News >> കെണിയില്‍പ്പെടുന്ന കുട്ടികളെ മോചിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം
Source: Vatican Radioഒക്ടോബര്‍ 13-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രകാശനംചെയ്ത 2017-ാമാണ്ടിലേയ്ക്കുള്ള കുടിയേറ്റദിന സന്ദേശത്തിലാണ് കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിലുള്ള കുട്ടികളെ ക്ലേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആഗോളതലത്തില്‍ ജനുവരി 17-ാം തിയതിയാണ് കുടിയേറ്റദിനം ആചരിക്കുന്നത്.കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ചൂഷിതരാകുന്ന കുട്ടികളിലേയ്ക്ക്, പ്രത്യേകിച്ച് അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളിലേയ്ക്കാണ് ആഗോള കുടിയേറ്റദിന സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് ലോകശ്രദ്ധ ക്ഷണിക്കുന്നത്. ആഗോളകുടിയേറ്റ മേഖലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചൂഷകരുടെ കൈകളില്‍ വേശ്യവൃത്തി, അശ്ലീലം, ബാലവേല, സൈനികജോലി, ചാരപ്പണി, മയക്കുവരുന്ന കച്ചവടം, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രായത്തിന്‍റെ ഇളപ്പം, പരദേശവാസം, പ്രതിരോധശേഷിയില്ലായ്മ എന്നിങ്ങനെ മൂന്നുവിധത്തില്‍ നിസ്സഹായരായ കുട്ടികളെ തുണയ്ക്കേണ്ടത് അടിസ്ഥാന നീതിയും സമൂഹത്തിന്‍റെ ഉത്തരവാദിത്വവുമാണ്. വിവിധ കാരണങ്ങളാല്‍ സ്വന്തം നാടും വീടും വിട്ടിറങ്ങി പരദേശികളായി ജീവിക്കാന്‍ നിര്‍ബന്ധിതകാരുന്നവരോട് കരുണ കാണിക്കണമെന്ന് സന്ദേശത്തില്‍ ഉത്തരവാദിത്വപ്പെട്ടവരോട് പാപ്പാ ഫ്രാന്‍സിസ് അപേക്ഷിക്കുന്നു. "എന്‍റെ നാമത്തില്‍ ശിശുവിനെ സ്വീകരിക്കുന്നവര്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവര്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു" (മര്‍ക്കോസ് 9, 37). ഇതാണ് പാപ്പായുടെ സന്ദേശത്തിന്‍റ ആധാരവാക്യം. ഈ സുവിശേഷവാക്യത്തിലൂടെ ക്രിസ്തുവിന്‍റെ പ്രബോധനം ക്രൈസ്തവസമൂഹത്തെ വെല്ലുവിളിക്കുന്നു. ദൈവം ഒരു ശിശുവായി എളിമയിലും വിനീതഭാവത്തിലും ലോകത്ത് മനുഷ്യരുടെമദ്ധ്യേ അവതരിച്ചു. അങ്ങനെ ക്രിസ്തു ഭൂമിയില്‍ അവതീര്‍ണ്ണമായി. ദൈവം നമ്മില്‍ ഒരുവനായി. ദൈവത്തോടുള്ള തുറവാണ് നമ്മില്‍ പ്രത്യാശ വളര്‍ത്തുന്നത്.വിനീതരെയും എളിയവരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും, അവരെ നാം തുണയ്ക്കുകയും, അവര്‍ക്കു നീതി ലഭ്യമാക്കുകയും ചെയ്യുന്നത്, നമ്മിലും ലോകത്തും പ്രത്യാശ വളര്‍ത്തുന്ന യാഥാര്‍ത്ഥ്യമാണ്. കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവത്സരം നമ്മെ ഉദ്ബോധിപ്പിക്കുന്നതുപോലെ, ശാരീരികവും ആത്മീയവുമായി കാരുണ്യപ്രവൃത്തികളുടെ ഭാഗമാണ് ഉപവിയും വിശ്വാസവും, പ്രത്യാശയും. കരുണയുടെ ഉത്തരവാദിത്ത്വം അവഗണിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുവിശേഷകന്‍ താക്കീതു നല്‍കുന്നു, "ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും" (മത്തായി 18, 6). മനസ്സാക്ഷിയില്ലാത്തവര്‍ നിര്‍ലോഭം പ്രകടമാക്കുന്ന ചൂഷണവലയം കാണുമ്പോള്‍, എങ്ങനെ ഈ സുവിശേഷത്തിലെ താക്കീത് നമുക്ക് അവഗണിക്കാനാകും?ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സന്ദേശം പിന്നെയും തുടരുന്നു.