News >> ഐക്യത്തിനു വേണ്ടത് എളിമയും സൗമ്യതയും മഹാമനസ്കതയും
Source: Vatican Radioസഭയില്‍ ഐക്യം നിലനിറുത്തുന്നതിനാവശ്യം എളിമയും സൗമ്യതയും മഹാമനസ്കതയും എന്ന് പാപ്പാ.വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(21/10/16) പ്രത്യൂഷ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, എഫേസോസുകാര്‍ക്കുള്ള ലേഖനം നാലാം അദ്ധ്യായം ഒന്നു മുതല്‍ 6 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി പങ്കുവച്ച ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ മൂന്നു കാര്യങ്ങളുടെ ആവശ്യകത എടുത്തുകാട്ടിയത്.ദുഷ്ടാരൂപി വിതയ്ക്കുന്നത് സദാ പോരാട്ടമാണെന്നും അസൂയയും സംഘര്‍ഷങ്ങളും ജല്പനങ്ങളും സമാധാനത്തെ ഇല്ലായ്മചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ നമുക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കണമെന്ന എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലെ ആഹ്വാനം ആവര്‍ത്തിച്ചു.സമാധാനം ഇല്ലാത്തപക്ഷം, ആ പദത്തിന്‍റെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യാന്‍ നമുക്ക് സാധിക്കാത്ത പക്ഷം, സമാധാനത്തോടു തുറവുള്ള ഒരു ഹൃദയം നമുക്കില്ലെങ്കില്‍ ഐക്യം ഒരിക്കലും സാധ്യമാകില്ല എന്നും പാപ്പാ പറഞ്ഞു.സൗമ്യമായി സംസാരിക്കാനുള്ള കഴിവ് നാം വിസ്മരിക്കുകയും ആക്രോശം നമ്മുടെ സംസാരശൈലിയാക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വിനയത്തോടും ശാന്തതയോടും ക്ഷമയോടും സ്നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍ എന്ന എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലെ ആഹ്വാനം അനുസ്മരിക്കുകയും ചെയ്തു.