News >> മാർ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവം. ഒന്നിന്; 140 അംഗ കമ്മിറ്റി തയാർ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ സഭാംഗങ്ങളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾക്കായ് വത്തിക്കാൻ ഒരുങ്ങുന്നു. നവംബർ ഒന്നിന് റോമിലെ ബസിലിക്ക സാൻ പൗളോയിലാണ് മെത്രാഭിഷേക കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മെത്രാഭിഷേക കർമങ്ങൽ ഭക്തിനിർഭരമാക്കാൻ 140 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കമ്മിറ്റി സെക്രട്ടറി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് കമ്മിറ്റിയുടെ രക്ഷാധികാരി. റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോ സഹ രക്ഷാധികാരിയായിരിക്കും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ റോമിലെ കോൺവെന്റോ സാൻ മാസിമില്ലിയാനോ മരിയ കോൾബെയിൽ സമ്മേളിച്ച യോഗത്തിൽവെച്ചാണ് കമ്മിറ്റിക്ക് രൂപംകൊടുത്തത്.
ഫാ. ചെറിയാൻ വരിക്കാട്ട് ജനറൽ കൺവീനറായ കമ്മിറ്റിയിൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സി.എം.ഐ, ഫാ. വിൻസെന്റ് പള്ളിപ്പാടൻ എന്നിവർ ജോയിന്റ് കൺവീനർമാരാണ്. ഫാ. ബിജു മുട്ടത്തുകുന്നേൽ ജനറൽ കോർഡിനേറ്ററായും ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ ജോയിന്റ് കോർഡിനേറ്റർമാരായും പ്രവർത്തിക്കും. റോമിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദികരെ കൺവീനർമാരായി ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ റോമിലെ ക്‌നാനായ പാരിഷ് കൗൺസിലിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യവുമുണ്ട്.
മെത്രാഭിഷേകത്തിന് മുന്നോടിയായി റോമിലെത്തിയ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പുതിയ നിയോഗം ഏറ്റെടുത്തശേഷം ആദ്യമായാണ് അദ്ദേഹം റോമിലെത്തിയത്. ഫ്യൂമിച്ചിനോ എയർപോർട്ടിൽ എത്തിച്ചേർന്ന മാർ ചിറപ്പണത്തിനെ റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോയുടെ നേതൃത്വത്തിൽ ഫാ. ബിജു മുട്ടത്തുകുന്നേലും ഫാ. ബിനോജ് മുളവരിക്കലും സിസ്‌റ്റേഴ്‌സും അൽമായ പ്രതിനിധികളും ചേർന്നു സ്വീകരിച്ചു.
വൈകിട്ട് കോർണേലിയ വില്ല ബെനദേത്തയിൽ നടന്ന പെനുവേൽ കൂട്ടായ്മയിൽ നിയുക്ത ബിഷപ്പിന് റോമിലെ വിശ്വാസീസമൂഹം സ്‌നേഹനിർഭരമായ വരവേൽപ്പു നൽകി. തുടർന്ന്, അർപ്പിച്ച ദിവ്യബലിയിൽ മാർ ചിറപ്പണത്ത് മുഖ്യകാർമികനായിരുന്നു.
ദിവ്യബലി ഉൽപ്പെടെയുള്ള ആരാധനാക്രമം, വേദപ~നം, ധ്യാനം, കുടുംബപ്രാർഥന, സംഘടനാ പ്രവർത്തനം തുടങ്ങിയവയ്‌ക്കെല്ലാം ഏകീകൃത സ്വഭാവവും നേതൃത്വവും നൽകുകയാണ് അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ പ്രധാന ചുമതല. റോമിനും ഇറ്റലിക്കും പുറമേ, അയർലൻഡ്, ജർമനി, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് ഇപ്പോൾ പ്രവർത്തന മേഖല. പിന്നീട് സ്‌പെയിനിലേക്കും വ്യാപിപ്പിക്കും.