News >> കാലത്തികവില്‍ കൃപയുടെ പൂര്‍ണ്ണത പുല്‍കേണ്ട ജീവിതായനം
Source: Vatican Radioഒക്ടോബര്‍ 13-ാം തിയതി വ്യാഴാച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ദൈവകൃപയാല്‍ എന്നും നന്മയില്‍ ജീവിക്കുകയും വളരുകയുംചെയ്യുന്ന ക്രൈസ്തവന്‍റെ രൂപഭാവങ്ങളാണ് ഇന്നത്തെ ആദ്യവായനയില്‍ പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തെ ആധാരമാക്കി പാപ്പാ പങ്കുവച്ചത് (എഫേ. 1, 1-10.). ദൈവത്താല്‍ വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തവരാണ്,
ആദ്യമായി ക്രൈസ്തവര്‍. പിതാവ് ഓരോരുത്തരെയും വ്യക്തിപരമായി തിരഞ്ഞെടുത്തു. ദൈവം നമ്മെ സ്നേഹിച്ചു. അവിടുന്നു വിളിച്ചു, പേരുചൊല്ലി വിളിച്ചു.കുഞ്ഞു ജനിക്കാന്‍ കാത്തിരിക്കുന്ന ദമ്പതികളുടെ ആശങ്ക ഊഹിക്കാമല്ലോ! തങ്ങളുടെ മകന്‍/മകള്‍ എങ്ങനെയായിരിക്കും - എങ്ങനെ ചിരിക്കും, സംസാരിക്കും?! അവര്‍ ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞില്‍ പ്രതീക്ഷയുണ്ട്. അതുപോലെ നമ്മെ സ്നേഹിക്കുകയും, വിളിക്കുകയും ചെയ്ത ദൈവത്തോടു നാം പ്രത്യുത്തരിക്കേണ്ടതുണ്ട്. നമ്മെ പേരുചൊല്ലി വിളിച്ച പിതാവിന്‍റെ പ്രതീക്ഷയ്ക്കൊത്ത് നമ്മുടെ നടത്തവും നീക്കങ്ങളും വളരേണ്ടതുണ്ട്. ദൈവമാണ് എന്നെ വിളിച്ചത്, എന്ന ബോധ്യമില്ലെങ്കില്‍ പിന്നെ നാം ഒരു ഫുഡ്ബോള്‍ പ്രേമിയെപ്പോലെ ആയിരിക്കും. ഇഷ്ടമുള്ളൊരു ടീമിനെ നാം തിരഞ്ഞെടുക്കുന്നു. എന്നെയല്ല, ഞാന്‍ അവരെ തിരഞ്ഞെടുക്കുന്നു.യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മറ്റൊരു ഗുണം, അയാള്‍ ദൈവത്തിലും അവിടുത്തെ കാരുണ്യത്തിലും ആശ്രയിച്ചു ജീവിക്കുന്നു. ദൈവത്തിന് എന്നില്‍ പ്രതീക്ഷയുണ്ട്, എന്നെക്കുറിച്ചൊരു സ്വപ്നമുണ്ട്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഞാന്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നു. വീണുപോകുമ്പോള്‍ ദൈവത്തോടു മാപ്പു യാചിച്ച്, അനുരഞ്ജിതനായി മുന്നേറുന്നു. അങ്ങനെ, ദൈവം എന്നെ സ്നേഹിക്കുന്നു. അവിടുന്ന് എന്നോടു ക്ഷമിക്കുന്നു, എന്നെ സ്വീകരിക്കുന്നു. ക്രിസ്തുവിന്‍റെ രക്തത്താല്‍ നിര്‍മ്മലരാക്കപ്പെട്ടവരാണ് ക്രൈസ്തവന്‍ എന്നത്
രണ്ടാമത്തെ ക്രിസ്തീയ സ്വഭാവമാണ്.ദൈവിക പൂര്‍ണ്ണതിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരിക്കുകയാല്‍, പൂര്‍ണ്ണതിലേയ്ക്ക് നടക്കുകയും, നടന്ന് അടുക്കുകയും ചെയ്യുന്നു ഒരു ക്രൈസ്തവന്‍. അതിനാല്‍ നാം ഓരോ ദിവസവും നന്മചെയ്തു മുന്നേറാന്‍ പരിശ്രമിക്കുന്നു. അത് നമ്മെ വീണ്ടെടുത്തു രക്ഷിച്ച ക്രിസ്തുവുമായുള്ള രമ്യതയും ഐക്യവുമാണ്. അതിനാല്‍ നന്മയ്ക്കായുള്ള പരിശ്രമം നിരന്തരമാണ്. അത് നിര്‍ത്തുന്നില്ല. ക്രിസ്തീയ ജീവിതത്തിന്‍റെ നന്മയും കഴിവുകളും നാം പൂഴ്ത്തിവയ്ക്കുന്നില്ല. അത് ഉപയോഗിക്കുന്നു, പങ്കുവയ്ക്കുന്നു. അത് പരിശ്രമംകൊണ്ട് വര്‍ദ്ധിപ്പിക്കുന്നു. പകുത്തു നല്‍കുന്നു.കൃപയാല്‍ അനുഗ്രഹീതരും വിളിക്കപ്പെട്ടവരുമായവര്‍, അതുവഴി അനുരഞ്ജിതരുമാണ്. പൂര്‍ണ്ണതയിലേയ്ക്ക് യാത്രചെയ്യുന്നവരാണ് ക്രൈസ്തവര്‍. ഈ കൃപയുടെ യാത്രയില്‍ ദൈവം, ക്രിസ്തു നമ്മുടെകൂടെ നടക്കുന്നു. നാം ക്രിസ്തുവിന്‍റെകൂടെ ചരിക്കുന്നു. ക്രിസ്തീയ ജീവിതത്തിന്‍റെ തനിമയാണിത്! അന്യൂനതയാണിത്. പാപ്പാ വചനചിന്ത ഇങ്ങനെയാണ് ഉപസംഹരിച്ചത്.