്തിലെ അവസാനത്തെ പരിപാടിയായിരുന്നു ത്രിത്വത്തിന്‍റെ നാമത്തിലുള്ള സ്വേതിഷൊവേലിലെ പുരാതന ഭദ്രാസന ദേവാലയ സന്ദര്‍ശനം. സമ്മേളിച്ച ഓര്‍ത്തഡോക്സ് സഭാതലവാന്മാരെയും അല്‍മായ പ്രമുഖരെയും പാപ്പാ അഭിസംബോധനചെയ്തു.ഇവിടെ സ്വേതിഷൊവേലിലെ പാത്രിയാര്‍ക്കിസ് മഹാദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസതുവിന്‍റെ തുന്നലില്ലാത്ത വിശുദ്ധമായ മേലങ്കി നമുക്ക് സമീപസ്ഥമായിരിക്കുന്ന ദൈവികകാരുണ്യത്തിന്‍റെയും ആര്‍ദ്രമായ അവിടുത്തെ സ്നേഹത്തിന്‍റെയും പ്രതീകമാണ്. യോഹന്നാന്‍ ശ്ലീഹ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, "മേല്‍മുതല്‍ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയ..." (യോഹ. 19, 23) ക്രിസ്തുവിന്‍റെ കുപ്പായത്തിന്‍റെ ദിവ്യരഹസ്യം ക്രൈസ്തവികതയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. സഭാ പിതാവായ കാര്‍ത്തേജിലെ സിപ്രിയാന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. സഭയില്‍ അന്തര്‍ലീനമായിരിക്കുന്ന അവിഭക്തമായ കൂട്ടായ്മയുടെ പ്രതീകമാണതെന്നും, പിതാവായ ദൈവത്തില്‍നിന്നും നമുക്കു ലഭ്യമായ കീറിമുറിക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ കീറിമുറിക്കാന്‍ പാടില്ലാത്ത ക്രിസ്തുവിന്‍റെ തയ്യലില്ലാത്ത മേലങ്കിപോലുള്ള ദൈവികകൂട്ടായ്മയാണതെന്നുമാണ് (
De catholicae Ecclesiae unitate, 7, Sch. 1, 2006, pg. 193). ക്രിസ്തുവിന്‍റെ വിശുദ്ധ വസ്ത്രവും അതിന്‍റെ ദൈവികരഹസ്യവും നമ്മെ അനുസ്മരിപ്പിക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും, അവിടുത്തെ മൗതിക ശരീരത്തില്‍ സഭയിലെ ക്രൈസ്തവമക്കള്‍തന്നെ ഏല്പിച്ചിട്ടുള്ള ചരിത്രപരമായ മുറിപ്പാടുകളുടെ വേദന, അതിനാല്‍ നമുക്ക് അനുഭവവേദ്യമാകണമെന്നാണ്. അവ ഇന്നും ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ സത്യവും യഥാര്‍ത്ഥവുമായ മനോവ്യഥകള്‍ തന്നെയാണ്. തന്‍റെ മേലങ്കി മാത്രല്ല ശരീരവും, തന്നെതന്നെയും നമുക്കായി പകുത്തുതന്ന അവിടുന്നു ആഗ്രഹിച്ച കൂട്ടായ്മയ്ക്കും ഐക്യത്തിനുമായി നാം ഇനിയും പരിശ്രമിക്കണം. ക്ഷമയോടും ആദരവോടും, ക്രിസ്തീയ സാഹോദര്യത്തിലുമാണ് ഈ കൂട്ടായ്മ നാം യാഥാര്‍ത്ഥ്യമാക്കേണ്ടത്. നിരാശരാകാതെ, ഭയപ്പെടാതെ ഇനിയും ആ കൂട്ടായ്മയുടെ സന്തോഷം മുന്നില്‍ കണ്ടുകൊണ്ട് പ്രത്യാശയോടെ മുന്നേറണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.നിരന്തരമായ സംവാദത്തിലൂടെ ലഭിക്കുന്ന കൂട്ടായ്മയ്ക്കുള്ള അവസരങ്ങളെ, ഉദാരഹണത്തിന് സഭൈക്യത്തിനായുള്ള രാജ്യാന്തര സംയുക്ത ദൈവശാസ്ത്ര കമ്മിഷന്‍ (International theological Commission for dialogue between churches) എന്നീ പ്രസ്ഥാനങ്ങളെ ക്രിയാത്മകമായി കാണണം. കൂട്ടായ്മയ്ക്കായി നാം നടത്തുന്ന ശ്രമങ്ങളെ തളര്‍ത്തുകയോ, തല്ലിക്കെടുത്തുകയോ ചെയ്യാതെ പ്രോത്സാഹിപ്പിക്കണം, വളര്‍ത്തിയെടുക്കണം. അതുവഴി മെല്ലെ തെറ്റിദ്ധാരണകളും തടസ്സങ്ങളും മാറ്റിയെടുക്കാനാകും.ജ്ഞാനസ്നാനത്താല്‍ നാം ക്രിസ്തുവിനെ വസ്ത്രമായി അണിഞ്ഞവരാണ് ക്രൈസ്തവര്‍, സഭാപിതാവായ സിപ്രിയന്‍ പറയുന്നുണ്ട്. അതിനാല്‍ നാം എന്നും അവിഭക്തവുമാണ് (De Cath. 195). അതിനാല്‍ സാംസ്ക്കാരികവും ചരിത്രപരവുമായ വിഭാഗീയതകള്‍ക്കപ്പുറം ക്രൈസ്തവര്‍ ഒന്നാണ്. ക്രിസ്തുവില്‍ നാം ഒരു ശരീരമാണ്. (ഗലാത്തി. 3, 27, 28). അതിനാല്‍ നാം ഓര്‍ക്കുക, നമ്മെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ ശ്രേഷ്ഠവും മഹത്തരവുമാണ് നമ്മെ ഒന്നിപ്പിച്ചിരിക്കുന്ന വസ്തുതകള്‍. ക്രിസ്തുവില്‍ നാമെല്ലാവരും സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനത്തിന്‍റെ പ്രഭ ഒളിമങ്ങാതെ സൂക്ഷിക്കാം. അത് ലോകത്ത് പ്രസരിക്കട്ടെ, പ്രകാശിക്കട്ടെ! ദൈവസ്നേഹത്തിന്‍റെയും, അവിടുന്നു നമ്മോടു കാണിക്കുന്ന അനന്തമായ കാരുണ്യത്തിന്‍റെയും സാക്ഷികളായി ജീവിക്കാം!-------------------------------------------------@ തുന്നലില്ലാതെ നെയ്തുണ്ടാക്കിയതെന്നു പറയപ്പെടുന്ന ക്രിസ്തുവിന്‍റെ മേലങ്കിക്കായി അവിടുത്തെ കുരിശുമരണശേഷം റോമന്‍ പട്ടാളക്കാര്‍ ചിട്ടിയിട്ടു. (മത്തായി 27:35, സങ്കീര്‍ത്തനം 22:18, യോഹന്നാന്‍ 19:23). എന്നാല്‍ അതു സ്വന്തമാക്കിയ പട്ടാളക്കാരനില്‍നിന്നും അക്കാലത്ത് ജരൂസലേമിന്‍ പാര്‍ത്തിരുന്ന ജോര്‍ജിയക്കാരനായ റാബായ് ഏലിയോസ് വാങ്ങിച്ചു. ഏലിയോസ് ക്രിസ്തുവിന്‍റെ കുരിശുമരണത്തിന് സാക്ഷിയായിരുന്നെന്നും തിരുവസ്ത്രം സ്വന്തം നാടായ മിഷ്ക്കേത്തയിലേയ്ക്ക് കൊണ്ടുപോന്നെന്നും, ജോര്‍ജിയന്‍ പാരമ്പര്യം പഠിപ്പിക്കുന്നു. കാലക്രമത്തില്‍ ജോര്‍ജയന്‍ ഓര്‍ത്തഡോക്സ് സഭ വളര്‍ന്ന് പാത്രിയാര്‍ക്കല്‍ ആസ്ഥാനമാക്കി മാറ്റിയ സ്വേതിഷൊവേലിലെ മഹാദേവാലയത്തിലേയ്ക്ക് അത് കൈമാറ്റംചെയ്യപ്പെട്ടു. ഇന്നും ഭദ്രാസന ദേവാലയത്തിന്‍റെ നിലവറയില്‍ (Crypt) അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു (c.1010 AD). ഒക്ടോബര്‍ 1-ാം തിയതിയാണ് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ക്രിസ്തുവിന്‍റെ പുജ്യവസ്ത്രത്തിന്‍റെ തിരുനാള്‍ അനുവര്‍ഷം ആചരിക്കുന്നത് (cf. Wikipedia).