News >> സർക്കാർ വിദ്യാഭ്യാസനയം : മതന്യൂനപക്ഷനേതാക്കൾ മെമ്മോറാണ്ടം നൽകി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ ആകാംക്ഷ അറിയിച്ച്, കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ബിഷപ് തിയോഡർ മസ്‌ക്കരനഹസിന്റെ നേതൃത്വത്തിൽ മുസ്ലീം, സിക്ക്, മറ്റു മതനേതാക്കൾ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജവേഡക്കറെ സന്ദർശിച്ച് ന്യൂനപക്ഷങ്ങളുടെ ആകാംക്ഷ അറിയിച്ചു.

ക്രൈസ്തവസമൂഹം വിദ്യാഭ്യാസമേഖലകളിലൂടെ രാഷ്ട്രത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിലയേറിയ സംഭാവനകളെ ബിഷപ് തിയോഡർ കേന്ദ്ര മന്ത്രിയെ തദവസരത്തിൽ ധരിപ്പിക്കുകയുണ്ടായി.
പുതിയ വിദ്യാഭ്യാസനയം രൂപപ്പെടുത്തുമ്പോൾ ആദിവാസികൾക്കും ഗിരിവർഗക്കാർക്കും ദളിതർക്കും അർഹതപ്പെട്ട പ്രാധാന്യം നൽകണം. വിദ്യാർത്ഥികളുടെ നാനാമുഖമായ പ്രതിഭകൾക്ക് പ്രാധാന്യം നൽകിയുള്ള ഒരു വിദ്യാഭ്യാസ നയമാണ് രൂപീകരിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകണമെന്ന് ബിഷപ് തിയോഡർ അഭ്യർത്ഥിച്ചു.

ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമെന്ന് മന്ത്രി ജവേഡക്കർ ഉറപ്പു നൽകി. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിദ്യാഭ്യാസരേഖ, കരടുരേഖ മാത്രമാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ലഭിച്ചതിനുശേഷമേ, സർക്കാർ പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുകയുള്ളൂവെന്നും മന്ത്രി ജവേഡക്കർ അറിയിച്ചു.