News >> ക്രൈസ്തവസഭ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്: മാർ ജോർജ് ആലഞ്ചേരി
Source: Sunday Shalom
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുക്കിപ്പണിത ചെങ്ങളം സെന്റ് ആന്റണീസ് പള്ളി തീർഥാടന ദൈവാലയമായി പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസങ്ങൾ പരീക്ഷപ്പെടുമ്പോഴാണ് അതിന് കൂടുതൽ തീക്ഷ്ണത കൈവരുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കണം. എതിർപ്പുകളും ക്ലേശങ്ങളുമില്ലാതെ നാം ജീവിക്കുന്ന കാലഘട്ടത്തിൽ ഒരു പക്ഷേ വിശ്വാസം മന്ദീഭവിച്ചെന്നു വരാം.
അതിനാൽ വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്ക് കൂടുതൽ വില കൽപ്പിക്കണം. അതിനാൽ നമ്മുടെ വിശ്വാസങ്ങൾക്കു മേൽ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ചഞ്ചലപ്പെടരുത്. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ജോൺ ഉഴുന്നാലിനെ നാടുകടത്തി. എവിടെയാണെന്ന് പോലും അറിയില്ല. ഒറീസയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ ആറു മാസത്തോളം അഭയം തേടിയത്. മതമൗലിക വാദികളായ ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി.
എന്നാൽ ഇപ്പോൾ പൂർവസ്ഥിതിയിലാണ്. ഇത്രയൊക്കെ പ്രതിസന്ധികളിൽ നിന്നും തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. തീർത്ഥാടന ദൈവാലയ പ്രഖ്യാപനത്തിന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ഇടവക വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കൽ, ഫാ. റോയി, ഫാ. ജിൻസ്, ഫാ. തോമസ് ഇലവനാൽ മുക്കട, ഫാ. സജീവ് കാഞ്ഞിരത്തിനാൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്വീകരിച്ചാനയിച്ചു. ചടങ്ങുകൾക്കു ശേഷം കുറവിലങ്ങാട് മർത്ത്മറിയം ഫൊറോനാ പള്ളിയിൽ മാത്രം നടന്നു വരുന്ന തമുക്ക്‌നേർച്ച വിളമ്പും നടന്നു.
കല്ലിട്ട തിരുനാൾ ദിനമായ നാലിന് രാവിലെ 10ന് കുർബാന, മാർ ജോസഫ് പൗവ്വത്തിൽ സന്ദേശം നൽകും. തുടർന്ന് നൊവേന, പ്രദക്ഷിണം. ഇടവകദിനമായ 23ന് രാവിലെ 5.30ന് കുർബാന. 9.45ന് സീറോ മലങ്കര ക്രമത്തിൽ നടക്കുന്ന കുർബാനയ്ക്കും സന്ദേശത്തിനും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ കാർമികത്വം വഹിക്കും. ട്രസ്റ്റിമാരായ സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് വർക്കി എടയോടിയിൽ, തോമസ് ആന്റണി തറപ്പേൽ, നിർമാണക്കമ്മിറ്റി കൺവീനർ ആന്റോ മാത്യു ജീരകത്തിൽ, പബ്ലിസിറ്റി കൺവീനർ തോമസ് മാത്യു, പി. ആർ. ഒ ടോമി എടയോടിയിൽ, തോമസ് സെബാസ്റ്റിയൻ മണ്ണത്തുപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.