News >> ക്യൂബയില്‍ പാപ്പാ പങ്കുവച്ച വിശുദ്ധ മത്തായിയുടെ മാനസാന്തരത്തിന്‍റെ കഥ


ക്യൂബയുടെ തെക്കു-കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലെ വിപ്ലവച്ത്വരത്തില്‍ തന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം, സെപ്തംബര്‍ 21-ാം തിയതി രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ സുവിശേഷചിന്തകള്‍. 

മത്തായിയുടെ സുവിശേഷം 9, 9-13-നെ ആധാരമാക്കി പാപ്പാ പങ്കുവച്ച ഹൃദ്യമായ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

മാനസാന്തരത്തിന്‍റെ കഥയായിരുന്നു ഇന്നത്തെ സുവിശേഷം. സുവിശേഷകനും അപ്പസ്തോലനുമായ വിശുദ്ധ മത്തായിയുടെ ജീവിതത്തെ പാടെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം സുവിശേഷത്തില്‍ അദ്ദേഹം തന്നെയാണ് വിവരിക്കുന്നത്. ചരിത്രത്തെ മാറ്റിമറിച്ച നേര്‍ക്കാഴ്ചയായിരുന്നു അത്. 

ചുങ്കം പിരിക്കുന്ന തന്‍റെ ജോലിയില്‍ മത്തായി ഒരുനാള്‍ വ്യാപൃതനായിരുന്നപ്പോള്‍ ക്രിസ്തു ആ വഴി വന്നു. അയാളെ കണ്ട് അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു, "മത്തായീ, എന്നെ അനുഗമിക്കുക!". അയാള്‍ എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു. 

 ക്രിസ്തു അയാളെ ഒന്നു നോക്കുക മാത്രമാണ് ചെയ്തത്. ആ നോട്ടത്തില്‍ ക്രിസ്തു പ്രകടമാക്കിയ സ്നേഹം അത്യഗതമായിരുന്നു. അതാണ് മത്തായിയെ മാനസാന്തരപ്പെടുത്തിയതും, അവിടുത്തെ അനുഗമിക്കാന്‍ പ്രേരിപ്പിച്ചതും. തന്‍റെ ചുങ്കക്കടയില്‍നിന്നും മത്തായി എഴുന്നേറ്റു പോകുവാന്‍ മാത്രം എന്തു ശക്തിയാണ് ക്രിസ്തുവില്‍ പ്രകടമായതെന്ന് ആരും ചിന്തിച്ചു പോകും!

ചുങ്കക്കാരനും പരസ്യപാപിയുമായ മത്തായി യഹൂദരില്‍നിന്നു കരംപിരിച്ച് റോമാക്കാര്‍ക്കു കൊടുക്കുന്ന ജോലിയിലായിരുന്നു. ചുങ്കക്കാരെ അതിനാല്‍ സാധാരണജനം പാപികളായി കാണുകയും അവരെ പുച്ഛിക്കുകയും വെറുക്കുകയും, സമൂഹത്തില്‍നിന്നും അകറ്റിനിറുത്തുകയും ചെയ്തിരുന്നു. അത്തരക്കാരോടൊപ്പം ഭക്ഷിക്കുവാനോ, സംസാരിക്കുവാനോ, കൂടെ പ്രാര്‍ത്ഥിക്കുവാനോ ആരും കൂട്ടാക്കിയില്ല. ഇത്തരത്തിലൊരു സാമൂഹ്യഘടനയിലാണ് ചുങ്കക്കാര്‍ കഴിഞ്ഞുകൂടിയത്. 

എന്നാല്‍ അങ്ങിനെയൊരു ചുങ്കക്കാരന്‍റെ മുന്നില്‍ ഇതാ, ക്രിസ്തു നില്ക്കുന്നു. അവിടുന്ന് അയാളെ വിട്ട് അകന്നു പോയില്ല. ശാന്തമായും സൗമ്യമായും യേശു മത്തായിയെ ഒന്നു നോക്കി പുഞ്ചിരിച്ചു. അവിടുന്ന് കാരുണ്യത്തിന്‍റെ കണ്ണുകളോടെയാണ് അയാളെ നോക്കിയത്. ഇന്നുവരെയ്ക്കും മറ്റാരും ചെയ്യാത്തതുപോലെ ക്രിസ്തു അയാളെ കടാക്ഷിച്ചു. അയാളോട് കാരുണ്യം കാണിച്ചു. ആ നോട്ടം മത്തായിയുടെ കഠിനഹൃദയത്തിന്‍റെ കുരുക്കഴിച്ചു. അത് അയാളെ സ്വതന്ത്രനാക്കി, അയാള്‍ക്ക് സൗഖ്യമേകി. സഖേവൂസിനും, ബാര്‍ത്തിമേവൂസിനും, മഗ്ദലയിലെ മേരിക്കും പത്രോസിനും നല്കിയതുപോലുള്ള പ്രത്യാശയുടെ പുതുജീവന്‍ ആ നോട്ടത്തിലൂടെ ക്രിസ്തു അയാള്‍ക്കു നല്കി. നമുക്ക് ഓരോരുത്തര്‍ക്കും ഇന്ന് ക്രിസ്തു അതേ പ്രത്യാശയാണ് പകര്‍ന്നു നല്കുന്നത്, എന്ന് പാപ്പാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നാം ക്രിസ്തുവിലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുന്നില്ലെങ്കിലും അവിടുന്ന് നമ്മെ ആദ്യം കടാക്ഷിക്കുന്നു. മത്തായിയുടെ മാനസാന്തരത്തിന്‍റെ കഥ നമ്മുടെയും മറ്റ് അനവധി പേരുടെയും ജീവിതകഥയും അനുഭവവുമാണെന്നതില്‍ സംശയമില്ല. ഞാന്‍ മത്തായിയെപ്പോലെ ക്രിസ്തുവിന്‍റെ ദിവ്യകടാക്ഷം പതിച്ചൊരു പാപിയാണേ! നമ്മു‌‌ടെ ജീവിതത്തില്‍ അത് ഭവനത്തില്‍വച്ചോ, ദേവാലയത്തില്‍വച്ചോ, എവിടെയുമാവട്ടെ, ദൈവത്തിന്‍റെ കരുണാര്‍ദ്രമായ കടാക്ഷം നമ്മുടെ ജീവിതത്തില്‍ നിപതിച്ച ആ സാഹചര്യം നമുക്ക് നന്ദിയോടും സന്തോഷത്തോടുംകൂടെ അയവിറക്കാനാവുമോ?!

നമുക്കുമുന്നേ പോകുന്നതും, നമ്മുടെ ആവശ്യങ്ങളെ മുന്‍കൂട്ടി കാണുന്നതുമാണ് ക്രിസ്തുവിന്‍റെ സ്നേഹം. നമ്മുടെ ബാഹ്യമോടിക്കും, പാപങ്ങള്‍ക്കും, പരാജയങ്ങള്‍ക്കും അയോഗ്യതകള്‍ക്കുമപ്പുറം എത്തിപ്പെടുന്നതാണ് ആ ദിവ്യസ്നേഹം. നമ്മുടെ സാമൂഹ്യനിലവാരത്തിനും അവസ്ഥയ്ക്കും മീതെ എത്തുവാന്‍ കഴിവുള്ളവനാണ് ക്രിസ്തു! 

മനുഷ്യരുടെയും ദൈവത്തിന്‍റെയും മുന്നില്‍ അയോഗ്യരെന്ന് വിധിക്കപ്പെട്ടവരെ തേടിയാണ് ക്രിസ്തു വന്നത്. ക്രിസ്തുവിന്‍റെ കടാക്ഷം നമ്മില്‍ പതിയാന്‍  നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. നമ്മുടെ ജീവിതത്തെരുവുകളുടെ പാപാവസ്ഥയിലേയ്ക്ക് അവിടുത്തെ ദൃഷ്ടി പതിക്കട്ടെ. അങ്ങനെ ആ നോട്ടം നമ്മുടെ സന്തോഷവും പ്രത്യാശയുമായി പരണമിക്കട്ടെ!

കാരുണ്യത്തോടെ കടാക്ഷിച്ചിട്ട് ക്രിസ്തു അയാളോടു പറഞ്ഞത്, "മത്തായീ, നീ എന്നെ അനുഗമിക്കുക." അയാള്‍ എഴുന്നേറ്റ് ഉടനെ അവിടുത്തെ അനുഗമിച്ചു. നോക്കിനുശേഷം, ഇതാ, ഒരു വാക്കും! 

പിന്നെ മത്തായി പഴയ മനുഷ്യനല്ല. അയാളില്‍ ആന്തരികമായ പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയും, പിന്നെ അവിടുത്തെ സ്നേഹകാരുണ്യവുമാണ് അയാളെ പരിവര്‍ത്തന വിധേയനാക്കിയത്. തന്‍റെ ചുങ്കപ്പിരിവു മേശയും, പണസ്‍ഞചിയും അതു കെട്ടിവരിഞ്ഞ ഏകാന്തതയുമെല്ലാം വിട്ടെറിഞ്ഞ് ഇതാ...! മത്തായി ക്രിസ്തുവിനെ അനുഗമിച്ചു.

Source: Vatican Radio