News >> പാപ്പാ ഫ്രാന്‍സിസ് ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
Source: Vatican Radioറോമില്‍നിന്നും ഏകദേശം 70 കി.മി. അകലെയുള്ള പ്രദേശങ്ങളാണ് പാപ്പാ സന്ദര്‍ശിച്ചത്. ആഗസ്റ്റ് 24-ന് വെളുപ്പിനുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന ഈ പ്രദേശങ്ങളില്‍ 300 പേര്‍ മരണമടയുകയും അനേകര്‍ മുറിപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനമായ ചൊവ്വാഴ്ച, തന്‍റെ നാമഹേതുക തിരുനാളിലാണ് പ്രാദേശിക സമയം രാവിലെ 9 മണിക്ക് ഭൂകമ്പബാധിത പ്രദേശത്ത് പാപ്പാ ഫ്രാന്‍സിസ് കാറില്‍ എത്തിച്ചേര്‍ന്നത്. ആകസ്മികമായ സന്ദര്‍ശനം എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഏറ്റവും കൂടുതല്‍ കെടുതികള്‍ നേരിട്ട അമത്രീചെയില്‍ ആദ്യം എത്തിച്ചേര്‍ന്ന പാപ്പാ മരണഗര്‍ത്തമായി മാറിയ ഗ്രാമത്തിന്‍റെ കേന്ദ്രഭാഗത്ത് മുട്ടുകുത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പിന്നെ തകര്‍ന്ന സ്ക്കൂളിന്‍റെ സ്ഥാനത്ത് താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികുളുടെ പ്രാഥമിക വിദ്യാലയം പാപ്പാ സന്ദര്‍ശിച്ചു. സ്ഥലത്തെ നിവാസികളും കുട്ടികള്‍ക്കൊപ്പം ഉടനെ പാപ്പായെ കാണാനെത്തി.കെടുതിയുടെ ദിനങ്ങളില്‍ തന്‍റെ സന്ദര്‍ശനം ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവമാകുമെന്നു ഭയന്നാണ് വരാതിരുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പ്രാര്‍ത്ഥനയില്‍ താന്‍ കൂടെയുണ്ടായിരുന്നു. ഇനിയും നിങ്ങളുടെ കൂടെയുണ്ടെന്നു പറയാനാണ് ഈ സന്ദര്‍ശനം. സാമീപ്യവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടായിരിക്കും. വേദനയുടെ ഈ നാളുകളില്‍ ദൈവത്തില്‍ ആശ്രയിക്കുക. ധൈര്യമായി മുന്നേറുക! കന്യാനാഥ നിങ്ങളെ അനുഗ്രഹിക്കട്ടെ! അവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചിട്ടാണ് ഭൂകമ്പത്തിനിരയായ അക്കുമോളി എന്ന പ്രദേശം സന്ദര്‍ശിക്കാന്‍ പാപ്പാ തുടര്‍ന്ന് കാറില്‍ പുറപ്പെട്ടത്.ഇപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തകരെ മാര്‍ഗ്ഗമദ്ധ്യേ കണ്ടപ്പോള്‍ അഭിവാദ്യംചെയ്യാനും, അഭിനന്ദിക്കാനും നന്ദിപറയാനും, അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും പാപ്പാ സമയം കണ്ടെത്തി. ശ്മശാനമുകതയുള്ള അക്കുമോളി ഗ്രാമവും ചുറ്റുപാടുകളും ഏകനായി നടന്നു കണ്ട പാപ്പാ, തകര്‍ന്ന ദേവാലയ ഭാഗത്ത് കയറിനിന്നു പ്രാര്‍ത്ഥിച്ചു. ഓടിയെത്തിയ തദ്ദേശവാസികളെ അഭിവിദ്യംചെയ്തു. പ്രാര്‍ത്ഥനനേരുകയും അവരെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ക്ലേശങ്ങളില്‍ നഷ്ടധൈര്യരാകാതെ മുന്നോട്ടു പോകാനുള്ള കരുത്ത് ദൈവം തരും. ധൈര്യം കൈവെടിയരുത്. ഒരുമിച്ചു മുന്നേറാം! പ്രാര്‍ത്ഥിക്കാം. പിന്നെ ഏതാനും നിമിഷങ്ങള്‍ പാപ്പാ അവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു.തുടര്‍ന്ന് അടുത്ത പ്രദേശമായ റിയേത്തിയിലുള്ള വിശുദ്ധ റാഫേലിന്‍റെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഓരോരുത്തരുടെയും പക്കല്‍ച്ചെന്ന് അവരെ സമാശ്വസിപ്പിച്ചു. പ്രാര്‍ത്ഥിച്ചു. മദ്ധ്യാഹ്നം 1 മണിയോടെ അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഏതാനും നിമിഷങ്ങള്‍ അവിടെ വിശ്രമിച്ചശേഷം, 2 മണിക്ക് വീണ്ടും അടുത്തുള്ള പെസ്ക്കാര പ്രദേശത്തേയ്ക്കു യാത്രപുറപ്പെട്ടു.ഒരു സുരക്ഷാ സഹായിയും, പിന്നെ മറ്റൊരു വാഹനത്തില്‍ കെടുതിയുടെ നാളില്‍ സഹായിക്കാന്‍ അമാത്രീച്ചെയില്‍ എത്തിയ വത്തിക്കാന്‍റെ 6 അഗ്നിശമന സേനാംഗങ്ങളും, അവിടത്തെ രൂപതാ മെത്രാനും മേയറുമാണ് ഈ അനൗപചാരിക സന്ദര്‍ശനത്തില്‍ പാപ്പായുടെ കൂടെയുണ്ടായിരുന്നത്. സ്ഥലത്തെ പോലീസിന്‍റെ മെഗാഫോണ്‍ ഉപയോഗിച്ച് പെസ്ക്കാരയിലെ ജനങ്ങളെയും പാപ്പാ അഭിസംബോധനചെയ്തു, അവരെ സാന്ത്വനപ്പെടുത്തി, തന്‍റെ പ്രാര്‍ത്ഥാന സാമീപ്യം എന്നും ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് പാപ്പാ ഉറപ്പുനല്കി.ഭൂകമ്പബാധിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ആഗസ്റ്റ് 28-ാം തിയതി വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ പൊതുവായി പ്രഖ്യാപിച്ചിരുന്നു. ജൂബിലിയുടെ തിരക്കും, അപ്പസ്തോലിക യാത്രകളുമായിരുന്നു തടസ്സം. ഒക്ടോബര്‍ 2-ാം തിയതി ജോര്‍ജിയ-അസര്‍ബൈജാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇറ്റലിയിലെ ഭൂകമ്പബാധി പ്രദേശത്തേയ്ക്കുള്ള സന്ദര്‍ശനത്തെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. റോമിന്‍റ മെത്രാനെന്ന നിലയില്‍ വേദനിക്കുന്ന അജഗണത്തിന്‍റെ പക്കലേയ്ക്കു ഉടനെ പോകുമെന്നും, എന്നാല്‍ പ്രാര്‍ത്ഥാനപൂര്‍വ്വമുള്ള സ്വകാര്യയാത്രയായിരിക്കും അതെന്നും മാത്രം, വിമാനത്തില്‍ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പാപ്പാ അറിയിച്ചിരുന്നു.ചെവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അമാത്രീചെ, അക്കുമോളി, പെസ്ക്കാരാ പ്രേദേശത്തെ വേദനിക്കുന്ന ജനങ്ങളോട് യാത്രപറഞ്ഞ് പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.