News >> കൊബ്രെയിലെ കന്യകാംബികയ്ക്ക് പാപ്പായുടെ പുഷ്പാജ്ഞലി
1606-ല്‍ ക്യൂബന്‍ കടലിടുക്കിന്‍ മീന്‍പിടുത്തക്കാര്‍ കണ്ടെടുത്ത കന്യകാനാഥയുടെ അത്ഭുതസ്വരൂപമാണ് 'കൊബ്രെയിലെ ഉപവിയുടെ കന്യകാനാഥ' എന്ന അപരനാമത്തില്‍ പിന്നീട് ക്യൂബയില്‍ അറിയപ്പെടുന്നത്. പരിശുദ്ധ കന്യകാനാഥയോടുള്ള ക്യൂബന്‍ ജനതയുടെ ഭക്തി ചരിത്രഘട്ടങ്ങളിലൂടെ വളര്‍ന്ന് 'കൊബ്രെയിലെ കന്യകനാഥ' എന്ന നാമത്തില്‍ പ്രശസ്തിയാര്‍ജ്ജിക്കുകയും, രാഷ്ട്രത്തിന്‍റെ മദ്ധ്യസ്ഥയായി മാറുകയും ചെയ്തു.1801-ല്‍ എല്‍ കൊബ്രെയിലെ ഖനികളില്‍ അടിമകളായിരുന്ന ജനങ്ങളുടെ വിമോചനത്തിന്‍റെ കഥയുമായി കോര്‍ത്തിണക്കിയപ്പോഴാണ് പരിശുദ്ധ കന്യകാനാഥയോടുള്ള ഭക്തിക്ക് കൊബ്രെയിലെ കന്യകാനാഥ എന്ന സംജ്ഞാനാമം ലഭിക്കുന്നത്.സെപ്റ്റംബര്‍ 21-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം രാവിലെ 7.45-ന് സാന്തിയാഗോ നഗരത്തിലുള്ള പുരാതനമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്നിറങ്ങിയ പാപ്പാ ഫ്രാന്‍സിസ്, ദേവാലയ പരിസരത്തും അകത്തും സന്നിഹിതരായ വിശ്വാസസമൂഹത്തെ അഭിവാദ്യംചെയ്തു. പിന്നെ പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ മുട്ടുകുത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പാര്‍ശ്വത്തിലുള്ള കന്യകാനാഥയുടെ അള്‍ത്താരയിലേയ്ക്കു നീങ്ങിയ പാപ്പാ, ഏറെ അലംകൃതവും, ശുഭ്രവസ്ത്ര കിരീടധാരിണിയുമായ കന്യകാനാഥയുടെ തിരുസ്വരൂപം വണങ്ങി. എന്നിട്ട് ഇങ്ങനെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു - "അങ്ങേ സ്നേഹത്തില്‍ അപ്പസ്തോല കൂട്ടായ്മയെയും ആദിമ സഭയെയും നയിച്ച ഉപവിയുടെ അമ്മേ, അങ്ങയുടെ തിരുക്കുമാരന്‍ പഠിപ്പിച്ച സ്നേഹത്തിന്‍റെ സാക്ഷികളായി ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ....."വത്തിക്കാനില്‍നിന്നും തയ്യാറാക്കിക്കൊണ്ടുവന്നിരുന്ന പൂച്ചെണ്ട് പാപ്പാ കന്യകാനാഥയ്ക്ക് ആദരവോടെ സമര്‍പ്പിച്ചു. Source: Vatican Radio