News >> കറുത്ത പാപ്പ ഇന്ത്യയിൽ നിന്നാകുമോ?
Source: Sunday Shalom
കത്തോലിക്ക സഭയുടെ ഭാവിചിന്തകളെ പ്രചോദിപ്പിക്കുന്ന പ്രബല സന്യാസ സമൂഹമായ ഈശോസഭയുടെ പുതിയ സുപ്പീരിയർ ജനറൽ ഇന്ത്യയിൽനിന്നോ ഏഷ്യയിൽനിന്നോ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോമിൽ ആരംഭിച്ച 36-ാമത് സാർവത്രിക സമ്മേളനത്തിലാണ് ജനറലിനെ തിരഞ്ഞെടുക്കുന്നത്. ഇതുവരെ യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നുമാണ് ഏറ്റവുമധികം അംഗങ്ങൾ ഈശോസഭയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ അംഗങ്ങളുള്ളത്.
ആകെ 16740 അംഗങ്ങളുള്ളതിൽ നാലായിരത്തിൽപരം ഇന്ത്യയിൽ നിന്നാണെന്ന് ജനറൽ കൗൺസിലർ ഫാ. ഫെഡറികോ ലൊംബാർഡി റോമിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. 9600-ൽ പരം ഈശോസഭാംഗങ്ങളും യൂറോപ്പ്-അമേരിക്കയിൽനിന്നും പുറത്തുള്ളവരാണ്. അംഗസംഖ്യയിലെ ഈ അനുപാതത്തിന്റെ പ്രതിഫലനം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 212 പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.
കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ഈശോസഭയുടെ സുപ്പീരിയർ ജനറൽ കറുത്തപാപ്പ എന്നാണ് അറിയപ്പെടുന്നത്. മാർപാപ്പയുടേതുപോലെ ജസ്യൂട്ട് ജനറലിന്റെയും കാലാവധി ആയുഷ്‌കാലമാണെങ്കിലും മുൻ ജനറൽ പീറ്റർ ഹാൻസ് കോൾവെൻബാകിന് സ്ഥാനമൊഴിയാനുള്ള അനുവാദം ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് നൽകിയത്. സ്‌പെയിൻകാരനായ അഡോൾഫോ നിക്കോളാസാണ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട് മാർപാപ്പയും സ്ഥാനത്യാഗത്തിന്റെ പാത പിന്തുടർന്നു. ഈശോ സഭാംഗമായ ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും ചരിത്രനിമിഷത്തിനാണ് ഒരുങ്ങുന്നത്. ആദ്യമായാണ് ഈശോസഭാംഗമായ മാർപാപ്പ ഈശോസഭ സാർവത്രിക സമ്മേളനത്തെ അഭിസംബോധന ചെയ്യുക. തിരഞ്ഞെടുപ്പിനുശേഷം ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ ഈശോസഭയുടെ പ്രതികരണത്തെക്കുറിച്ച് ചർച്ചകളുമുണ്ടാകും. രണ്ടുവർഷംകൊണ്ടാണ് സാർവത്രിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
കേരളത്തിൽനിന്നും പ്രൊവിൻഷ്യൽ ഫാ. എം.കെ. ജോർജും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഫാ. ജോസ് ജേക്കബുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിശുദ്ധ ഇഗ്നേഷ്യസ് ലയോള 540-ൽ സ്ഥാപിച്ച ഈശോസഭയ്ക്ക് ആ കാലഘട്ടം മുതൽ ഇന്ത്യയിൽ സാന്നിധ്യം അറിയിക്കാനായിരുന്നു. രാജ്യത്തെ മുൻനിരയിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈശോസഭയാണ്.