News >> ഇന്ന് പ്രേഷിതദൗത്യത്തിന്‍റെ സമയമാണ്, ധീരതയുടെ സമയമാണ്!
Source: Vatican Radioആഗോളസഭ പ്രേഷിതദിനം, മിഷന്‍ ഞായര്‍ ആചരിച്ച ഈ ഞായറാഴ്ച(23/10/16) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായിരുന്ന അമ്പതിനായിരത്തോളം വിശ്വാസികള്‍ പങ്കുകൊണ്ടു. നീലാംബരം മോലപ്പുചാര്‍ത്തിയ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നിന്നിരുന്നവരില്‍ ചിലര്‍ പലവര്‍ണ്ണ പതാകകളും മറ്റും ഏന്തിയിരുന്നു. ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവുജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ വിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകര്‍ കരഘോഷവും ആരവങ്ങളും വഴി അവരുടെ സന്തോഷവും ആദരവും പ്രകടിപ്പിച്ചു.ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്, പതിവുപോലെ, ഒരു ഹ്രസ്വ വിചിന്തനം നടത്തി.ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്ര ഭാഗങ്ങളില്‍ തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായത്തില്‍ പൗലോസ് അപ്പസ്തോലന്‍ താന്‍ ബലിയായ് അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുതിനേയും നന്നായി പൊരുതുകയും ഓട്ടം പൂര്‍ത്തിയാക്കുകയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിനേയുംകുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമായിരുന്നു പാപ്പായുടെ പരിചിന്തനത്തിനാധാരം.പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.ഇന്നത്തെ ആരാധനാക്രമത്തിലെ രണ്ടാം വായന നമ്മുടെ മുന്നില്‍ വയ്ക്കുന്നത് തന്‍റെ സഹകാരിയും വിശ്വാസത്തില്‍ പ്രിയപുത്രനുമായ തിമോത്തെയോസിന് പൗലോസ് അപ്പസ്തോലന്‍ നല്കുന്ന ഉപദേശമാണ്. തന്‍റെ ദൗത്യത്തിന് പൂര്‍ണ്ണമായും സമര്‍പ്പിതനായ അപ്പസ്തോലന്‍ എന്ന നിലയിലുള്ള സ്വന്തം അസ്തിത്വത്തെക്കുറിച്ച് പൗലോസപ്പസ്തോലന്‍ അതില്‍ അനുസ്മരിക്കുന്നു. തന്‍റെ ഐഹികയാത്രയുടെ അന്ത്യം ആസന്നമായിരിക്കുന്നുവെന്നു മനസ്സിലാക്കിയ അപ്പസ്തോലന്‍ മൂന്നു കാലങ്ങളുമായി, അതായത് വര്‍ത്തമാന ഭൂത ഭാവികാലങ്ങളുമായി ബന്ധപ്പെടുത്തി അത് വിശദീകരിക്കുന്നു.വര്‍ത്തമാനകാലത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നത് യാഗം ദൃഷ്ടാന്തമാക്കിയാണ്. അപ്പസ്തോലന്‍ പറയുന്നു: "ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു". (വാക്യം 6) ഭൂതകാലത്തെ സംബന്ധിച്ചാണെങ്കില്‍, സ്വന്തം ദൗത്യത്തിനും ഉത്തരവാദിത്വത്തിനും അനുയോജ്യമായി ഒരു മനുഷ്യന്‍ നടത്തിയ "നല്ല പോരാട്ടം", "ഓട്ടം" എന്നിവ ദൃഷ്ടാന്തമാക്കിയാണ് പൗലോസ് ശ്ലീഹാ തന്‍റെ കഴിഞ്ഞകാല ജീവിതത്തെ അവതരിപ്പിക്കുന്നത്. അതിന്‍റെ അനന്തരഫലമായി ഭാവിയാകട്ടെ നീതിമാനായ ദൈവം പ്രതിഫലം നല്കുമെന്നുള്ള വിശ്വാസത്തിലാണ്. പൗലോസിന്‍റെ ദൗത്യം ഫലദായകവും നീതിപൂര്‍വ്വകവും വിശ്വസ്തവുംമായി ഭവിച്ചു. കര്‍ത്താവിന്‍റെ സാമീപ്യവും ശക്തിയുമായിരുന്നു അതിനു കാരണം. " കര്‍ത്താവ് എന്‍റെ ഭാഗത്തുണ്ടായിരുന്നു, എല്ലാവിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടന്ന് എനിക്കു നല്കി" (വാക്യം 17)വിശുദ്ധ പൗലോസിന്‍റെ ഈ ആത്മകഥാകഥനത്തില്‍, ഇന്ന്, പ്രത്യേകിച്ച്, "പ്രേഷിത സഭ, കാരുണ്യത്തിന്‍റെ സാക്ഷി" എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ലോക പ്രേഷിത ദിനത്തില്‍ സഭ പ്രതിഫലിക്കുന്നു. കര്‍ത്താവിന്‍റെ സാന്നിധ്യമാണ് പ്രേഷിതപ്രവര്‍ത്തനത്തേയും സുവിശേഷവത്ക്കരണ യത്നങ്ങളേയും ഫലദായകമാക്കിത്തീര്‍ക്കുകയെന്ന ബോധ്യമുള്ള ക്രൈസ്തവസമൂഹം പൗലോസില്‍ അനുകരണീയ മാതൃക ദര്‍ശിക്കുന്നു. വിജാതീയരുടെ അപ്പസ്തോലന്‍റെ അനുഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഒരുവശത്ത്, പരാജയത്തിനു മുന്നില്‍പ്പോലും തളാരത്ത ഒരു കായികതാരത്തിന്‍റെ ത്യാഗാരൂപിയോടുകൂടി, നമ്മുടെ ശക്തിയെ ആശ്രയിച്ചരിക്കുന്നു ഫലങ്ങള്‍ എന്നു കരുതിവേണം അജപാലന പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതെന്നും, മറുവശത്താകട്ടെ, നമ്മുടെ ദൗത്യത്തിന്‍റെ യഥാര്‍ത്ഥവിജയം കൃപാദാനമാണെന്ന, അതായത്, ലോകത്തില്‍ സഭയുടെ ദൗത്യത്തെ ഫലദായകമാക്കിത്തീര്‍ക്കുന്നത് പരിശുദ്ധാരൂപിയാണെന്ന ബോധ്യത്തോടുകൂടിവേണം എന്നുമാണ്.ഇന്ന് പ്രേഷിതദൗത്യത്തിന്‍റെ സമയമാണ്, ധീരതയുടെ സമയമാണ്! ഇടറുന്ന കാലടികളെ വീണ്ടും ശക്തിപ്പെടുത്തുകയും, സുവിശേഷത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതിനുള്ള ശ്രമം പുനരാരംഭിക്കുകയും, പ്രേഷിത ദൗത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയിലുള്ള വിശ്വാസം വീണ്ടും ആര്‍ജ്ജിക്കുകയും ചെയ്യുന്നതിനുള്ള ധീരതയാണിത്. ധൈര്യം ഉണ്ടായിരിക്കുക എന്നത് വിജയത്തിന്‍റെ അച്ചാരമല്ല. പോരാടുന്നതിനുള്ള ധൈര്യമാണ് അല്ലാതെ വിജയിക്കുന്നതിനു വേണ്ട ധൈര്യമല്ല, പ്രഘോഷിക്കുന്നതിനുള്ള ധൈര്യമാണ് അല്ലാതെ മതപരിവര്‍ത്തനം നടത്താനുള്ള ധൈര്യമല്ല നമ്മോട് ആവശ്യപ്പെടുന്നത്. അക്രമകാരികളോ, വിവാദികളോ ആകാതെ ലോകത്തില്‍ വ്യതിരിക്തരായിരിക്കാനുള്ള ധൈര്യം നമ്മില്‍ നിന്നാവശ്യപ്പെടുന്നു. സകലരുടേയും ഏക രക്ഷകനായ ക്രിസ്തുവിന്‍റെ അപരിമേയതയും അദ്വീതീയതയും ഒട്ടും കുറയ്ക്കാതെതന്നെ സകലര്‍ക്കുമായി സ്വയം തുറന്നിടാനുള്ള ധൈര്യം നമ്മില്‍ നിന്നാവശ്യപ്പെടുന്നു. ഉദ്ധതരാകാതെതന്നെ അവിശ്വാസത്തെ ചെറുക്കുന്നവരാകാനുള്ള ധീരതയുള്ളവരായിരിക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. ഇന്നത്തെ സുവിശേഷഭാഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന എളിമയുള്ളവനായിരുന്നതിനാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട് " ദൈവമേ, പാപിയായ എന്നില്‍ കനിയേണമേ എന്നു പ്രാര്‍ത്ഥിച്ച ചുങ്കക്കാരന്‍റെ ധൈര്യമാണ് നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. ഇന്ന് ധീരതയുടെ സമയമാണ്! ഇന്ന് ധൈര്യം ആവശ്യമായിരിക്കുന്നു. "ബഹിര്‍ഗ്ഗമിക്കുന്ന" സഭയുടെ മാതൃകയും പരിശുദ്ധാരൂപിക്ക് വിധേയയുമായ പരിശുദ്ധ കന്യകാമറിയം, നമുക്കെല്ലാവര്‍ക്കും നമ്മുടെ മാമ്മോദീസായുടെ ശക്തിയാല്‍ മാനവകുടുംബത്തിനു മുഴുവന്‍ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ കഴിയുന്ന പ്രേഷിതശിഷ്യരാകാന്‍ സാധിക്കുന്നതിന് നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ഇറാക്കില്‍ യാതനകളനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചു: നാടകീയമായ ഈ മണിക്കൂറുകളില്‍ ഇറാക്കിലെ മുഴുവന്‍ ജനങ്ങളുടെയും, വിശിഷ്യ, മൊസൂള്‍ നഗരത്തിലെ നിവാസികളുടെ ചാരെ താന്‍ സന്നിഹിതനാണെന്നു പാപ്പാ വെളിപ്പെടുത്തി. മുസ്ലീങ്ങളോ ക്രൈസ്തവരോ, ഇതര മതവര്‍ഗ്ഗങ്ങളില്‍പ്പെട്ടവരോ ആയിക്കൊള്ളട്ടെ എല്ലാ നിരപരാധികളുടെയും നേര്‍ക്ക് അനേകനാളുകളായി തുടരുന്ന പൈശാചികാക്രമണങ്ങള്‍ നമ്മുടെ മനസ്സുകളില്‍ ആഘാതമേല്പിക്കുന്നുവെന്നും പ്രിയപ്പെട്ട അന്നാടിന്‍റെ അനേകം മക്കള്‍ കുരുതികഴിക്കപ്പെട്ടുവെന്ന വാര്‍ത്ത തന്നെ ദുഃഖത്തിലാഴ്ത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ഐക്യദാര്‍ഢ്യത്തിന്‍റെ വാക്കുകള്‍ക്കൊപ്പം എല്ലാവരേയും താന്‍ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നുവെന്ന ഉറപ്പും പാപ്പാ നല്കി. കഠിനമായ പ്രഹരമേറ്റിട്ടുള്ള ഇറാക്കിന് സുരക്ഷിതത്വത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും സമാധാനത്തിന്‍റേയുമായ ഒരു ഭാവി ലക്ഷ്യം വച്ച് മുന്നേറാമെന്ന ശക്തവും സുദൃഢവുമായ പ്രത്യാശ പുലര്‍ത്താന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പാ തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന തന്നോടൊന്നു ചേര്‍ന്നു ചൊല്ലാന്‍ എല്ലാവരേയും ക്ഷണിച്ചു.ഈ മരിയന്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതാരായിരുന്ന ഇറ്റിലക്കാരേയും ഭിന്ന രാജ്യക്കാരായ തീര്‍ത്ഥാടകരേയും പ്രത്യേകം അഭിവാദ്യം ചെയ്തു.പോളണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ ആയിരത്തിയമ്പതാം വാര്‍ഷികം സ്വദേശത്തും റോമിലും ആഘോഷിക്കുന്ന അന്നാട്ടുകാര്‍ക്ക് പാപ്പാ തന്‍റെ ആശംസകള്‍ നേര്‍ന്നു.കരുണയുടെ ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി റോമില്‍ സമ്മേളിച്ചിരിക്കുന്ന ഇറ്റലിയിലെ ദേവാലയഗായകസംഘങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും ശുഭഞായറും ഉച്ചവിരുന്നും നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.