News >> വിനയം:നമുക്കുണ്ടായിരിക്കേണ്ട കൃതജ്ഞതാഭാവത്തിന് മുന്‍വ്യവസ്ഥ
Source: Vatican Radioകാരുണ്യവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ നടന്ന മരിയന്‍ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഈ ഞായറാഴ്ച (09/10/16) രാവിലെ റോമിലെ സമയം 10.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വിവധ രാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഈ ദിവ്യപൂജയില്‍ പങ്കുകൊണ്ടു. ഈ ദിവ്യബലിമദ്ധ്യേ പാപ്പാ പങ്കുവച്ച സുവിശേഷചിന്തകള്‍,യേശു ജെറുസലേമിലേക്കു പോകുംവഴി സമരിയായയ്ക്കും ഗലീലിക്കും മദ്ധ്യയുള്ള ഒരു ഗ്രാമത്തില്‍ വച്ച് പത്തു കുഷ്ഠരോഗികള്‍ അവിടത്തോട് സൗഖ്യത്തിനായി യാചിക്കുന്നതും തങ്ങളെ പുരോഹിതന്മാര്‍ക്ക് കാണിച്ചുകൊടുക്കുകയെന്ന യേശുവിന്‍റെ ആഹ്വാനമനുസരിച്ച് അതിനായി പോകുന്ന സമയത്ത് അവര്‍ കുഷ്ഠരോഗവിമുക്തരാകുന്നതും അവരിലൊരുവന്‍ തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം, പതിനേഴാം അദ്ധ്യായം 11 മുതല്‍ 19 വരെയുള്ള വാക്യങ്ങളെ അവലംബമാക്കിയുള്ളതായിരുന്നു.പാപ്പായുടെ വചനസമീക്ഷ:ദൈവിക ദാനങ്ങള്‍ വിസ്മയത്തോടും കൃതജ്ഞതാഭാവത്തോടും കുടി തിരിച്ചറിയാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. യേശു മരണോത്ഥാനങ്ങളിലേക്ക് നടന്നടുക്കുകയായിരുന്ന പാതയില്‍ വച്ച് അവിടന്ന് തനിക്കഭിമുഖമായി വന്ന പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടുന്നു. അവര്‍ അകലെ നിന്നുകൊണ്ട് ആ മനുഷ്യനോടു തങ്ങളുടെ ദുര്യോഗം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് യാചിക്കുന്നു: "യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ" അവരുടെ ഈ യാചനയില്‍ യേശു തങ്ങളെ രക്ഷിക്കുമെന്ന അവരുടെ വിശ്വാസം അടങ്ങിയിരിക്കുന്നു. രോഗികളായ അവര്‍, തങ്ങള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരാളെ അന്വേഷിക്കുകയാണ്. അവരോടു പ്രത്യുത്തരിക്കുന്ന യേശു പറയുന്നത് അവര്‍ പോയി അവരെത്തന്നെ പുരോഹിതര്‍ക്കു കാട്ടിക്കൊടുക്കണം എന്നാണ്. കാരണം അന്നത്തെ നിയമമനുസരിച്ച്, ഈ രോഗം സൗഖ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ടത് പുരോഹിതരായിരുന്നു. അങ്ങനെ യേശു അവര്‍ക്ക് വാഗ്ദാനമേകുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല, അവരുടെ വിശ്വാസത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ആ സമയത്ത് ഈ പത്തു കുഷ്ഠരോഗികളും സൗഖ്യപ്പെട്ടിരുന്നില്ല. യേശുവിന്‍റെ വാക്കുകള്‍ അനുസരിച്ച് പുരോഹിതരുടെ പക്കലേക്കു പോകുന്നതിനിടയ്ക്കാണ് അവര്‍ക്ക് രോഗസൗഖ്യം ലഭിക്കുന്നത്. അപ്പോള്‍ സന്തോഷത്താല്‍ നിറഞ്ഞവരായി അവരെല്ലാവരും പുരോഹിതര്‍ക്കുമുന്നില്‍ ചെന്നു. അതിനുശേഷം ഓരോരുത്തരും സ്വന്തം വഴിക്കു പോയി. സൗഖ്യദായകനെ, മനുഷ്യനായി പിറന്ന തന്‍റെ പുത്രനായ യേശുവഴി സൗഖ്യം പ്രദാനം ചെയ്ത പിതാവിനെ, അവര്‍ മറന്നു.എന്നാല്‍ അവരില്‍ ഒരാള്‍ മാത്രം ഇതിനപവാദമായി. ഒരു സമറിയാക്കാരന്‍, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ പ്രാന്തത്തില്‍ വസിക്കുന്ന പരദേശി, ഏതാണ്ട് ഒരു വിജാതീയന്‍. തന്‍റെ വിശ്വാസത്താല്‍ താന്‍ സുഖപ്പെട്ടതില്‍ മാത്രം തൃപ്തനാകാതെ ഈ മനുഷ്യന്‍ ഈ രോഗവിമുക്തി അതിന്‍റെ പൂര്‍ണ്ണത പ്രാപിക്കേണ്ടതിനെന്നോണം തനിക്കു ലഭിച്ച ദാനത്തിന് നന്ദിയേകുന്നതിനായി തിരിച്ചു ചെല്ലുന്നു. യേശുവില്‍ യഥാര്‍ത്ഥ പുരോഹിതനെ തിരിച്ചറിഞ്ഞ ആ മനുഷ്യന്‍, തന്നെ എഴുന്നേല്പിക്കുകയും രക്ഷിക്കുകയും ചെയ്ത അവിടത്തേക്ക് തന്നെ നടത്താനും തന്നെ അവിടത്തെ ശിഷ്യരില്‍ ഒരുവനായി സ്വീകരിക്കാനും കഴിയുമെന്ന് മനസ്സിലാക്കി.കര്‍ത്താവ് നമുക്കായി ചെയ്യുന്നവയ്ക്കെല്ലാം നന്ദി പ്രകാശിപ്പിക്കാനും സ്തുതിക്കാനും അറിയുക എത്രമാത്രം സുപ്രധാനമാണ്? ആകയാല്‍ നമുക്കു നമ്മോടു തന്നെ ചോദിക്കാം: നന്ദി പറയാന്‍ നമുക്ക് സാധിക്കുമോ? കുടുംബത്തിലും സമൂഹത്തിലും സഭയിലും നമ്മള്‍ എത്രതവണ നന്ദി പറയുന്നുണ്ട്? നമ്മെ സഹായിക്കുന്നയാളോട്, നമുടെ ചാരെ ആയിരിക്കുന്ന വ്യക്തിയോട്, ജീവിതത്തില്‍ തുണയായിരിക്കുന്നയാളോട് എത്ര തവണ നാം നന്ദിയോതുന്നു? അതിന്‍റെ ആവശ്യമില്ല എന്ന് നാം പലപ്പോഴും കരുതുന്നു. ദൈവത്തോടുള്ള സമീപനത്തിലും ഇതുതന്നെ സംഭവിക്കുന്നു. എന്തെങ്കിലും ചോദിച്ചു മേടിക്കുന്നതിന് കര്‍ത്താവിന്‍റെ പക്കല്‍ അണയുക എളുപ്പമാണ്. എന്നാല്‍ അതിനു നന്ദി പറയാന്‍ അവിടത്തെ പക്കലേക്കു തിരിച്ചു ചെല്ലുന്നതിനോ.... അതുകൊണ്ടാണ് യേശു കൃതജ്ഞതാരഹിതരായ 9 കുഷ്ഠരോഗികളുടെ അഭാവം ഊന്നലോടെ എടുത്തുകാട്ടുന്നത്. യേശു ചോദിക്കുന്നു:
പത്തു പേരല്ലേ സുഖപ്പെട്ടത്? ബാക്കി 9 പേര്‍ എവിടെ. ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചു വന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? (ലൂക്ക, അദ്ധ്യായം 17,17-18)ഈ ജൂബിലിയാചരണവേളയില്‍ ഇന്ന് ഒരു മാതൃക, നാം നോക്കേണ്ടുന്ന ഒരു മാതൃക നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. അത് നമ്മുടെ അമ്മയായ മറിയമാണ്. ദൈവദൂതന്‍റെ അറിയിപ്പു ലഭിച്ചതിനുശേഷം അവളുടെ ഹൃദയത്തില്‍ നിന്ന് ദൈവത്തിനള്ള ഒരു സ്തുതി ഗീതം, കൃതജ്ഞതാ ഗീതം ഒഴുകി. എന്‍റ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു ...... സകലവും ദൈവത്തിന്‍റെ ദാനമാണെന്ന് മനസ്സിലാക്കാനും നന്ദി പ്രകാശിപ്പിക്കാന്‍ പഠിക്കാനും നമ്മെ സഹായിക്കുന്നതിന് നമുക്ക് മറിയത്തോട് അപേക്ഷിക്കാം. ഞാനുറപ്പു നല്കുന്നു, അപ്പോള്‍ നമ്മുടെ സന്തോഷം സംപൂര്‍ണ്ണമായിരിക്കും. നന്ദി പറയാന്‍ അറിയുന്നവനു മാത്രമെ ആനന്ദത്തിന്‍റെ പൂര്‍ണ്ണത അനുഭവിച്ചറിയാന്‍ കഴിയുകയുള്ളു.കൃതജ്ഞത പറയാന്‍ അറിയേണ്ടതിന് എളിമ ആവശ്യമാണ്. ഒന്നാം വായനയില്‍ നാം ആരം രാജാവിന്‍റെ സൈന്യാധിപനായിരുന്ന നാമാന് സംഭവിച്ച അത്ഭുതത്തെക്കുറിച്ചു ശ്രവിച്ചു. കുഷ്ഠരോഗിയായിരുന്ന നാമാന്‍ സൗഖ്യം ലഭിക്കുന്നതിനു വേണ്ടി ഒരു ദാസിയുടെ അഭിപ്രായം സ്വീകരിക്കുകയും താന്‍ ശത്രുവായി കണ്ടിരുന്ന ഏലീഷാ പ്രവാചകന്‍ രോഗസൗഖ്യത്തിനായി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. സ്വയം എളിമപ്പെടുത്താന്‍ നാമാന്‍ സന്നദ്ധനാകുകയാണ് ഇവിടെ. ഏലീഷാ മറ്റൊന്നും ആവശ്യപ്പെടുന്നില്ല. ജോര്‍ദ്ദാന്‍ നദിയിലെ ജലത്തില്‍ മുങ്ങാന്‍ മാത്രമാണ് കല്പിക്കുന്നത്. ആ ഒരാവശ്യം നാമാനില്‍ അസ്വസ്ഥതയാണ് ഉളവാക്കുന്നത്. അതിനോട് എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്ര നിസ്സാരമായ ഒരു കാര്യമാണോ ദൈവം ആവശ്യപ്പെടുന്നത്? തിരിച്ചു പോകാനായിരുന്നു നാമാന്‍ തീരുമാനിച്ചത്, എന്നാല്‍ അവസാനം ജോര്‍ദ്ദാനില്‍ മുങ്ങുകയും സൗഖ്യം നേടുകയും ചെയ്യുന്നു.മറ്റാരുടെയുമെന്നതിനേക്കാള്‍ മറിയത്തിന്‍റെ ഹൃദയം വിനീതവും ദൈവിക ദാനങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധവുമാണ്. സ്വയം മനുഷ്യനായി അവതരിക്കുന്നതിന് ദൈവം തിരഞ്ഞെടുത്തത് നസ്രത്തിലെ ഒരു സാധാരണ യുവതിയായ അവളെയാണ്, അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും മണിമാളികയിലല്ല അവള്‍ ജീവിച്ചിരുന്നത്. അവള്‍ വലിയവലിയ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. ദൈവിക ദാനങ്ങള്‍ സ്വീകരിക്കാന്‍ നാം സന്നദ്ധരാണോ അതോ ലൗകികതയുടെയും ബൗദ്ധികതയുടെയും നമ്മുടെ പദ്ധതികളുടെയും സുരക്ഷിതത്വത്തില്‍ സ്വയം അടച്ചിടാനാണോ നാം ഇഷ്ടപ്പെടുന്നത് എന്ന് നമുക്കു സ്വയം ചോദിക്കാം.നാമാനും സമറിയാക്കാരനും വിജാതീയരായിരുന്നു എന്നത് ശ്രദ്ധേയമാണ്. എത്രയേറെ വിദേശികള്‍, ഭിന്ന മതസ്ഥര്‍ നാം പലപ്പോഴും മറന്നുകളയുകയൊ,അവഗണിക്കുകയൊ ചെയ്യുന്ന മൂല്യങ്ങളുടെ കാര്യത്തില്‍ നമുക്കു മാതൃകകളാകുന്നു. കര്‍ത്താവ് അഭിലഷിക്കുന്ന പാതയിലൂടെ ചരിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാന്‍ നമ്മുടെ ചാരെ വസിക്കുന്ന അവര്‍ക്ക്, പരദേശികളായതിനാല്‍ ഒരുപക്ഷെ, നിന്ദിതരും പാര്‍ശ്വവത്കൃതരുമായ അവര്‍ക്ക്, സാധിക്കും. ദൈവത്തിന്‍റെ അമ്മയും അവളുടെ കാന്തനായ യൗസേപ്പും സ്വദേശത്തു നിന്നുള്ള അകല്‍ച്ച അനുഭവിച്ചറിഞ്ഞവരാണ്. ദീര്‍ഘ നാളുകള്‍ അവള്‍ ബന്ധുമിത്രാദികളില്‍ നിന്നകലെ, ഈജിപ്തില്‍ വിദേശിയായി ജീവിച്ചു. എന്നാല്‍ സകലബുദ്ധിമുട്ടുകളെയും അതിജീവിക്കാന്‍ അവളുടെ വിശ്വാസം പ്രാപ്തമായിരുന്നു. ദൈവജനനിയുടെ ലളിതമായ ആ വിശ്വാസത്തെ നമുക്ക് മുറുകെപ്പിടിക്കാം; യേശുവിന്‍റെ പക്കലേക്കു തിരിച്ചു പോകുന്നതിനും അവിടത്തെ കാരുണ്യത്തിന്‍റെ നിരവധിയായ നന്മകള്‍ക്ക് നന്ദിയേകുന്നതിനും നമ്മെ സഹായിക്കുന്നതിന് നമുക്ക് പരിശുദ്ധകന്യകാമറിയത്തോട് അപേക്ഷിക്കാം.