News >> പാവങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതികത : പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം


Source: Vatican Radio

കൂട്ടായ്മ വളര്‍ത്താനും മാനവികതയെ തുണയ്ക്കാനും  ഡിജിറ്റല്‍ സാങ്കേതികതയ്ക്ക് കരുത്തുണ്ട്. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഒക്ടോബര്‍ 5-ാം തിയതി ബുധനാഴ്ച രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പായി ഇറ്റലിയിലെ 'വൊഡാഫോണ്‍' ഫൗണ്ടേഷനിലെ  (Vodafone Foundation of Italy) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഡിജിറ്റല്‍ സാങ്കേതികത കുടിയേറ്റ ക്യാമ്പുകളിലും, വിദൂരസ്ഥമായ ഭൂപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്ത യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ലഭ്യാമാക്കുന്നതാണ് വൊഡാഫോണ്‍ ഫൗണ്ടടെഷന്‍റെ പദ്ധതി, വിശിഷ്യാ പാവങ്ങളായവര്‍ക്ക്. ആഫ്രിക്കയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം കണ്ണിചേര്‍ത്ത് ലഭ്യമാക്കുക എന്ന 'വൊഡാഫോണ്‍' ഫൗണ്ടേഷന്‍റെ"Instant Schools for Africa" പദ്ധതി വിജയകരമായി മുന്നേറുന്നതു കണ്ടുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചത്.

അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള വിവരസാങ്കേതികത കണ്ണിചേര്‍ക്കുന്ന പദ്ധതി അറിവിന്‍റെ ചക്രവാളങ്ങള്‍ തുറക്കും. ഇന്നിന്‍റെ വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടും ജീവിക്കുന്ന യുവജനങ്ങള്‍ക്ക് വളര്‍ച്ചയുടെയും വികസനത്തിന്‍റെയും വാതില്‍ തുറന്നുകൊടുക്കാന്‍ പദ്ധതിക്ക് സാധിക്കട്ടെ! പാപ്പാ ആശംസിച്ചു. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ ലക്ഷ്യംവയ്ക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതിയുടെ കണ്ണിചേര്‍ക്കല്‍ ആസൂത്രണംചെയ്ത വൊഡാഫോണ്‍ ഫൗണ്ടേഷനെയും, അതിന്‍റെ ഭാരവാഹികളെയും പാപ്പാ അഭിനന്ദിച്ചു. നന്ദിയും അര്‍പ്പിച്ചു.

മാനവികതയുടെ പുരോഗതിക്കായും വ്യക്തികളുടെ വിശിഷ്യാ പാവങ്ങളുടെ പുരോഗതിക്കായും വളര്‍ച്ചയ്ക്കായും ക്രിയാത്മകമായി നവസാങ്കേതികത ഉപയോഗിക്കാനുള്ള കരുത്തും അവബോധനവും പുതിയ തലമുറയ്ക്ക് നല്‍കണമെന്നും, 40 സാങ്കേതിക പ്രമുഖര്‍ അടങ്ങിയ ഫൗണ്ടേഷന്‍ ഭാരവാഹികളെ പാപ്പാ അനുസ്മരിപ്പിച്ചു. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ പാവങ്ങളെ എത്തിപ്പിടിക്കുകയും അവര്‍ക്ക് അറിവു പകരുകയുംചെയ്യുന്ന 'വിരല്‍ത്തുമ്പിലെ വിദ്യാഭ്യാസം' മതസൗഹാര്‍ദ്ദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതിയിലെ നവമായ കാല്‍വയ്പാണെന്നും പാപ്പാ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

മാനവികതയ്ക്ക് പുനര്‍ജനകമാകുന്ന സഹാനുഭാവത്തിന്‍റെ ഈ പദ്ധതി വഴി സൗഹൃദത്തിന്‍റെ പാലങ്ങള്‍ പണിതുകൊണ്ട് വിവിധ സമൂഹങ്ങളിലെ രാഷ്ട്രീയ സമൂഹ്യ ചുറ്റുപാടികളാല്‍ ഒറ്റപ്പെട്ടും വളരാന്‍ സാധിക്കാതെയും ജീവിക്കുന്ന നിര്‍ദ്ദോഷികളായ കുട്ടികളെ കൈപിടിച്ച് ഉയര്‍ത്താം. കൂട്ടായമയുടെ മാനിവകത കരുപ്പിടിപ്പിക്കാം! ഇങ്ങനെ ആഹ്വാനംചെയ്തുകൊണ്ട് പൊതുകൂടിക്കാഴ്ചയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് പാപ്പാ പുറപ്പെട്ടു.