News >> മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം 2018 ല്‍


Source: Vatican Radio

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം 2018 ഒക്ടോബറില്‍.

പതിവുപോലെ ആഗോളസഭയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുമായും വൈക്തിക പൗരസ്ത്യ കത്തോലിക്കാസഭകളുമായും സമര്‍പ്പിതജീവിതസമൂഹങ്ങളുടെ പൊതുശ്രേഷ്ഠന്മാരുടെ സമിതിയുമായും ആലോചിച്ചതിനും കഴിഞ്ഞ സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രവിച്ചതിനും ശേഷമാണ് ഫ്രാന്‍സീസ് പാപ്പാ ഈ നിര്‍ണ്ണയനം നടത്തിയതെന്ന് പരിശുദ്ധസിംഹാസനം വ്യാഴാഴ്ച (06/10/16) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.‌

യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്നതായിരിക്കും മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

യുവജനത്തിന്‍റെ കാര്യത്തില്‍ സഭയ്ക്കുള്ള ഔത്സുക്യത്തിന്‍റെ ആവിഷ്ക്കാരമായ ഈ പ്രമേയം കുടുംബത്തെ അധികരിച്ചു നടന്ന സിനഡുസമ്മേളനങ്ങളോടും അമോരിസ് ലെത്തീത്സിയ- സ്നേഹത്തിന്‍റെ സന്തോഷം- എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഉള്ളടക്കത്തോടും ചേര്‍ന്നു പോകുന്നുവെന്നും പക്വതയിലേക്കുള്ള അസ്തിത്വപരമായ യുവതയുടെ യാത്രയില്‍ അവര്‍ക്ക് തുണയായിരിക്കാന്‍  ഉദ്ദേശിച്ചുള്ളതുമാണെന്ന് പത്രക്കുറിപ്പില്‍ കാണുന്നു. അങ്ങനെ ദൈവവുമായും മനുഷ്യരുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് സ്വയം തുറന്നിടുകയും സഭയുടെയും സമൂഹത്തിന്‍റെയും നിര്‍മ്മിതിയില്‍ സജീവമായി പങ്കുചേരുകയും ചെയ്തുകൊണ്ട്  അവര്‍ക്ക് അവരുടെ ജീവിത പദ്ധതി വിവേചനബുദ്ധിയോടെ കണ്ടെത്താനും അതിന് സസന്തോഷം സാക്ഷാത്ക്കാരമേകാനും സാധിക്കുമെന്നും വിജ്ഞാപനത്തില്‍ കാണുന്നു.