News >> തലശേരി അതിരൂപതയിൽ 50 യുവതികൾക്ക് മംഗല്യ സൗഭാഗ്യം

Source: Sunday Shalom


ഇരിട്ടി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച സമൂഹവിവാഹത്തിലൂടെ അമ്പത് നിർധന യുവതികളെ സുമംഗലികളാക്കി. ഇരിട്ടി സെന്റ് ജോസഫ് ദൈവാലയ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിലാണ് യുവതികൾക്ക് മംഗല്യസൗഭാഗ്യമൊരുക്കിയത്. ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ടി.എസ്.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മംഗല്യയുവതികളായ എല്ലാവർക്കും കുടുംബജീവിതത്തിന്റെ സംശുദ്ധി കാത്തുപാലിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ദൈവിക സാന്നിധ്യത്തിൽ നടക്കുന്ന വിവാഹത്തിൽ സ്ത്രീയായിരിക്കണം ധനമെന്നും അനാവശ്യമായ ധൂർത്തും ചെലവും മറ്റു ചടങ്ങുകളും വിവാഹത്തിൽ ഒഴിവാക്കണമെന്നും മാർ വലിയമറ്റം പറഞ്ഞു.

അതിരൂപത വികാരി ജനറൽ മോൺ. എബ്രഹാം പോണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ വിവാഹ സഹായനിധി കൈമാറി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഫാ. ബെന്നി നിരപ്പേൽ, ഫാ. ജോസഫ് ആനിത്താനം, റപ്പായി കല്ലറക്കൽ, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. ജോർജ് വണ്ടർകുന്നേൽ, ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, ബേബി മുള്ളൂർ, പി.സി. വർഗീസ്, പി.വി. ഔസേഫ്, പൗളിൻ തോമസ്, വർക്കി വടക്കേമുറി, ജോസഫ് മരങ്ങാട്ട്മ്യാലിൽ, വർഗീസ് പെരുമത്തറ, ടി.എസ്.എസ്.എസ് ഡയറക്ടർ ഫാ. തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. 2008 മുതൽ നടത്തിവരുന്ന സമൂഹവിവാഹത്തിൽ 340 യുവതി-യുവാക്കളുടെ വിവാഹസ്വപ്നം ടി.എസ്.എസ്.എസ് സാക്ഷാത്ക്കരിച്ചു.