News >> ജോര്‍ജിയയില്‍നിന്നും ഗുംമ്രിയിലേയ്ക്ക് വൃദ്ധയുടെ ഒരു വിശ്വാസയാത്ര
Source: Vatican Radioസെപ്തംബര്‍ 1-ാം തിയതി ശനിയാഴ്ച - പോപ് ഫ്രാന്‍സിസിന്‍റെ അപ്പസ്തോലികസന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം. രാവിലെ ജോര്‍ജിയയിലെ മെഷ്ഖി സ്റ്റേഡിയത്തിലെ ബലിയര്‍പ്പണത്തിനുശേഷം, പാപ്പാ അവിടത്തെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് പാപ്പാ വിശ്രമിച്ചു. വൈകുന്നേരം നാലു മണിക്ക് തിബലീസിലെ സ്വര്‍ഗ്ഗാരോപിതനാഥയുടെ ദേവാലയത്തില്‍ അവിടത്തെ വൈദികരുടെയും സന്ന്യസ്തരുടെയും സെമിനാരിവിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു. ഏകദേശം 300 പോരുണ്ടായിരുന്നു, പ്രതിനിധികളായവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് തന്‍റെ പ്രഭാഷണം പാപ്പാ ക്രമീകരിച്ചത്. പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:ജൂണ്‍ 2016-ല്‍ അര്‍മേനിയയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടയിലെ സംഭവം ഓര്‍മ്മയില്‍ വരുന്നു. അവിടെ ഗുംമ്രി എന്ന സ്ഥലത്ത് ദിവ്യബലി അര്‍പ്പിച്ചശേഷം ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് പേപ്പല്‍ വാഹനത്തില്‍ മുന്നോട്ടു പോകയായിരുന്നു. ഏറെ പ്രായമായൊരു സ്ത്രീ തിരക്കില്‍പ്പെട്ടു നില്ക്കുന്നതു കണ്ടു. വാഹനംനിറുത്തിച്ചു! ബാരിക്കേടിനു പിന്നില്‍ ബുദ്ധിമുട്ടി നില്ക്കുന്ന പാവം വൃദ്ധ! വളരെ വിനീതയായി ക്ലേശിച്ചു നില്ക്കുന്നതു കണ്ട് നിറുത്തിയതാണ്. ചോദിച്ചു. "എവിടന്നാണ്?" പുഞ്ചിരിച്ചു. ഒരു സ്വര്‍ണ്ണപ്പല്ലു കാണാമായിരുന്നു. പഴമയുടെ നല്ല തിളക്കമാണത്! 80 വയസ്സിനു മുകളില്‍ പ്രായം കാണും. അവര്‍ പറഞ്ഞു. "ഞാന്‍ ജോര്‍ജിയയില്‍നിന്നും അങ്ങയെ കാണാന്‍ വന്നതാണ്. എട്ടു മണിക്കൂറോളം യാത്രചെയ്താണ് ഇവിടെ എത്തിയത്! വാഹനം നിറുത്തിയതിനും നന്ദി! നേരില്‍ അടുത്ത് കാണാന്‍ പറ്റിയല്ലോ"അവരുടെ വിശ്വാസമാണ് തന്നെ ആശ്ചര്യപ്പെടുത്തിയത്. കാരണം അവര്‍ വിശ്വസിക്കുന്ന ക്രിസ്തു തന്‍റെ അധികാരം പത്രോസിനെ ഏല്പിച്ചുകൊണ്ട് കടന്നുപോയെന്നും, ആ പത്രോസിന്‍റെ പ്രതിനിധിയാണ് സഭാതലവന്‍ പാപ്പായെന്നും അവര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ഒരു നോക്കു നേരില്‍ കാണാന്‍ അതിയായി ആഗ്രഹിച്ചായിരുന്നു ആ യാത്ര! പാവം സ്ത്രീ! എന്തൊരു വിശ്വാസം!!ഉറച്ച വിശ്വാസം നാം പൗതൃകമായി സ്വീകരിക്കുന്നതാണ്. അത് സ്വീകരിച്ചും ജീവിച്ചും, നാം അത് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതാണ്. അതുപോലെ ഇവിടത്തെ ദേശീയതയുടെയും, സഭയുടെയും ചരിത്രം അറിഞ്ഞും പഠിച്ചും വിശ്വസിച്ചും നിങ്ങള്‍ ജീവിക്കുക. അറിവുള്ള വിശ്വാസമാണ് പങ്കുവയ്ക്കേണ്ടത്. ഉറച്ചവിശ്വസം മുന്‍തലമുറയില്‍നിന്നും, അവരുടെ ചരിത്രത്തിലൂടെയും നമുക്ക് കിട്ടുന്നതാണ്. പഴയത് മറന്നുകളയേണ്ടതല്ല. മാതാപിതാക്കളും കാരണവന്മാരും നല്കിയത് സ്വീകരിച്ചും, അവ പരിപോഷിപ്പിച്ചും, ജീവിച്ചും അതെല്ലാം വരും തലമുറയ്ക്ക് പകര്‍ന്നുനല്കുന്നതിലാണ് ശരിയായ വിശ്വാസം, വളരുന്ന വിശ്വാസം! ജീവിക്കുന്ന വിശ്വാസം!! പൈതൃകസമ്പത്തായ വിശ്വാസം മുളപൊട്ടി വളരും. വളര്‍ന്നു പന്തലിക്കും. പഴമയുടെ ഓര്‍മ്മയും, ഇന്ന് ഇപ്പോള്‍ വിശ്വാസം ജീവിക്കാനുള്ള ധീരതയും, പിന്നെ അതു നല്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നമുക്ക് അനിവാര്യമാണ്. ജോര്‍ജിയയില്‍നിന്നും അര്‍മേനിയയിലെ ഗുംമ്രിയില്‍ എത്തിയ പാവം വൃദ്ധയെ മറക്കരുത്! അവരുടെ വിശ്വാസം മാതൃകയാക്കാം!അവസാനമായി, സഭൈക്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു. കൂടെ നടക്കുന്നതാണ് സഭൈക്യം. കൂടെ വസിക്കുകയും, പഠിക്കുകയും, ജീവിക്കുകയും, അയല്‍പക്കത്തു പാര്‍ക്കുകയും ചെയ്യുന്ന ഇതര ക്രൈസ്തവരെ അംഗീകരിക്കുകയും, സഹോദരങ്ങളായി കാണുന്നതാണ് സഭൈക്യം. മറിച്ച്, അവരെ പരിവര്‍ത്തനംചെയ്ത് കത്തോലിക്കരാക്കുക എന്നല്ല മതപരിവര്‍ത്തനംകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. സാഹോദര്യകൂട്ടായ്മയും കൂടെനടക്കാനുമുള്ള സന്നദ്ധതയുമാണ് സഭകളുടെ ഐക്യം. പൊതുവായ ഉപവി പ്രവര്‍ത്തനങ്ങളും സമാധാന ശ്രമങ്ങളിലും ഉരുമിച്ചും വ്യാപൃതരാകാം. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും... പിന്നെ കന്യാകാമറിയത്തിലും നാം വിശ്വസിക്കുന്നു. ഇതര ക്രൈസ്തവരും ഇതേ വിശ്വാസമുള്ളവരാണ്. പിന്നെന്താണ് നമ്മെ തമ്മില്‍ അകറ്റിനിറുത്തുന്നത്? അതിനാല്‍ ലോലവും ഗഹനവുമായ ദൈവശാസ്ത്ര ചിന്തകള്‍ പണ്ഡിതന്മാര്‍ക്കു വിട്ടുകൊടുത്തിട്ട്, നമുക്ക് ഈ ലോകത്തിന്‍റെ പച്ചയായ ചരിത്രത്തില്‍ പരസ്പരം തുണയായി ജീവിക്കാം. കാരണം നാം സഹോദരങ്ങളാണ്...!