News >> യൂറോപ്പിലെ പൗരസ്ത്യ സഭകള്‍ ഫാത്തിമയില്‍ സംഗമിക്കുന്നു


കഴിഞ്ഞ രണ്ടു ദശകങ്ങളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തലപൊക്കിയ സ്വേച്ഛാഭരണത്തിന്‍ കീഴിലും അഭ്യന്തര കലാപങ്ങളുടെ കെടുതികളിലും വളര്‍ച്ച മുറ്റിയും, മുരടിച്ചും കഴിയുന്ന സ്വയം ഭരണാധികാരവും, റോമുമായി സമ്പൂര്‍ണ്ണ ഐക്യവുമുള്ള യൂറോപ്പിലെ 24 പൗരസ്ത്യ കത്തോലിക്ക സഭകളുടെ പ്രതിനിധികളാണ് ഫാത്തിമയില്‍ സംഗമിക്കുന്നത്. പൗരസ്ത്യ കത്തോലക്ക സഭകള്‍ യൂറോപ്പില്‍ നേരിടുന്ന അജപാലന വെല്ലുവിളികള്‍, എന്ന പ്രമേയം പഠനവിഷയമാക്കുന്ന സമ്മേളനത്തില്‍ വത്തിക്കാന്‍റെ പൗസ്ത്യ സഭാ കാര്യങ്ങള്‍ക്കായുള്ള സംഘത്തിലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി അദ്ധ്യക്ഷ്യംവഹിക്കും. ബൈസന്‍റൈന്‍, അര്‍മേനിയന്‍, മാരൊനൈറ്റ്, ഗ്രീക്ക്, കാല്‍ഡിയന്‍, മെല്‍ക്കൈറ്റ്, ഉക്രേനിയന്‍, സ്ലൊവേനിയന്‍, റുതേനിയന്‍, റൊമേനിയന്‍, സീറിയന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പൗരസ്ത്യ കത്തോലിക്കാ കൂട്ടായ്മകളുടെ പ്രതിനിധികളാണ് മൂന്നു ദിവസം ഫാത്തിമയില്‍ സംഗമിക്കുന്നത്. ലിസ്ബണിലെ പാത്രിയര്‍ക്കിസും, പോര്‍ച്ചുഗിലിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാനുവല്‍ ക്ലെമേന്തയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പൗരസ്ത്യ-കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഫാത്തിമയില്‍ സംഗമിക്കുന്നത്. ഉക്രേനിയന്‍ ഗ്രീക്ക് സഭയുടെ തലവന്‍, ആര്‍ച്ചുബിഷപ്പ് സ്വിയാത്സാവ് ഷെവ്ചൂക്, ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും ജനോവാ അതിരൂപത അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്ക്കോ, വത്തിക്കാന്‍റെ പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും