News >> ക്രിസ്തുവിലുള്ള കൂട്ടായ്മ സംഭാഷണത്തിനു പ്രചോദനം- പാപ്പാ
Source: Vatican Radioവിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഫ്രാന്‍സീസ് പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദിയായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു, താപമാപനിയിയില്‍ ഏറ്റവും താഴ്ന്നത് 11 ഉം ഏറ്റം ഉയര്‍ന്നത് 23 ഉം സെല്‍ഷ്യസ് താപനില രേഖപ്പെടുത്തപ്പെട്ട ഈ ബുധനാഴ്ച. ഇടയ്ക്ക് കാര്‍മ്മുകില്‍ കാണപ്പെടുകയും കളിര്‍ക്കാറ്റ് വീശുകയും ചെയ്തിരുന്നെങ്കിലും അരുണകിരണങ്ങള്‍ ഒളിപരത്തി. പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ കരഘോഷങ്ങളും ആരവങ്ങളും ജനസഞ്ചയത്തിന്‍റെ ആനന്ദാവിഷ്ക്കാരമായി.കൈകള്‍ ഉയര്‍ത്തി എല്ലാവരേയും സുസ്മേരവദനനായി അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു..തുടര്‍ന്ന് വിവിധ ഭാഷകളില്‍ സുവിശേഷവായനയായിരുന്നു. യോഹന്നാന്‍റെ സുവിശേഷം, അദ്ധ്യായം 14, 27 മുതല്‍ 29 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്.
"ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതു പോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട. ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍ പിതാവിന്‍റെ അടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍ പിതാവ് എന്നെക്കാള്‍ വലിയവനാണ്. അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന് സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു. ഈ സുവിശേഷ വായനയെത്തുടര്‍ന്ന് പാപ്പാ താന്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ ജോര്‍ജിയ അസ്സെര്‍ബൈജാന്‍ എന്നീ നാടുകളില്‍ നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ ഇപ്രകാരം പറഞ്ഞു.പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം. കഴിഞ്ഞ ആഴ്ച ഞാന്‍ ജോര്‍ജിയയിലും അസ്സെര്‍ബൈജാനിലും അപ്പസ്തോലിക പര്യടനം നടത്തുകയുണ്ടായി. എനിക്ക് ഈ സന്ദര്‍ശനം സാധ്യമാക്കിത്തീര്‍ത്ത കര്‍ത്താവിന് ഞാന്‍ നന്ദി പ്രകാശിപ്പിക്കുകയും ഇരുനാടുകളുടെയും പൗരാധികാരികളോടും മതാധികാരികളോടും വിശിഷ്യ, ജോര്‍ജിയായുടെ ആകമാന പാത്രിയാര്‍ക്കീസ് ഇലിയ ദ്വിതീയനോടും കൗക്കാസസിലെ ഇസ്ലാം ഷെയ്ക്കിനോടുമുള്ള കൃതജ്ഞത നവീകരിക്കുകയും ചെയ്യുന്നു. പാത്രിയാര്‍ക്കീസ് ഇലിയ ദ്വിതീയന്‍റെ സാക്ഷ്യം എന്‍റെ ഹൃദയത്തിനും ആത്മാവിനും ഏറെ ഗുണകരമായി. എനിക്ക് സ്നേഹോഷ്മളത പകര്‍ന്ന മെത്രാന്മാരോടും വൈദികരോടും സമര്‍പ്പിതരോടും സകല വിശ്വാസികളോടും ഞാന്‍ സഹോദരനിര്‍വ്വിശേഷം നന്ദിയറിയിക്കുന്നു. ഈ അപ്പസ്തോലിക പര്യടനം ഞാന്‍ ജൂണ്‍ മാസത്തില്‍ അര്‍മേനിയയില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായിരുന്നു. ഈ മൂന്നു കൊക്കാസസ് രാജ്യങ്ങളിലെയും കത്തോലിക്ക സഭയെ ബലപ്പെടുത്താനും സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള അന്നാടുകളിലെ ജനങ്ങളുടെ മുന്നേറ്റത്തിന് പ്രചോദനം പകരാനും ഈ സന്ദര്‍ശനം നടത്തുകയെന്ന പദ്ധതിയുടെ സാക്ഷാത്ക്കാരം, അങ്ങനെ, ദൈവകൃപയാല്‍ സാധ്യമായി. ഈ യാത്രയ്ക്ക് ജോര്‍ജിയ സ്വീകരിച്ച " നിങ്ങള്‍ക്ക് സമാധാനം", അസ്സെര്‍ബൈജാന്‍ സ്വീകരിച്ച " നാമെല്ലാവരും സഹോദരങ്ങളാണ്" എന്നീ മുദ്രാവാക്യങ്ങള്‍ സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള അന്നാടുകളുടെ യാത്രയെ എടുത്തുകാട്ടുന്നു.ഇരുനാടുകള്‍ക്കുമുള്ളത് പുരാതനമായ ചരിത്രസാംസ്കാരികമതവേരുകളാണ്. അതേസമയം ഇപ്പോള്‍ നൂതനമായ ഒരു ഘട്ടം ജീവിക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ നല്ലൊരു ഭാഗവു സോവ്യറ്റ് ആധിപത്യത്തിന്‍ കീഴിലായിരുന്ന ഈ രണ്ടു രാജ്യങ്ങളും ഈ വര്‍ഷം സ്വാതന്ത്ര്യലബ്ധിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈയൊരുഘട്ടത്തില്‍ ഈ നാടുകള്‍ സാമൂഹ്യ ജീവിത ചുറ്റുപാടുകളില്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഉപവിയുടെയും മാനവപുരോഗതിയുടെയും അടയാളമായിക്കൊണ്ട് ഈ നാടുകളില്‍ സന്നിഹിതയാകാനും ചാരെ ആയിരിക്കാനും കത്തോലിക്കസഭ വിളിക്കപ്പെട്ടിരിക്കുന്നു. ഇതര സഭകളും ക്രൈസ്തവസമൂഹങ്ങളുമായുള്ള കൂട്ടായ്മയും മറ്റുമതങ്ങളുമായുള്ള സംഭാഷണവും വഴി ഈ ദൗത്യനിര്‍വ്വഹണത്തിന് സഭ പരിശ്രമിക്കുന്നു.ജോര്‍ജിയായില്‍ സ്വാഭാവികമായും ഈ ദൗത്യം അന്നാട്ടിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ഓര്‍ത്തഡോക്സ് സഹോദരങ്ങളുമായുള്ള സഹകരണത്തിലുടെ കടന്നു പോകുന്നു. ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ ജോര്‍ജിയായില്‍ നടന്ന ഇടയസന്ദര്‍ശനവേളയിലെ വിവിധ പരിപാടികള്‍ അനുസ്മരിച്ചു. ഏറെ പീഢിപ്പിക്കപ്പെട്ട അസ്സീറിയന്‍ കല്‍ദായ സമൂഹവുമായി തിബിലിസിയില്‍ വച്ചുനടന്ന കൂടിക്കാഴ്ച പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ക്രൈസ്തവരുടെ ഐക്യം വിവിധക്രൈസ്തവസമൂഹാംഗങ്ങളുടെ നിണത്താല്‍ ബലപ്പെടുത്തപ്പെട്ടതാണെന്നു പ്രസ്താവിക്കുകയും ചെയ്തു. സിറിയയിലും ഇറാക്കിലും മദ്ധ്യപൂര്‍വ്വദേശം മുഴുവനിലും സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി തിബിലിസിയിലെ ഈ കൂടിക്കാഴ്ചാവേളയില്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചതും പാപ്പാ അനുസ്മരിച്ചു.അസ്സെര്‍ബൈജാന്‍ സന്ദര്‍ശനത്തെക്കുറിച്ചനുസ്മരിക്കവെ പാപ്പാ, ദൈവരാജ്യത്തിന്‍റെ വിത്തെന്ന നിലയില്‍ ക്രൈസ്തവ കുടുംബങ്ങളുടെ സുവിശേഷാത്മക സാന്നിധ്യം മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷം വരുന്നതും കത്തോലിക്കര്‍ വളരെ കുറച്ചുമാത്രമുള്ളതുമായ അന്നാട്ടില്‍ ഇനിയും കൂടുതലായി ആവശ്യമുണ്ടെന്നു പറഞ്ഞു. കൂടുതല്‍ നീതിയും സാഹോദര്യവും വാഴുന്ന ഒരു ലോകം ഒത്തൊരുമിച്ചു കെട്ടിപ്പടുക്കുന്നതിന്, ക്രിസ്തുവിലുള്ള കൂട്ടായ്മ, ദൈവത്തില്‍ വിശ്വസിക്കുന്ന സകലരുമായി കൂടിക്കാഴ്ച നടത്താനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും പ്രചോദനം പകരുകയാണ് ചെയ്യുന്നത് അല്ലാതെ തടസ്സം സൃഷ്ടിക്കുന്നില്ല എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കൊക്കാസസ് ജനതകള്‍ക്ക് സമാധാനത്തിലും പരസ്പരാദരവിലും ജീവിക്കാനും കഴിയട്ടെയന്ന് താന്‍ അസ്സെര്‍ബൈജാന്‍റെ അധികാരികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ആശംസിച്ചതും പാപ്പാ അനുസ്മരിച്ചു.അര്‍മ്മേനിയ, ജോര്‍ജിയ, അസ്സെര്‍ബൈജാന്‍ എന്നീ നാടുകളെ ദൈവം അനുഗ്രഹിക്കട്ടെയന്നും അന്നാടുകളിലെ തീര്‍ത്ഥാടകരായ ദൈവത്തിന്‍റെ സ്വന്തം ജനത്തിന്‍റെ യാത്രയ്ക്ക് അവിടന്ന് തുണയേകട്ടെയെന്നുമുള്ള പ്രാര്‍ത്ഥനയോടയാണ് പാപ്പാ തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ഉപസംഹരിച്ചത്.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ പ്രേഷിതമാസമായ ഒക്ടോബറില്‍ നമ്മള്‍ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ രാജ്ഞിയായ പരിശുദ്ധകന്യകാമറിയത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും യേശുവിന്‍റെതായ കാരുണ്യത്തിന്‍റെയും സൗമ്യതയുടെയും ഭാവത്തോടുകൂടി സ്വന്തം ചുറ്റുപാടുകളില്‍ സുവിശേഷത്തിന്‍റെ പ്രേഷിതരാകാന്‍ യുവജനത്തെയും, അകന്നു നില്ക്കുന്നവരുടെയും നിസ്സംഗതപാലിക്കുന്നവരുടെയും മാനസാന്തരത്തിനായി തങ്ങളുടെ സഹനങ്ങളെ സമര്‍പ്പിക്കാന്‍ രോഗികളെയും രക്ഷയുടെ സുവിശേഷം വചനത്താലും മാതൃകയാലും പ്രഘോഷിച്ചുകൊണ്ട് സ്വകുടുംബത്തില്‍ പ്രേഷിതരാകാന്‍ നവദമ്പതികളെയും ആഹ്വാനം ചെയ്തു.തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.