News >> കാലാവസ്ഥമാറ്റത്തിന്‍റെ മൂലകാരണങ്ങള്‍ കണ്ടെത്തുക


Source: Vatican Radio

കാലാവസ്ഥമാറ്റത്തിന്‍റെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും, നൈതിക- ധാര്‍മ്മികപരങ്ങളായ വിലിയിരുത്തലുകളില്‍ ഒതുങ്ങിനില്‍ക്കാതെ, രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

അനുവര്‍ഷം ഒക്ടോബര്‍ 16 ന് ആചരിക്കപ്പെടുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ, റോം ആസ്ഥാനമായുള്ള, ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഒ (FAO)യുടെ മേധാവി ഹൊസെ ഗ്രത്സിയാനൊ ദ സില്‍വയ്ക്ക് വെള്ളിയാഴ്ച (14/10/16) അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ പ്രമേയവുമായി ബന്ധപ്പെടുത്തി കാലാവസ്ഥ മാറ്റത്തിനെതിരെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതികരിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്.

" കാലാവസ്ഥ മാറുന്നു. ആഹാരത്തിലും കൃഷിയിലും മാറ്റം സംഭവിക്കുന്നു" എന്നതാണ് ഇക്കൊല്ലത്തെ ലോക ഭക്ഷ്യദിനത്തിന്‍റെ വിചിന്തന പ്രമേയം.

കാലവസ്ഥ മാറ്റത്തിന്‍റെ കാരണം എന്തെന്ന് വ്യക്തിപരമായും സംഘാതമായും നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നുവെന്നും ഇവിടെ വിതണ്ഡാവാദത്തിന്‍റെ പിന്നാലെ പോകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ഭാവിതലമുറകളെക്കരുതി വേണ്ട തീരുമാനങ്ങല്‍ എടുക്കുന്നതില്‍ സഹകരിക്കുകയും പെരുമാറ്റ രീതികളുടെയും ജീവിതശൈലികളുടെയും കാര്യത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതിനെ പ്രോത്സാഹിപ്പിക്കുകയും നിരുത്സാഹപ്പെടുത്തേണ്ടതിനെ അപ്രകാരം ചെയ്യുകയും വേണമെന്ന് പാപ്പാ പറയുന്നു.കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗ്രാമവാസികളെയുംക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ അവര്‍ക്കാണ് കാലവസ്ഥമാറ്റത്തിന്‍റെ ദൂഷ്യഫലങ്ങള്‍ നേരിട്ടനുഭവപ്പെടുന്നതെന്നും കാലാവസ്ഥ മാറുന്നതോടെ അവരുടെ ജീവിതവും മാറുന്നുവെന്നും പറയുന്നു.

ഗ്രാമീണ സമൂഹങ്ങളുടെ ജ്ഞാനത്തില്‍ നിന്ന് നമുക്ക് ഉപഭോഗത്തിന്‍റെയും ലാഭേച്ഛയോടുകൂടി എന്തു വിലകൊടുത്തും ഉല്പാദനം നടത്തുന്നതിന്‍റെയും  യുക്തിയെ ചെറുക്കുന്നതിനു സഹായകമായ ഒരു ജീവിത ശൈലി പഠിക്കാന്‍ കഴിയുമെന്നും പാപ്പാ സമര്‍ത്ഥിക്കുന്നു.

വിശുക്കുന്നവന് ഭക്ഷണം ലഭ്യമാക്കുകുയം ഭക്ഷണം പാഴാക്കിക്കളയുന്നത് ഇല്ലാതാക്കുകയും ചെയ്യേ​ണ്ടതിന്‍റെ അനിവാര്യതയും ചൂണ്ടിക്കാട്ടുന്ന പാപ്പാ അല്ലാത്ത പക്ഷം ഭക്ഷ്യവിതരണ സംവിധാനം തത്ത്വത്തില്‍ മാത്രമായി ഒതുങ്ങുമെന്ന് വ്യക്തമാക്കുന്നു. ലോകത്തില്‍ സകലര്‍ക്കും ആവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയില്‍ എല്ലാവര്‍ക്കും അവ ലഭിക്കത്തക്കവിധം നീതിപൂര്‍വകമായ വിതരണം ഉറപ്പാക്കുന്നതിനുള്ള ഒരു മാറ്റത്തിന്‍റെതായ പ്രക്രിയയെക്കുറിച്ചു വിശദീകരിക്കുന്ന പാപ്പാ ഇവിടെ സകലരും,. അതായത്, രാഷ്ട്രീയ ഉത്തരവാദിത്വം പേറുന്നവരും ഭക്ഷ്യോത്പ്പാദകരും കര്‍ഷകരും മത്സ്യ കൃഷിക്കാരും തുടങ്ങിയ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു.