News >> കാരുണ്യ വർഷ സമാപനം കോട്ടയത്ത്.
Source: Sunday Shalom
കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യ വർഷ സമാപനം കോട്ടയത്ത് സംഘടിപ്പിക്കുന്നു. നവംബർ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേരുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സമാപനപരിപാടികൾക്ക് മുന്നോടിയായുള്ള ആലോചനായോഗം കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെട്ടു. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാപനാഘോഷങ്ങളുടെ വിശദാംശങ്ങൾക്ക് രൂപം നൽകി. ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമാപനാചരണങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു. മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ. ജോസഫ് മുണ്ടകത്തിൽ, ഫാ. വർഗീസ്സ് വള്ളിക്കാട്ട്, ഫാ. റോയി വടക്കേൽ, ഫാ. പോൾ മാടശ്ശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
സമാപനാചരണത്തിന് മുന്നോടിയായി കോട്ടയം പ്രദേശത്തുള്ള നൂറ് ഇടവക ദൈവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും മദ്ധ്യസ്ഥ പ്രാർത്ഥനയും ക്രമീകരിക്കുവാനും സമാപനദിനമായ നവംബർ 12 ന് ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ നിന്നും ചൈതന്യപാസ്റ്ററൽ സെന്ററിലേക്ക് കാരുണ്യസന്ദേശയാത്ര സജ്ജീകരിക്കുവാനും യോഗത്തിൽ തീരുമാനിച്ചു. സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ രൂപതകളിലും പൊതുസമൂഹത്തിലും വിവിധ മേഖലകളിൽ കാരുണ്യശുശ്രൂഷ ചെയ്യുന്ന 34 കാരുണ്യപ്രവർത്തകരെയും സന്നദ്ധ പ്രസ്ഥാനങ്ങളെയും ആദരിക്കും.
പൊതുസമ്മേളനത്തെ തുടർന്ന് കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധത-കാരുണ്യശുശ്രൂഷകളുടെ അവതരണവും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവിരുന്നും വിവിധ കലാപരിപാടികളും നടത്തപ്പെടും. എല്ലാ കത്തോലിക്കാ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്നതിനു പുറമെ കോട്ടയം, ചങ്ങനാശ്ശേരി, വിജയപുരം, പാലാ, കാഞ്ഞിരപ്പള്ളി, തിരുവല്ല രൂപതകളിൽ നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സംഘടനാ ഭാരവാഹികളും സമാപനപരിപാടികളിൽ പങ്കെടുക്കും.