News >> സിറിയയുടെ സമാധാനത്തിനായി അടിയന്തിര നടപടികള്‍ക്കാഹ്വാനം


Source: Vatican Radio

ആറു വര്‍ഷത്തോളമായി സിറിയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന്‍റെ ഫലമായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സങ്കീര്‍ണ്ണാവസ്ഥ നയതന്ത്രതലസംഭാഷണത്തിലൂടെ പ്രശ്നപരിഹൃതിക്ക് അടിയന്തിരമായി ശ്രമിക്കുന്നതിന് ഒരു പ്രതിബന്ധമായി അന്താരാഷ്ട്രസമൂഹം കാണരുതെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

സ്വിറ്റസര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനും ജനീവയിലുള്ള ഇതര അന്താരാഷ്ട്ര സംഘടനകളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിയുമായ അദ്ദേഹം സിറിയയിലെ മനുഷ്യാവകാശ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയുടെ ഇരുപത്തിയഞ്ചാം പ്രത്യേകയോഗത്തില്‍ വെള്ളിയാഴ്ച (21/10/16) സംസാരിക്കുകയായിരുന്നു.

സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അന്നാട്ടിലെ ജനങ്ങളുടെ ജീവിതാവസ്ഥ ദുരന്തപൂര്‍ണ്ണമാക്കിയിരിക്കയാണെന്നും ജീവന്‍ നിലനിറുത്തുന്നതിനാവശ്യമായ ഭക്ഷ​ണം ജലം ഔഷധം തുടങ്ങിയവ ജനങ്ങള്‍ക്ക് കിട്ടാത്ത ഒരവസ്ഥയാണ് അവിടെ ഉള്ളതെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് അനുസ്മരിച്ചു.

ആകയാല്‍ ഉടന്‍ വെടി നിറുത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരോടുള്ള അഭ്യര്‍ത്ഥന അദ്ദേഹം നവീകരിക്കുകയും ചെയ്തു.