News >> സംഭാഷണം: ആദരവിന്‍റെ അടയാളവും ഉപവിയുടെ ആവിഷ്ക്കാരവും


Source: Vatican Radio

സംഭാഷണം വലിയ ആദരവിന്‍റെ അടയാളവും ഉപവിയുടെ ആവിഷ്ക്കാരവുമെന്ന് മാര്‍പ്പാപ്പാ.

കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിവത്സരത്തില്‍ മാസത്തിലെ ഒരു ശനിയാഴ്ച ജൂബിലികൂടിക്കാഴ്ച അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയാഴ്ച (22/10/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധരാജ്യാക്കാരായ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരേയും സന്ദര്‍ശകരേയും സംബോധന ചെയ്യുകയായിരുന്നു.

ഇറ്റലിയില്‍ ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, കരുണയുടെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ സമ്മേളിച്ചിരിക്കുന്ന ദേവാലയഗായകസംഘങ്ങള്‍ സംഗീതസംവിധായകര്‍ തിരുക്കര്‍മ്മസഹായികള്‍ തുടങ്ങിയവര്‍ ഈ കുടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു.

കിണറില്‍ നിന്ന് വെള്ളം കോരാനെത്തിയ സമറിയാക്കാരിയോടു യേശു കുടിക്കാന്‍ വെള്ളം ചോദിക്കുന്നതും അതിനെതുടര്‍ന്ന് ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണവും അടങ്ങിയ സുവിശേഷഭാഗം, യോഹന്നാന്‍റെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ നിന്ന് ഈ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ വായിക്കപ്പെട്ടതിനാല്‍ ആ സംഭാഷണമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പരസ്പരം അറിയാനും സംവദിക്കുന്നവരുടെ ആവശ്യങ്ങള്‍ പര്സപരം മനസ്സിലാക്കാനും സംഭാഷണം സഹായിക്കുന്നുവെന്നും അത് ശ്രവണത്തിന്‍റെ  മനോഭാവവും നല്ലമാനങ്ങള്‍ മനസ്സിലാക്കുനള്ള സന്നദ്ധതയും ഉള്‍ക്കൊള്ളുന്നതിനാല്‍ വലിയ ആദരവിന്‍റെ അടയാളമാണെന്നും അതുപോലെതന്നെ വ്യതിരിക്തത നിലനിറുത്തിക്കൊണ്ടുതന്നെ പൊതു നന്മ അന്വേഷിക്കാനും പങ്കുവയ്ക്കാനും സംഭാഷണം സഹായിക്കുന്നതിനാല്‍ അത് ഉപവിയുടെ ആവിഷ്ക്കാരവുമാണെന്നും പാപ്പാ വിശദീകരിച്ചു.

ബന്ധങ്ങളെ മാനവീകരിക്കാനും തെറ്റിദ്ധാരണകളെ ഇല്ലായ്മചെയ്യാനും സംഭാഷണം വ്യക്തികളെ സഹായിക്കുന്നുവെന്നും അത് പിളര്‍പ്പിന്‍റേയും മുന്‍വിധികളുടേയും മതിലുകളെ തകര്‍ക്കുകയും വിനിമയത്തിന്‍റെ സേതുബന്ധം തീര്‍ക്കുകയും ചെയ്യുന്നുവെന്നും സ്വന്തം ലോകത്തില്‍ ഒറ്റപ്പെടാന്‍ ആരേയും അനുവദിക്കുന്നില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ തിരുന്നാള്‍ ഈ ശനിയാഴ്ച, അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ ദിനമായ ഒക്ടോബര്‍ 22 ന്, ആകയാല്‍ ഫ്രാന്‍സീസ് പാപ്പാ ഈ കൂടിക്കാഴ്ചാവേളയില്‍ പോളിഷ് ഭാഷാക്കാരെ സംബോധനചെയ്യവേ,  വിശുദ്ധ രണ്ടാം ജോണ്‍ പോള്‍മാര്‍പ്പാപ്പാ 38 വര്‍ഷം  മുമ്പ് സ്ഥാനാരോഹണ വേളയില്‍ ലോകമെമ്പാടുമുള്ള ​എല്ലാവര്‍ക്കുമായി നല്കിയ പ്രചോദനദായക വചസ്സുകള്‍ ആവര്‍ത്തിച്ചു: നിങ്ങള്‍ ഭയപ്പെടരുത്, ക്രിസ്തുവിനായി വാതില്‍ തുറന്നിടൂ, മലര്‍ക്കെ തുറക്കൂ. ഈ ക്ഷണം ലോകത്തിനും മനുഷ്യനും വേണ്ടിയുള്ള കാരുണ്യത്തിന്‍റെ സുവിശേഷത്തിന്‍റെ അവിരാമ പ്രഘോഷണമായി ഭവിച്ചുവെന്നും അതിന്‍റെ തുടര്‍ച്ചയാണ് കരുണയുടെ ഈ ജൂബിലിവര്‍ഷമെന്നും പാപ്പാ പറഞ്ഞു.