News >> ആലപ്പുഴ രൂപതയുടെ പഞ്ചവത്സര പദ്ധതി: ഹരിതതീരം നൂറുമേനി
Source: Sunday Shalom
കൊച്ചി: ഹരിതതീരം നൂറുമേനി തീരത്തിന്റെ വിമോചനത്തിനായി ആലപ്പുഴ രൂപത രൂപം കൊടുത്തിരിക്കുന്ന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. 2015 ഒക്‌ടോബറിൽ ആരംഭിച്ച ഈ പഞ്ചവത്സര പദ്ധതി 2020 വരെ തുടരും.
ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ രൂപത ചാരിറ്റബിൾ ആന്റ് സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഈ നൂതന പദ്ധതി, സുസ്ഥിര വികസന പരിസ്ഥിതി സൗഹൃദമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. എ.ഡി.എസിന്റെ ഈ പദ്ധതി രൂപതയുടെ പ്രവർത്തനമേഖലകൾ ഉൾക്കൊള്ളുന്ന തോട്ടപ്പള്ളി മുതൽ ഫോർട്ടുകൊച്ചുവരെയുള്ള പ്രദേശങ്ങളിലാണ് നടപ്പിലാക്കുന്നത്.
എ.ഡി.എസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു. ഉണങ്ങിവരണ്ട തീരം പച്ചപ്പുള്ള സമൃദ്ധിയുടെ തീരമായി പരിണമിപ്പിക്കാമെന്നത് പ്രതീക്ഷാനിർഭരമായ ഒരു സ്വപ്നമാണിത്. ഹരിതസമൃദ്ധി നിശ്ചയമായും തീരത്തിന്റെ സമഗ്രവും സമ്പൂർണവുമായ വളർച്ച പ്രതീക്ഷിക്കുന്നു.
നൂറുമേനി എന്നത് ഒരു ബിബ്ലിക്കൽ പ്രതീക്ഷയാണ്. യേശു പറയുന്ന വിതക്കാരന്റെ ഉപമയിൽ നല്ല നിലത്ത് വീഴുന്ന വിത്താണ് നൂറുമേനി വിള നൽകുന്നത്. കടൽത്തീരം നല്ല നിലമാണെന്ന് യേശുതന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണല്ലോ അപ്പസ്‌തോലന്മാരെ തീരത്തുനിന്ന് കണ്ടെത്തിയത്. മത്സ്യം പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന് യേശുവിനറിയാമായിരുന്നു. യേശു തിരഞ്ഞെടുത്തവർ പിന്നീട് വലിയ കൊടുങ്കാറ്റായി വന്ന് ലോകത്തെ കീഴടക്കുകയായിരുന്നുവല്ലോ? കടൽത്തീരങ്ങളാണ് ലോകത്തിന്റെ കാലാവസ്ഥകളെ നിയന്ത്രിക്കുന്നത്.
ഒരു രാജ്യത്തെ വളർത്തുന്നത് അതിലെ ജനങ്ങളാണ്. മാത്രമല്ല, രാജ്യം വളരുമ്പോൾ അതിനൊത്ത് വളരാത്ത വ്യക്തികളും സമൂഹങ്ങളും അടിമകളായിപ്പോകുമെന്നതും ഓർക്കേണ്ടതാണ്. അതുകൊണ്ട് രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും ഒപ്പം രാജ്യത്തിന്റെ വളർച്ചയ്‌ക്കൊത്ത് തീരജനതയെ വളർത്താനുമാണ് ഹരിതതീരം നൂറുമേനി എന്ന പദ്ധതിയെന്ന് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി.
കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ച് കടൽത്തീരം സംരക്ഷിക്കുക, എല്ലാ വീട്ടിലും പച്ചക്കറിക്കൃഷി, മത്സ്യക്കൃഷി, മഴവെള്ള സംഭരണി, മണ്ണിര കമ്പോസ്റ്റ്, തീരത്തുള്ള പുഴകളിലും തോടുകളിലും കന്നുകുട്ടി പരിപാലനം, തൊഴിൽമേഖലയിൽ സോളാർബോട്ടുകൾ പ്രോത്സാഹിപ്പിക്കുക, തെങ്ങും തേങ്ങയും കയറുല്പ്പന്നങ്ങളുമായി ബന്ധപ്പെട്ട വിവിധതരം പ്രവർത്തനങ്ങൾ, പഠനത്തിനും തൊഴിൽ നേടുന്നതിനും സ്റ്റഡി സെന്റേഴ്‌സ്, പി.എസ്.സി കോച്ചിംഗ് സെന്ററുകൾ, പഠനം നിർത്തിപ്പോയവർക്കായി ദേശീയ ഓപ്പൺ സ്‌കൂൾ പഠനകേന്ദ്രങ്ങൾ തുടങ്ങിയവയാണ് പഞ്ചവത്സരപദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ആസൂത്രിതവും ശാസ്ത്രീയവുമായ നടപടികളാണ് തീരസംരക്ഷണ കാര്യത്തിൽ ഉണ്ടാകേണ്ടതെന്ന് എ.ഡി.എസ് പഠിപ്പിക്കുന്നു. തീരസംരക്ഷണത്തിന് ഏറ്റവും ഫലപ്രദവും ശാസ്ത്രീയവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ഒരു മാർഗമായി കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കുന്നു. കണ്ടൽച്ചെടികൾ കടൽകയറ്റത്തെ സുനാമിയെപ്പോലും ചെറുക്കും. കണ്ടലുള്ളയിടങ്ങളിൽ മത്സ്യസമ്പത്ത് വർധിക്കും. അവ ജലവും അന്തരീക്ഷവും ശുദ്ധമാക്കും. തീക്കാറ്റുപോലെയുള്ള പ്രതിഭാസങ്ങൾ തടയാനാവശ്യമായ ജൈവവേലിയായും കണ്ടൽച്ചെടികൾ പ്രവർത്തിക്കും.
ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കണം എന്നതോടൊപ്പം ഉള്ള ഭക്ഷണം സുരക്ഷിതമായിരിക്കുകയും വേണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്നു. കടലോരത്തെ എല്ലാ വീടുകളിലും ജൈവപച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. രൂപത സൊസൈറ്റി പച്ചക്കറിയുടെ വിത്തുകളും ചെടികളും വിതരണം ചെയ്യാവുന്ന ഒരു നഴ്‌സറി തയാറാക്കിയിട്ടുണ്ട്. എല്ലാ വീടുകളിലും മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്നു. വീടുകളിൽ ഉണ്ടാക്കുന്ന ജൈവമാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റുവഴി ഉപയോഗപ്രദമായ രീതിയിൽ സംസ്‌കരിച്ച് പച്ചക്കറികൃഷിക്ക് ആവശ്യമായ വളങ്ങളാക്കി മാറ്റുന്നു. മാലിന്യസംസ്‌കരണം ഒരു പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊരു മാതൃകയായി കാണുന്നു.
എല്ലാ വീടുകളിലും മത്സ്യക്കൃഷി ആരംഭിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി സൊസൈറ്റി സ്വന്തമായി ഒരു ഫിഷ് ഹാച്ചറി ഉണ്ടാക്കുന്നു. മഴവെള്ള സംഭരണി എന്ന പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയ ആലപ്പുഴ രൂപത സൊസൈറ്റിയാണ്. അത് കൂടുതൽ വ്യാപകമാക്കുന്നു. മധുരക്കിഴങ്ങുകൃഷി പ്രോത്സാഹിപ്പിച്ചുവരുന്നു.
തൊഴിൽ സുരക്ഷാപദ്ധതികളും പുരോഗമിക്കുന്നു. തൊണ്ടുശേഖരണം, ചകിരി, കയർ എന്നിവയുടെ ഉൽപാദനം, ചകിരിച്ചോറുകൊണ്ടുള്ള വളം നിർമിക്കുക, ചിരട്ടകൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുക, വിവിധതരം കയറുൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും തുടങ്ങിയ പ്രവർത്തനങ്ങൾവഴി സാധിക്കാവുന്നത്ര പേർക്ക് തൊഴിൽ ലഭ്യമാക്കാനും പരിശ്രമിക്കുന്നു. കന്നുകുട്ടി പരിപാലനംവഴി സാമ്പത്തിക ഭദ്രത നേടുന്നു. പൊഴികളുടെ തീരങ്ങളിൽ പുല്ലു വളർത്തുന്നതിലൂടെ തീരസംരക്ഷണവും കന്നുകുട്ടി പരിശീലനവും സാധിക്കുന്നു.
സുസ്ഥിരവികസനം ലക്ഷ്യംവച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾ, കർഷകർ, കെട്ടിടനിർമാണ തൊഴിലാളികൽ, ഓട്ടോറിക്ഷ തൊഴിലാളികൾ, അസംഘടിത മേഖലയിലെ മറ്റു തൊഴിലാളി സമൂഹങ്ങൾ എന്നിവരെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അർഹതപ്പെട്ട ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്തിക്കുന്നു. സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽനിന്നും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തീരവാസികളിൽ എത്തിക്കുകയും അത് നേടിയെടുക്കുവാൻ ഇടവക സാമൂഹിക പ്രവർത്തന യൂണിറ്റുകൾവഴി പരിശ്രമിക്കുകയും ചെയ്യുന്നു.
പല കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്കായി നിയോസ് വഴി പഠനം തുടരാനും എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തുടങ്ങിയ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും രൂപത സൊസൈറ്റി സാഹചര്യമൊരുക്കിയിട്ടുണ്ട്.