News >> ചൂടാറിയ ചായപോലെ ആകരുത് വിശ്വാസമെന്ന് പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radio16-ാമക് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ രണ്ടം ഘട്ടം, ഒക്ടോബര്‍ 2-ാം തിയതി പാപ്പാ ഫ്രാന്‍സിസ് അസര്‍ബൈജാനില്‍ ആരംഭിച്ചു. തലസ്ഥാന നഗരമായ ബാക്കുവിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടായിരുന്നു ആസര്‍ബൈജാനിലെ സന്ദര്‍ശനത്തിന്‍റെ തുടക്കം. ഇന്നത്തെ വായനകളെ ആധാരമാക്കി വിശ്വാസത്തെയും സേവനത്തെയുംകുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചു. മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണെന്ന് പ്രവാചകന്‍ ഹാബകൂക്ക് ഉദ്ബോധിപ്പിക്കുന്നു. ദൈവമാണ് മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതും നന്മയില്‍ നയിക്കുന്നതും. ആകയാല്‍ ദൈവത്തില്‍ നാമെന്നും പ്രത്യാശയര്‍പ്പിക്കണം. വിശ്വാസമുള്ളവരായിരിക്കണം. "വിശ്വാസം വര്‍ദ്ധിപ്പിക്കണമേ," എന്നു പ്രാര്‍ത്ഥിച്ച ശിഷ്യന്മാരോട്, "നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കില്‍..." എന്നാണ് ക്രിസ്തു പ്രതികരിച്ചത്. പ്രാവചകനെപ്പോലെ അവിടുന്നു നമ്മോടും ആവശ്യപ്പെടുന്നത് ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിക്കുവിന്‍, എന്നാണ്. വിശ്വാസം മാന്ത്രിക ശക്തിയല്ല. അത് ദൈവികദാനമാണ്. മനുഷ്യന്‍റെ സുസ്ഥിതിയെ സഹായിക്കുന്ന ശക്തിയായി വിശ്വാസത്തെ കാണുന്നതും തെറ്റാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കരുത്തല്ല വിശ്വാസം. ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന സുവര്‍ണ്ണ കണ്ണിയാണത്. വിശ്വാസ ജീവിതത്തിലൂടെ യഥാര്‍ത്ഥമായും നമ്മുടേതായ പങ്കുവഹിക്കുകയാണെങ്കില്‍ സന്തോഷം തരുകയും, മരണംവരെ നമ്മെ ദൈവികാനന്ദത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന വലിയ സമ്പത്തായി മാറും വിശ്വാസം.വിശ്വാസത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ഗുണസമ്പത്താണ് സേവനം. ഒരു മനോഹരമായ 'കാര്‍പ്പെറ്റി'ന്‍റെ ഉദാഹരണം പാപ്പാ പറഞ്ഞു. കാര്‍പ്പെറ്റ് നാം വാങ്ങുന്നതാണ്. നാം അത് സൂക്ഷിക്കുന്നു. ഊടും പാവും മോശമാകാതെ സൂക്ഷിച്ചാല്‍ നല്ല കാര്‍പ്പെറ്റ് ഒരു പൈതൃകസ്വത്താണ്. വിശ്വാസവും സേവനവും ജീവിതത്തിന്‍റെ ഊടും പാവുംപോലെയാണ്. സൂക്ഷിച്ചാല്‍ അവ നിലനില്ക്കുന്നു, പക്വമാര്‍ജ്ജിക്കുന്നു, ബലപ്പെടുന്നു. ജീവിതത്തില്‍ നന്മ നേടാനും, വന്‍കാര്യങ്ങള്‍ ചെയ്യാനും നമ്മെ അത് പ്രാപ്തമാക്കും.വിശ്വാസത്തിന്‍റെയും സ്നേഹമുള്ള സേവനത്തിന്‍റെയും ഊഷ്മളത കെടുത്തുന്ന തിന്മയാണ് മന്ദത. അലസതയില്‍ മുഴുകുന്ന ഹൃദയത്തിന്‍റെ സ്നേഹാഗ്നി കെട്ടുപോകുന്നു, മങ്ങിപ്പോകുന്നു. ജീവിതത്തിന്‍റെ വിശ്വാസ തീക്ഷ്ണതായകുന്ന ചൂടു നഷ്ടപ്പെട്ട്, "തണുത്തൂറിയ ചായപോലെ" ക്രൈസ്തവജീവിതങ്ങള്‍ ഫലശൂന്യമാകാന്‍ സാദ്ധ്യതയുണ്ടെന്നും ഓര്‍ക്കേണ്ടതമാണ്.എന്നാല്‍ മറുപുറത്ത് അമിതമായ ആവേശം അപകടകരമാണ്. അവിടെ നാം പ്രമാണികളും നേതാക്കളുമായി മാറുന്നു. എന്‍റെ സേവനങ്ങളെല്ലാം സ്ഥാനം പിടിച്ചുപറ്റാനുള്ള ഉപാധികളാക്കി മാറ്റുന്നു. അങ്ങനെ പ്രകടനപരതയുള്ള സല്‍പ്രവൃത്തികളിലൂടെയും, ചെറിയചെറിയ സേവനങ്ങളിലൂടെയും സല്‍പ്പേരു സമ്പാദിക്കാന്‍ ശ്രമിക്കുന്നു. "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ചെറിയവനും, ദാസനുമായിരിക്കണം," (മത്തായി 20, 26) എന്നാണല്ലോ ക്രിസ്തു ഉദ്ബോധിപ്പിച്ചിട്ടുള്ളത്. സഭയാകുന്ന 'കാര്‍പ്പറ്റി'ന്‍റെ തുലോം നിസ്സാരമായ നാരുകളും നൂലുകളുമാണ് നാം. ഉടും പാവുമായി നെയ്തുചേര്‍ക്കപ്പെട്ട സഭയാകുന്ന നല്ല 'കാര്‍പ്പറ്റാ'യി മാറണം ക്രൈസ്തവര്‍. വിശ്വാസത്തിന്‍റെ ഫലമാണ് സ്നേഹം. സ്നേഹത്തിന്‍റെ ഫലം, സേവനവുമാണ്. പിന്നെ സേവനത്തിന്‍റെ ഫലമാണ് സമാധാനം!