News >> മദ്യോപയോഗം നിയന്ത്രിക്കണം: കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷ സംഗമം
Source: Sunday Shalom
കണ്ണൂർ: കേരളത്തിൽ മദ്യ ഉപയോഗം നിയന്ത്രിക്കുന്നതിനും മദ്യ ഉപയോഗം പൂർണമായി ഇല്ലാതാക്കുന്നതിനും സർക്കാർ ഫലപ്രദമായി നടപടി സ്വീകരിക്കണമെന്ന് കെ.ആർ.എൽ സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാടുമായി മുന്നോട്ട് വരണമെന്നും അദേഹം ഓർമ്മിപ്പിച്ചു.
കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷ സംഗമത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. അവഗണനയും അവശതയുമനുഭവിക്കുന്നവരാണ് ലത്തീൻ കത്തോലിക്ക സമുദായത്തിലെ ഭൂരിപക്ഷം ആളുകളും. നേട്ടങ്ങളിൽ അഭിമാനിക്കാനും കോട്ടങ്ങളിൽ പരസ്പരം പഴി ചാരാതെ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും സഭാവിശ്വാസികൾ തയാറാകണം. നമ്മുടെ വിശ്വാസം എല്ലാവർക്കും ഉപകരിക്കുന്ന വിധത്തിലായിരിക്കണം. മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത ക്രൂരതയുടെ വിവരങ്ങളാണ് നമുക്ക് ചുറ്റും ഉയരുന്നത്. കണ്ണൂരിന്റെ മണ്ണിൽനിന്ന് ഇതു പറയുമ്പോൾ അതിന് പ്രത്യേക പ്രാധാന്യമുണ്ട്.
സ്‌നേഹത്തെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ കാര്യങ്ങൾക്കും ഇന്നു കാണുന്നത്. ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സ്‌നേഹരാഹിത്യംമൂലം ഉണ്ടാകുന്നതാണ്. വിശ്വമാനവികതയുടെ സന്ദേശം ഓരോ മനുഷ്യരിൽനിന്നും തുടങ്ങണം. ലത്തീൻ കത്തോലിക്ക സമുദായം അനുഭവിക്കുന്ന അവശതകൾ പരിഹരിക്കാൻ സർക്കാർ ശ്രദ്ധിക്കണം; ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
എല്ലാം ശരിയാകും, കാണാത്തതു ലഭിക്കും എന്നൊക്കെ വാഗ്ദാനം നൽകിയവർ, പിന്നോട്ടുപോയി ജനങ്ങളെ കബളിപ്പിക്കരുത്. ഞങ്ങൾക്ക് പ്രത്യാശയും ബോധ്യവും തന്നു. ഈ വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ടുപോകുകയാണ്. ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന സമീപനം ഉണ്ടായാൽ, പ്രത്യാഘാതം ഗുരുതരമായിരിക്കും. രാജ്യത്ത് ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നു. ഇത് ആപൽക്കരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. രോഗികളെയും അവശരെയും വയോജനങ്ങളെയുമെല്ലാം നെഞ്ചോടുചേർത്ത്, കരുതലും സംരക്ഷണവും നൽകുന്നവരാണ് നമ്മൾ. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനും മനുഷ്യസംസ്‌കാരത്തിനും ചേർന്നതല്ല സർക്കാർ നീക്കം; ആർച്ച് ബിഷപ് സൂസപാക്യം പറഞ്ഞു.
സമൂഹത്തിൽ ദുഃഖവും നൊമ്പരങ്ങളും പേറുന്നവരുടെ ഉന്നമനത്തിനും നന്മയ്ക്കുമായി ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ബിഷപ് ഡോ. അലക്‌സ് വടക്കുംതല നിർദേശിച്ചു. തീരദേശത്തുള്ള പാവങ്ങളുടെ നിലനിൽപിന് വിലങ്ങുതടിയായി പല നിയമങ്ങളും നിലവിലുണ്ട്. ഇതിനെതിരെ സഭാസമൂഹം ഒരുമിച്ച് നിലകൊള്ളണം. അതുപോലെ മദ്യത്തിനെതിരെയും കർമപദ്ധതിയുമായി സഭാസമൂഹത്തോടൊപ്പം സഭാനേതൃത്വവും മുന്നോട്ടുവരും. സമുദായത്തിന്റെ വികസനത്തിനായുള്ള കർമപദ്ധതി നിർബന്ധമായി പ്രായോഗികതലത്തിൽ കൊണ്ടുവരണം; അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് എം.പി, അല്മായ കമ്മീഷൻ വൈസ് ചെയർമാൻ ഷാജി ജോർജ്, ഡയറക്ടർ ഫാ. മാത്യു കുഴിമലയിൽ, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, കെ.എസ്. മർക്കോസ്, ആന്റണി നൊറോണ, കെ.എച്ച്. ജോൺ, തോമസ് കെ. സ്റ്റീഫൻ, ജോസഫ് സ്റ്റാൻലി, ജെയിൻ ആൻ സിൽ, ബാബു തണ്ണിക്കോട്ട്, ഇമ്മാനുവൽ മൈക്കിൾ, കെ.ബി. സൈമൺ, ജോർജ് എസ്. പള്ളിത്തറ, അഡ്വ. ജൂബി ഡി സിൽവ, സോണി പാവേലിൽ, ഷെറി ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.